Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുത്തൻ ‘സ്വിഫ്റ്റ് ഡിസയർ’ എത്തുന്നു

New Swift Dzire

ഗുജറാത്തിലെ മെഹ്സാനയിൽ സുസുക്കി മോട്ടോർ കോർപറേഷൻ സ്ഥാപിക്കുന്ന പുതിയ നിർമാണശാലയിൽ നിന്നു പുറത്തെത്തുന്ന രണ്ടാമത്തെ മോഡൽ പുതിയ ‘സ്വിഫ്റ്റ് ഡിസയർ’ ആവുമെന്നു സൂചന. 2018ൽ അരങ്ങേറ്റം കുറിക്കാൻ ലക്ഷ്യമിട്ടാണു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ്  ഐ എൽ) ജനപ്രിയ കോംപാക്ട് സെഡാനായ ‘സ്വിഫ്റ്റ് ഡിസയറി’ന്റെ പുതിയ പതിപ്പ് വികസിപ്പിക്കുന്നത്. അടുത്ത വർഷം ജനുവരി — ഫെബ്രുവരിക്കുള്ളിൽ ഗുജറാത്ത് ശാല പ്രവർത്തനക്ഷമമാവുമെന്നാണു മാരുതി സുസുക്കിയുടെ പ്രതീക്ഷ. തുടർന്നു പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യുടെ നിർമാണം ഈ ശാലയിലേക്കു മാറും. തുടക്കത്തിൽ 85,000 യൂണിറ്റാവും ശാലയുടെ വാർഷിക ഉൽപ്പാദനശേഷി; ഇതിൽ 50% ഡീസൽ മോഡലുകളും ബാക്കി പെട്രോൾ എൻജിനുള്ള ‘ബലേനൊ’യുമാവുമെന്നാണു പ്രതീക്ഷ.

ഹാച്ച്ബാക്കായ ‘സ്വിഫ്റ്റി’ന്റെയും സെഡാനായ ‘സ്വിഫ്റ്റ് ഡിസയറി’ന്റെയും പുതുതലമുറ മോഡലുകൾക്ക് പുതിയ പ്ലാറ്റ്ഫോമിലാണു യാഥാർഥ്യമാവുന്നത്. നിലവിൽ ‘ബലേനൊ’യ്ക്ക് അടിത്തറയാവുന്ന പ്ലാറ്റ്ഫോം ആധാരമാക്കിയുള്ള പുതിയ ‘സ്വിഫ്റ്റ്’മിക്കവാറും അടുത്ത വർഷം തന്നെ നിരത്തിലെത്തും. പുതിയ പ്ലാറ്റ്ഫോം കൈവരുന്നതോടെ ‘സ്വിഫ്റ്റി’ന്റെ ഭാരം 50 — 80 കിലോഗ്രാം കുറയുമത്രെ; ഇതോടെ കാറിന്റെ പ്രകടനത്തിലും ഇന്ധനക്ഷമതയിലുമൊക്കെ പ്രകടമായ മാറ്റത്തിനും സാധ്യതയേറെയാണ്.കൂടാതെ പുതിയ തലമുറ ‘സ്വിഫ്റ്റി’നും ‘സ്വിഫ്റ്റ് ഡിസയറി’നുമൊക്കെയുള്ള പുത്തൻ ഡീസൽ എൻജിനുകളും സുസുക്കി വികസിപ്പിക്കുന്നുണ്ട്. പെട്രോൾ വിഭാഗത്തിൽ ഒരു ലീറ്റർ ബൂസ്റ്റർജെറ്റ് ടർബോ എൻജിന്റെ കരുത്തോടെയും ഇരു മോഡലുകളും മാരുതി സുസുക്കി അവതരിപ്പിച്ചേക്കും.

പരിഷ്കരിച്ച ‘സ്വിഫ്റ്റി’ലും ‘സ്വിഫ്റ്റ് ഡിസയറി’ലും ഇപ്പോൾ കാണുന്ന രൂപകൽപ്പനാ ശൈലിയിലെ പൊളിച്ചെഴുത്തിനും മാരുതി സുസുക്കി മുതിർന്നേക്കും; ആംഗുലർ ലൈനുകളിൽ അധിഷ്ഠിതമായ പുത്തൻ ശൈലിയാണു പരിഗണനയിലുള്ളത്. എക്സൈസ് ഡ്യൂട്ടി നിരക്കിലെ ഇളവുകൾ പ്രയോജനപ്പെടുത്തി വില മത്സരക്ഷമമാക്കാനായി ഇരു മോഡലുകളുടെയും നീളം നാലു മീറ്ററിൽ താഴെയായി തുടരുമെന്ന് ഇറപ്പാണ്. നിലവിൽ വിപണിയിലുള്ള ഹോണ്ട ‘അമെയ്സി’നും ഫോഡ് ‘ഫിഗൊ ആസ്പയറി’നും പുറമെ ഫോക്സ്വാഗൻ ‘അമിയൊ’യും ‘ടിയാഗൊ’  അടിസ്ഥാനമാക്കി ടാറ്റ മോട്ടോഴ്സ് പുറത്തിറക്കുന്ന സെഡാനുമൊക്കെ എത്തുന്നതോടെ ‘സ്വിഫ്റ്റ് ഡിസയറി’നു മത്സരത്തിനു കുറവുണ്ടാവില്ല.

Your Rating: