Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഴ്സീഡിസ് ബെൻസ് ഇന്ത്യ ബോഡി റിപ്പയർ പരിശീലന കേന്ദ്രം തുടങ്ങി

mercedes-benz

വാഹന വ്യവസായ മേഖലയിൽ തൊഴിൽ കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്കായി ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസ് പുണെയ്ക്കടുത്ത് ചിഞ്ച്വാഡിൽ അഡ്വാൻസ്ഡ് ഓട്ടോ ബോഡി റിപ്പയർ ട്രെയ്നിങ് സെന്റർ തുറന്നു. മെഴ്സീഡിസ് ബെൻസ് കാർ അടക്കമുള്ള ആധുനിക സൗകര്യങ്ങളിൽ പരിശീലനം നേടാനുള്ള അവസരമാണു കേന്ദ്രത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ഡോൺ ബോസ്കോ ഐ ടി ഐയുമായി സഹകരിച്ച് 2.65 കോടി രൂപ ചെലവിലാണു മെഴ്സീഡിസ് ബെൻസ് ഇന്ത്യ ഈ കേന്ദ്ര സ്ഥാപിച്ചത്.

മാനവവിഭവ ശേഷി യഥേഷ്ടമുണ്ടെങ്കിലും ഇന്ത്യയിൽ മികച്ച തൊഴിൽ പരിശീലന കേന്ദ്രങ്ങളുടെ കാര്യത്തിൽ ഗണ്യമായ കുറവുണ്ടെന്ന് മെഴ്സീഡിസ് ബെൻസ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ റോളണ്ട് ഫോൾജർ അഭിപ്രായപ്പെട്ടു. അതേസമയം, വാഹന വ്യവസായം മികച്ച വളർച്ച കൈവരിച്ചു മുന്നേറുന്ന സാഹചര്യത്തിൽ പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ധർക്കുള്ള ആവശ്യവും കുത്തനെ ഉയർന്നിട്ടുണ്ട്. മഹാരാഷ്ട്രയിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെയും പരിശീലനത്തെയും നവീകരിക്കാനും പ്രായോഗികമാക്കാനുമുള്ള ശ്രമങ്ങളിലെ നിർണായക നാഴികക്കല്ലായെ ഡോൺ ബോസ്കോ — മെഴ്സീഡിസ് ബെൻസ് സഹകരണം മാറുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

സിലബസ് ആസൂത്രണത്തിൽ കമ്പനിയിൽ നിന്നുള്ള വിദഗ്ധർ മാർഗ നിർദേശം നൽകുന്നതിനൊപ്പം പ്രായോഗിക പരിശീലനത്തിനായി മെഴ്സീഡിസ് ബെൻസ് കാറുകളും ലഭ്യമാക്കുമെന്നു ഫോൾജർ വെളിപ്പെടുത്തി. വിദ്യാർഥികൾക്കായി ആധുനിക ഉപകരമങ്ങൾ നൽകുന്നതിനൊപ്പം അധ്യാപക പരിശീലനത്തിലും മെഴ്സീഡിസ് ബെൻസ് സഹകരിക്കും. അപകടത്തിൽപെടുന്ന കാറുകളുടെ അറ്റകുറ്റപ്പണിയിലും വാഹന ബോഡിയുടെ ഘടനാപരമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ജോലികളിലുമാവും പാഠ്യപദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുക.

ചിഞ്ച്വാഡിലെ ഡോൺ ബോസ്കോ ഐ ടി ഐയിൽ നടക്കുന്ന ഒരു വർഷ കാലാവധിയുള്ള കോഴ്സിൽ ഓരോ ബാച്ചിലും 21 വിദ്യാർഥികൾക്കാണു പ്രവേശനം അനുവദിക്കുക. പഠന കാലാവധിക്കു ശേഷം ഒരു മാസത്തെ മെഴ്സീഡിസ് ബെൻസ് ഓട്ടോ ബോഡി ടെക്നോളജി വിദ്യാഭ്യാസവും നൽകും. വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് ഐ ടി ഐ ട്രേഡ് സർട്ടിഫിക്കറ്റിനൊപ്പം മെഴ്സീഡിസ് ബെൻസും ഡോൺ ബോസ്കോയും ചേർന്നു നൽകുന്ന അഡ്വാൻസ്ഡ് ട്രെയ്നിങ് സർട്ടിഫിക്കറ്റും ലഭിക്കും.