Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആകെ വിൽപ്പന 375; മക്ലാരൻ ‘പി വൺ’ കളമൊഴിഞ്ഞു

mclaren-p1-1

പ്രകടനക്ഷമതയേറിയ കാറുകളുടെ നിർമാതാക്കളായ മക്ലാരൻ അവതരിപ്പിച്ച സൂപ്പർ കാർ വിഭാഗത്തിൽ അവതരിപ്പിച്ച സങ്കര ഇന്ധന വകഭേദമായ ‘പി വൺ’ ഉൽപ്പാദനം സമാപിച്ചു. സറേയിലെ വോക്കിങ്ങിലുള്ള മക്ലാരൻ പ്രൊഡക്ഷൻ സെന്ററിൽ നിന്ന് 2013 സെപ്റ്റംബറിൽ ആദ്യമായി പുറത്തെത്തിയ ‘പി വൺ’ ആകെ 375 എണ്ണം മാത്രമാണു ബ്രിട്ടനിലെ മക്ലാരൻ നിർമിച്ചത്. പേളെസെന്റ് ഓറഞ്ച് ഫിനിഷോടെ പുറത്തെത്തിയ അവസാന ‘പി വണ്ണി’ൽ കാർബൺ ഫൈബർ വീവിൽ തീർത്ത സ്റ്റൈലിങ് ഘടകങ്ങളും വെള്ളി നിറത്തിലുള്ള, തികച്ചും ഭാരം കുറഞ്ഞ വീലുകളുമൊക്കെയുണ്ട്. മക്ലാരൻ സ്പെഷൽ ഓപ്പറേഷൻസ്(എം എസ് ഒ) ആണ് കാറിന്റെ അകത്തളം രൂപകൽപ്പന ചെയ്തത്; സ്വിച് ഗീയർ, ഇൻസ്ട്രമെന്റ് ബെസെൽ, എയർ കണ്ടീഷനൽ വെന്റ് എന്നിവയ്ക്കൊക്കെ ഗ്ലോസ് ബ്ലാക്ക് ഡീറ്റെയ്ലിങ് നൽകി. മക്ലാരന്റെ ‘എഫ് വൺ റോഡ് കാറി’ൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് എം എസ് ഒ അവസാന ‘പി വണ്ണി’ന്റെ രൂപകൽപ്പന പൂർത്തിയാക്കിയത്.

mclaren-p1-2 Mclaren P1

പരീക്ഷണാടിസ്ഥാനത്തിൽ നിർമിച്ച 13 മാതൃകകൾക്കും അനുമതികൾക്കായി നിർമിച്ച അഞ്ചു മാതൃകകൾക്കും വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനത്തിനു മുന്നോടിയായി നിർമിച്ച മൂന്നു കാറുകൾക്കും പുറമെയാണ് 375 ‘പി വൺ’ വിൽപ്പനയ്ക്കെത്തിയത്. 105 പേർ ചേർന്ന് 800 മണിക്കൂറോളം നീണ്ട പ്രയത്നത്തിലൂടെയാണ് ഓരോ ‘പി വണ്ണും’ നിർമിച്ചിരുന്നത്. വോൾക്കാനിക് യെലോ ആയിരുന്നു ‘പി വൺ’ ഉടമകളുടെ പ്രിയപ്പെട്ട നിറം. മൊത്തം 6.20 ലക്ഷം കിലോമീറ്റർ നീണ്ട പരീക്ഷണ ഓട്ടത്തിനു ശേഷമായിരുന്നു ‘പി വൺ’ വിൽപ്പനയ്ക്കെത്തിയത്; 15.5 തവണ ലോകം ചുറ്റിയാലാണ് ഇത്രയും ദൂരം പിന്നിടാനാവുക.നിരത്തിലെത്തിയ ‘പി വണ്ണി’ൽ ഭൂരിഭാഗവും അമേരിക്കയിലാണ്: 34%. ഏഷ്യ പസഫിക് മേഖലയിൽ നിന്ന് 27 ശതമാനവും യൂറോപ്പിൽ നിന്ന് 26 ശതമാനവും വിൽപ്പന നേടാൻ കാറിനായി. അവശേഷിക്കുന്ന 13% ‘പി വൺ’ മക്ലാരൻ വിറ്റത് മധ്യപൂർവ ദേശത്തും ആഫ്രിക്കയിലുമായാണ്.

mclaren-p1-3

മൂന്നു വർഷം മുമ്പ് നടന്ന അനാവരണ വേളയിൽ പ്രതീക്ഷിച്ചതിനുമൊക്കെ അപ്പുറമുള്ള നേട്ടങ്ങൾ സ്വന്തമാക്കിയാണ് ‘പി വൺ’ വിട പറയുന്നതെന്ന് മക്ലാരൻ ഓട്ടമോട്ടീവ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മൈക്ക് ഫ്ളെവിറ്റ് അഭിപ്രായപ്പെട്ടു. സൂപ്പർ കാറുകളിലെ പുതിയ തലമുറ എന്നതിനൊപ്പം ആഗോളതലത്തിൽ മക്ലാരൻ ബ്രാൻഡിനെ പുതിയ ഉയരങ്ങളിലെത്തിക്കുന്നതിലും ‘പി വൺ’ വിജയിച്ചു. ഇതിഹാസമാനങ്ങളുള്ള ‘മക്ലാരൻ എഫ് വണ്ണി’ന്റെ പിൻഗാമിയെന്ന നിലയിലും സങ്കര ഇന്ധന സൂപ്പർ കാറുകളിലെ തുടക്കക്കാരൻ എന്ന നിലയിലും ‘പി വണ്ണി’നു മേൽ പ്രതീക്ഷകളുടെ അമിതഭാരമുണ്ടായിരുന്നു. എന്നാൽ എല്ലാവരുടെയും പ്രതീക്ഷകൾക്കൊത്ത് ഉയരാൻ ‘പി വണ്ണി’നായെന്ന് അദ്ദേഹം വിലയിരുത്തി. കാറിനു കരുത്തേകിയിരുന്നത് 3.8 ലീറ്റർ, ഇരട്ട ടർബോ, വി എയ്റ്റ് പെട്രോൾ എൻജിനാണ്; കൂട്ടിനു ഭാരം കുറഞ്ഞതും കരുത്തേറിയതുമായ വൈദ്യുത മോട്ടോറുമുണ്ടായിരുന്നു. എൻജിനും മോട്ടോറും ചേർന്ന് പരമാവധി 903 ബി എച്ച് പി കരുത്തും 900 എൻ എം ടോർക്കുമാണു സൃഷ്ടിച്ചിരുന്നത്. മണിക്കൂറിൽ പരമാവധി 257 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ പ്രാപ്തിയുള്ള കാറിനു നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്ററിലേക്കു കുതിക്കാൻ വേണ്ടതു വെറും 2.8 സെക്കൻഡാണ്.