Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലിനീകരണം: ഡെയ്മ്‌ലറിലെ അന്വേഷണം ഡിലോയിറ്റിന്

diamler-trucks

ഡീസൽ എൻജിനുകൾ സൃഷ്ടിക്കുന്ന പരിസ്ഥിതി മലിനീകരണത്തെപ്പറ്റി അന്വേഷിക്കാൻ ഓഡിറ്റർമാരായ ഡിലോയിറ്റ് ടച് തൊമാറ്റ്സുവിനെ നിയോഗിച്ചതായി ജർമൻ ആഡംബര കാർ നിർമാതാക്കളായ ഡെയ്മ്ലർ എ ജി. യു എസിലെ നീതി വകുപ്പിന്റെ നിർദേശപ്രകാരമാണ് ഡീസൽ എൻജിൻ സാങ്കേതികവിദ്യയെപ്പറ്റി ഡയ്മ്‌ലർ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ ഡയ്മ്‌ലർ കൃത്രിമം കാട്ടിയോ എന്നറിയുകയാണ് അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യം. യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ സോഫ്റ്റ്‌വെയർസഹായം തേടിയെന്നു ജർമൻ നിർമാതാക്കളായ ഫോക്സ്‌വാഗൻ എ ജി കുറ്റസമ്മതം നടത്തിയ പശ്ചാത്തലത്തിലാണു ഡയ്മ്‌ലറും ആഭ്യന്തര തലത്തിൽ അന്വേഷണം പ്രഖ്യാപിച്ചത്. നീതി വകുപ്പിന്റെ ആവശ്യപ്രകാരം കമ്പനിയുടെ യു എസിലെ ഡീസൽ പുക പരിശോധനയുടെ സർട്ടിഫിക്കേഷൻ നടപടികളെപ്പറ്റി ആഭ്യന്തര അന്വേഷണം നടത്തുമെന്നു കഴിഞ്ഞ ആഴ്ചയാണു ഡയ്മ്‌ലർ പ്രഖ്യാപിച്ചത്.

തുടർന്നു ജർമനിയിലെ സ്റ്റുട്ട്ഗർട്ടിലെ ഡയ്മ്‌ലർ ആസ്ഥാനത്തും സിൻഡൽഫിംഗനിലെ എൻജിൻ വികസന കേന്ദ്രത്തിലുമുള്ള ജീവനക്കാർ പരസ്പരം കൈമാറിയ രേഖകളും ഇ മെയിൽ സന്ദേശങ്ങളുമൊക്കെ ഡിലോയിറ്റ് സംഘം പരിശോധിച്ചു തുടങ്ങിയതായി കഴിഞ്ഞ ദിവസം വാർത്തകളുണ്ടായിരുന്നു. ‘പുകമറ സോഫ്റ്റ്‌വെയർ’ പോലുള്ള സംവിധാനം ഘടിപ്പിച്ചെന്ന ആക്ഷേപവുമായി യു എസിലെ മെഴ്സിഡീസ് ഡീസൽ കാർ ഉടമകൾ കഴിഞ്ഞ മാസം ആദ്യം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ മലിനീകരണ നിയന്ത്രണ പരിശോധന ജയിക്കാൻ കൃത്രിമം കാട്ടിയെന്ന ആരോപണം മെഴ്സീഡിസ് ബെൻസ് ഉടമകളായ ഡയ്മ്‌ലർ കയ്യോടെ നിഷേധിച്ചു.

കഴിഞ്ഞ സെപ്റ്റംബർ മധ്യത്തിൽ മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ കൃത്രിമം കാട്ടിയെന്നു ഫോക്സ്‌വാഗന്റെ കുറ്റസമ്മതം നടത്തിയതോടെയാണ് യു എസിൽ വിറ്റുപോയ ലൈറ്റ് ഡ്യൂട്ടി ഡീസൽ വാഹനങ്ങളെക്കുറിച്ചു മൊത്തത്തിൽ അന്വേഷണം നടത്താൻ യു എസിലെ പരിസ്ഥിതി സംരക്ഷണ ഏജൻസി നടപടി തുടങ്ങിയത്. 2009 മുതൽ യു എസിൽ വിറ്റ ഡീസൽ എൻജിനുള്ള വാഹനങ്ങളിൽ പലതും അനുവദനീയമായതിന്റെ 40 മടങ്ങ് വരെ പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്നുണ്ടെന്നായിരുന്നു ഫോക്സ്‌വാഗന്റെ വെളിപ്പെടുത്തൽ.

Your Rating: