Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരുതി സുസുക്കിയുടെ എൽ സി വി വരുന്നു

maruti-suzuki-lcv

വാണിജ്യ വാഹന വിഭാഗത്തിലേക്കു പ്രവേശിക്കാനുള്ള മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ തയാറെടുപ്പ് അന്തിമഘട്ടത്തിലെത്തി. ലഘുവാണിജ്യ വാഹന(എൽ സി വി)മായ ‘സൂപ്പർ കാരി ടർബോ’യുമായിട്ടാവും ഈ വിഭാഗത്തിൽ മാരുതി സുസുക്കിയുടെ അരങ്ങേറ്റം. ‘വൈ നയൻ ടി’ എന്ന കോഡ് നാമത്തിൽ വികസിപ്പിച്ച എൽ സി വി ചില ഡീലർഷിപ്പുകളുടെ സ്റ്റോക്ക് യാർഡോളം എത്തിക്കഴിഞ്ഞെന്നാണു സൂചന.

എതിരാളികളോടു സാമ്യമുള്ള രൂപത്തോടെയാണു മാരുതി സുസുക്കിയുടെ ‘സൂപ്പർ കാരി ടർബോ’യുടെ വരവ്. എൺപതുകളിൽ ജപ്പാൻ നിരത്തുകളിലുണ്ടായിരുന്ന വാണിജ്യ വാഹനമായ ‘കാരി’യുടെ സ്മരണ നിലനിർത്തിയാണു കമ്പനി ഇന്ത്യയിലെ എൽ സി വിഭാഗത്തിൽ പ്രവേശിക്കുന്നത്. യഥാർഥ ‘കാരി’യുടെ ഏഴാം തലമുറയായിരുന്നു 1984ൽ ‘ഓമ്നി’യെന്ന പേരിൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്.

പുതിയ എൽ സി വിക്കു കരുത്തേകുക ഡീസൽ ‘സെലേറിയൊ’യിലൂടെ നിരത്തിലെത്തിയ ഡി ഡി ഐ എസ് 125 ഡീസൽ എൻജിനാവുമെന്നാണു പ്രതീക്ഷ. 3,500 ആർ പി എമ്മിൽ 47 ബി എച്ച് പി കരുത്തും 2,000 ആർ പി എമ്മിൽ 125 എൻ എം ടോർക്കുമാവും ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാവും ട്രാൻസ്മിഷൻ.

പിന്നാലെ നോൺ ടർബോ എൻജിൻ കരുത്തേകുന്ന എൽ സി വിയും വിൽപ്പനയ്ക്കെത്തിക്കാൻ മാരുതി സുസുക്കിക്കു പദ്ധതിയുണ്ട്. വാനായ മാരുതി സുസുക്കി ‘ഈകോ’യ്ക്കു കരുത്തേകുന്ന എൻജിനാവും ഈ എൽ സി വിയിൽ ഇടംപിടിക്കുക; എന്നാൽ ടർബോ വകഭേദത്തെ അപേക്ഷിച്ചു കൂടുതൽ കരുത്തും ഈ എൻജിനാവും. പെട്രോളിനു പുറമെ സമ്മർദിത പ്രകൃതി വാതക(സി എൻ ജി)വും ഇന്ധനമാക്കാവുന്ന 1.2 ലീറ്റർ എൻജിനൊപ്പം നാലു സ്പീഡ് മാനുവൽ ഗീയർബോക്സാവും ട്രാൻസ്മിഷൻ.

ഒന്നര ടൺ ഭാരവാഹകശേഷിയുള്ള എൽ സി വികൾക്കൊപ്പം ഇടംപിടിക്കുമെന്നു കരുതുന്ന ‘സൂപ്പർ കാരി ടർബോ’യ്ക്ക് ഇന്ത്യയിൽ ടാറ്റ മോട്ടോഴ്സിന്റെ ‘എയ്സും’ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ‘മാക്സിമോ’യുമൊക്കെയാവും എതിരാളികൾ. അരങ്ങേറ്റം അടുത്തെത്തിയിട്ടും ‘സൂപ്പർ കാരി’യുടെ വില സംബന്ധിച്ച സൂചനകളൊന്നും മാരുതി സുസുക്കി നൽകിയിട്ടില്ല.