Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നെക്സ’യ്ക്കൊപ്പം ഇനി സ്വന്തം വർക്ഷോപ്പുകളും

Maruti NEXA Showroom

പ്രീമിയം മോഡലുകളുടെ വിൽപ്പനയ്ക്കായി ‘നെക്സ’ഷോറൂം ശൃംഖല തുടങ്ങിയ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഇനി ഇത്തരം വാഹനങ്ങളുടെ വിൽപ്പനാന്തര സേവനത്തിനു പ്രത്യേക വർക്ഷോപ്പുകളും ആരംഭിക്കുന്നു. ക്രോസോവറായ ‘എസ് ക്രോസും’ പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യുമാണു നിലവിൽ ‘നെക്സ’ വഴി മാരുതി സുസുക്കി വിൽക്കുന്നത്; ഇവയുടെ വിൽപ്പനാന്തര സേവനം നിർവഹിക്കുന്നതാവട്ടെ സാധാരണ മാരുതി ഡീലർഷിപ്പുകൾക്കൊപ്പമുള്ള സർവീസ് സെന്ററുകളിലുമാണ്. കഴിഞ്ഞ വർഷം ജൂലൈ 23നു പ്രവർത്തനം ആരംഭിച്ച ‘നെക്സ’യുടെ രണ്ടാം ഘട്ടമെന്ന നിലയിലാണു പ്രത്യേക വർക്ഷോപ്പുകൾ തുടങ്ങുന്നതെന്നു മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി അറിയിച്ചു. പ്രീമിയം വാഹനങ്ങളുടെ വിൽപ്പനയ്ക്കായി ‘നെക്സ’ ശ്രേണിയിൽ ഇതുവരെ 150 ഷോറൂമുകളാണ് കമ്പനി തുറന്നത്; മാർച്ചോടെ 100 പുതിയ ‘നെക്സ’ കൂടി തുറക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ഈ ആഴ്ച ‘നെക്സ’ പ്രവർത്തനത്തിന്റെ ആദ്യ വർഷം പൂർത്തായാക്കാനിരിക്കെ ഈ ഷോറൂം ശൃംഖല വഴി ഇതുവരെ ഒരു ലക്ഷത്തോളം കാറുകൾ വിറ്റതായും കാൽസി അറിയിച്ചു. ഇതിൽ 70,000 ‘ബലേനൊ’യും 30,000 ‘എസ് ക്രോസും’ ഉൾപ്പെടും. ഇതൊരു തുടക്കം മാത്രമാണെന്നും ‘നെക്സ’യ്ക്ക് ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.കാർ വാങ്ങാനെത്തുന്നവർക്കു വേറിട്ട അനുഭവം പ്രദാനം ചെയ്ത ‘നെക്സ’ ഷോറൂം പോലെ തന്നെ വ്യത്യസ്തമായ അനുഭവമാണു പുതുതായി തുടങ്ങുന്ന വർക്ഷോപ്പിലും മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നത്. പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യ വർക്ഷോപ് ഒന്നു രണ്ടു മാസത്തിനകം പ്രവർത്തനക്ഷമമാവുമെന്നു കാൽസി അറിയിച്ചു. സൗജന്യ വൈ ഫൈ, ഗുണനിലവാരമേറിയ എന്റർടെയ്ൻമെന്റ് സംവിധാനം, ലഘുഭക്ഷണം തുടങ്ങിയവയൊക്കെ ലഭിക്കുന്ന പ്രത്യേക ലൂഞ്ചുകളാവും ഇത്തരം വർക്ഷോപ്പുകളിലെ പ്രധാന സവിശേഷതയെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒപ്പം പ്രീമിയം കാറുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക വൈദഗ്ധ്യമുള്ള സാങ്കേതിക വിദഗ്ധരുടെ സേവനവും ഇത്തരം വർക്ഷോപ്പുകളിൽ ഉറപ്പാക്കും.

പ്രധാന അറ്റകുറ്റപ്പണികൾക്കായി പ്രത്യേക വർക്ഷോപ് സജ്ജീകരിക്കുന്നതിനൊപ്പം നിസ്സാര തകരാറുകൾ പരിഹരിക്കാൻ മൊബൈൽ സർവീസ് വാനുകളും ലഭ്യമാക്കും. ഇത്തരം വാനുകൾ വാഹന ഉടമയുടെ വീട്ടിലെത്തി കാറുകളുടെ തകരാർ പരിഹരിച്ചു നൽകും. ആവശ്യപ്പെടുന്ന പക്ഷം വാഹനം വീട്ടിൽ നിന്നു വർക്ഷോപ്പിൽ കൊണ്ടുപോയി സർവീസിങ് നടത്തി തിരിച്ചെത്തിച്ചുകൊടുക്കുന്ന സേവനവും ഈ പുതിയ ശൃംഖലയിൽ ലഭ്യമാവും.  കാർ ഉടമകൾക്കായി ഡൽഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ ‘ടി ത്രീ’ ടെർമിനലിൽ ‘നെക്സ ലൂഞ്ച്’ സ്ഥാപിക്കാനും മാരുതി സുസുക്കി തീരുമാനിച്ചിട്ടുണ്ട്. അടുത്ത മാസത്തോടെ പ്രവർത്തനക്ഷമമാവുന്ന ഈ ലൂഞ്ച് ‘ബലേനൊ’, ‘എസ് ക്രോസ്’ ഉടമകൾക്കും ‘നെക്സ’ വഴി വിപണനം ചെയ്യുന്ന ഭാവി മോഡലുകളായ ‘ബലേനൊ ആർ എസ്’, ‘ഇഗ്നിസ്’ ഉടമകൾക്കും പ്രയോജനപ്പെടുത്താം.