Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്തിൽ സുസുക്കിയുടെ വ്യവസായ പരിശീലന കേന്ദ്രം

maruti-suzuki-logo

ഗുജറാത്തിൽ വ്യവസായ പരിശീലന കേന്ദ്രം സ്ഥാപിക്കാൻ ജാപ്പനീസ് വാഹന നിർമാതാക്കളായ സുസുക്കി മോട്ടോർ കോർപറേഷനു പദ്ധതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജപ്പാൻ സന്ദർശന വേളയിൽ കഴിഞ്ഞ 11ന് ഒപ്പിട്ട ‘മാനുഫാക്ചറിങ് സ്കിൽ ട്രാൻസ്ഫർ പ്രമോഷൻ പ്രോഗ്രാമി’ന്റെ ഭാഗമായാണ് ഇന്ത്യയുടെ നിർമാണ മേഖലയിലെ മാനവശേഷി വിഭവ വികസനം ലക്ഷ്യമിട്ടു സുസുക്കി പുതിയ കേന്ദ്രം ആരംഭിക്കുക. സുസുക്കിയുടെ ഇന്ത്യൻ ഉപസ്ഥാപനമായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡാവും പുതിയ കേന്ദ്രം സ്ഥാപിച്ചു പ്രവർത്തിപ്പിക്കുക.

‘ജപ്പാൻ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനുഫാക്ചറിങ്’ (ജെ ഐ എം) പദ്ധതിയിൽപെടുത്തി ഗുജറാത്തിലെ മെഹ്സാന ജില്ലയിൽ ആരംഭിക്കുന്ന കേന്ദ്രം അടുത്ത ഓഗസ്റ്റോടെ പ്രവർത്തനക്ഷമമാവുമെന്നാണു പ്രതീക്ഷ. ഫിറ്റർ, ഇലക്ട്രീഷ്യൻ, മെക്കാനിക് ഡീസൽ, മോട്ടോർ മെക്കാനിക് വെഹിക്കിൾ, മെക്കാനിക് ഓട്ടോ ബോഡി റിപ്പയർ, മെക്കാനിക് ഓട്ടോ ബോഡി പെയിന്റ് റിപ്പയർ, വെൽഡർ തുടങ്ങി ഏഴു വിഭാഗങ്ങളിലുള്ള കോഴ്സുകളാണു കേന്ദ്രത്തിലുണ്ടാവുക. രണ്ടു വർഷമാണു കോഴ്സുകളുടെ ദൈർഘ്യം. പ്രതിവർഷം മുന്നൂറോളം പേർ കേന്ദ്രത്തിൽ പഠിച്ചിറങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്.

ഇന്ത്യൻ സർക്കാരിന്റെ പദ്ധതിയിൽപെട്ട ‘മെയ്ക്ക് ഇൻ ഇന്ത്യ’, ‘സ്കിൽ ഇന്ത്യ’ പദ്ധതികളുടെ ഭാഗമായുള്ള പുതിയ സംരംഭത്തിൽ പങ്കാളിയാവാന് കഴിയുന്നതിൽ ആഹ്ലാദമുണ്ടെന്നു സുസുക്കി മോട്ടോർ കോർപറേഷൻ ചെയർമാൻ ഒസാമു സുസുക്കി അഭിപ്രായപ്പെട്ടു. നിർമാണത്തിലെ ജാപ്പനീസ് ശൈലിയിലൂടെ ഇന്ത്യയിലെ മാനവ വിഭവ ശേഷി വികസനത്തിനും അതുവഴി ഇന്ത്യയുടെ നിർമാണ വ്യവസായത്തിന്റെ പുരോഗതിക്കും ഗണ്യമായ സംഭാവന നൽകാൻ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.  

Your Rating: