Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മസെരാട്ടി ഡീലർഷിപ് മുംബൈയിലും

Maserati-logo

ഇന്ത്യൻ വിപണിയിൽ മടങ്ങിയെത്തിയ ഇറ്റാലിയൻ ആഡംബര കാർ നിർമാതാക്കളായ മസെരാട്ടിയുടെ പശ്ചിമേന്ത്യയിലെ ആദ്യ ഷോറൂം മുംബൈയിൽ പ്രവർത്തനം തുടങ്ങി. സാന്താക്രൂസ് വിമാനത്താവള മേഖലയിൽ പുതിയ താജ് ഹോട്ടലിലാണു ഗ്രൂപ് പ്ലാനറ്റ് പെറ്റലിന്റെ സഹകരണത്തോടെയുള്ള മസെരാട്ടി ഷോറൂം. അഞ്ചു കാറുകൾ പ്രദർശിപ്പിക്കാൻ സ്ഥലസൗകര്യമുള്ള ഷോറൂമിൽ സെഡാനായ ‘ക്രാട്രോപൊർട്ടെ’, സ്പോർട്സ് എക്സിക്യൂട്ടീവ് സെഡാനായ ‘ഘിബ്ലി’, സ്പോർട്സ് കൂപ്പെയായ ‘ഗ്രാൻടുറിസ്മൊ’, ‘ഗ്രാൻകബ്രിയൊ’ എന്നിവയൊക്കെ അണിനിരക്കുന്നുണ്ട്. പ്രത്യേക കസ്റ്റമർ ലോഞ്ചും ഉടമയുടെ ഇഷ്ടാനുസരണം കാറുകൾ സജ്ജീകരിക്കുന്ന കോൺഫിഗറേറ്റർ എരിയയുമുള്ള ഷോറൂമിൽ വിൽപ്പനാന്തര സേവനത്തിനൊപ്പം മസെരാട്ടി സ്പെയർ പാർട്സും ലഭ്യമാണ്.

maserati-quattroporte Maserati Quattroporte

ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബൈൽസി(എഫ് സി എ)ന്റെ ഉടമസ്ഥതയിലുള്ള മസെരാട്ടിക്ക് മൂന്നു വർഷം മുമ്പു തന്നെ ഇന്ത്യയിൽ സാന്നിധ്യമുണ്ടായിരുന്നു; ശ്രേയൻസ് ഗ്രൂപ്പായിരുന്നു അന്ന് കമ്പനിയുടെ ഔദ്യോഗിക ഇറക്കുമതിക്കാർ. എന്നാൽ വിൽപ്പനാന്തര സേവനത്തെക്കുറിച്ച് പരാതികളേറിയതോടെ കഴിഞ്ഞ ഏപ്രിലിൽ ഫെറാരിയും മസെരാട്ടിയും ശ്രേയൻസ് ഗ്രൂപ്പുമായുള്ള വിപണന കരാർ അവസാനിപ്പിക്കുകയായിരുന്നു. എഫ് സി എയുടെ തന്നെ ഉടമസ്ഥതയിലുള്ള ആഡംബര കാർ ബ്രാൻഡായ ഫെറാരിയുടെ പാത പിന്തുടർന്നാണു മസെരാട്ടിയും ഇന്ത്യയിൽ സ്വന്തം നിലയിൽ വിൽപ്പനയും വിപണനവും ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ന്യൂഡൽഹിയിലും നവംബറിൽ ബെംഗളൂരുവിലും ഡീലർഷിപ് ആരംഭിച്ച മസെരാട്ടിയുടെ മൂന്നാം ഷോറൂമാണു രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയിൽ തുറന്നത്.

Maserati Ghibli Maserati Ghibli

നൂറ്റാണ്ടിലേറെ നീളുന്ന പ്രൗഢിയും പാരമ്പര്യവും ഇഴ ചേരുന്നതോടെ മസെരാട്ടി ആഡംബരത്തിന്റെ പര്യായമാണെന്നു മസെരാട്ടിയുടെ ഇന്ത്യൻ മേധാവി ബൊജൻ ജാൻകുലോവ്സ്കി അവകാശപ്പെട്ടു. രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ മസെരാട്ടി പോലുള്ള ബ്രാൻഡുകൾക്ക് വൻ വിൽപ്പന സാധ്യതയുണ്ട്. പോരെങ്കിൽ പ്രമുഖ ആഡംബര ബ്രാൻഡുകൾക്കെല്ലാം മുംബൈയിൽ സാന്നിധ്യവുമുണ്ടെന്നും ജാൻകുലോവ്സ്കി ഓർമിപ്പിച്ചു. പ്രധാന വാഹന ബ്രാൻഡുകളെ പ്രതിനിധീകരിച്ചുള്ള പരിചയമാണു കമ്പനിയുടെ കരുത്തെന്ന് ഗ്രൂപ് പ്ലാനറ്റ് പെറ്റൽ മാനേജിങ് ഡയറക്ടർ സുഖ്ബീർ ബഗ്ഗ അറിയിച്ചു. ഇതോടൊപ്പം മസെരാട്ടിയെകൂടി പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചതിൽ ഏറെ ആഹ്ലാദമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Your Rating: