Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ നിർമിത ‘മെഴ്സീഡിസ്’ സ്കൂൾ ബസ് ഗൾഫിലേക്ക്

Mercedes School Charter Bus Mercedes School Charter Bus. Picture Credit: Mercedes Benz

പൂർണമായും നിർമിച്ച ബസ്സുകൾ വിപണിയിലിറക്കാൻ ജർമൻ വാണിജ്യ വാഹന നിർമാതാക്കളായ ഡെയ്മ്ലർ കൊമേഴ്സ്യൽ വെഹിക്കിൾസ് ഇന്ത്യ(ഡി ഐ സി വി) തയാറെടുക്കുന്നു. വർഷാവസാനത്തോടെ മധ്യ പൂർവ രാജ്യങ്ങളിലേക്ക് ‘മെഴ്സീഡിസ് ബെൻസ്’ ശ്രേണിയിലെ സ്കൂൾ ബസ്സുകൾ കയറ്റുമതി ചെയ്യാനും കമ്പനിക്കു പദ്ധതിയുണ്ട്.

ഇന്ത്യൻ വിപണിക്കായി അടുത്ത വർഷം 16 ടൺ ബസ് ഷാസി അവതരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നു ഡെയ്മ്ലർ എ ജിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഡി ഐ സി വി അറിയിച്ചു. ഒപ്പം സർക്കാർ സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും ബസ് വിൽക്കാനുള്ള സാധ്യതയും കമ്പനി വൈകാതെ പ്രയോജനപ്പെടുത്തും.

മെഴ്സീഡസ് ബെൻസ് ബ്രാൻഡിലുള്ള ഒൻപതു ടൺ സകൂൾ ബസ്സ് പ്രധാനമായും ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ(ജി സി സി) രാജ്യങ്ങളിലാവും വിൽപ്പനയ്ക്കെത്തുകയെന്നു ഡെയ്മ്ലർ ബസസ് ഇന്ത്യ മേധാവി മാർക്കസ് വില്ലിങ്ങർ വെളിപ്പെടുത്തി. ഇതാദ്യമായാണ് ഇന്ത്യയിൽ നിന്നു പൂർണമായും നിർമിച്ച ബസ്സുകൾ കമ്പനി പുറത്തിറക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. വിൽപ്പന ആരംഭിക്കുന്നതിനു മുന്നോടിയായി ഈ ബസ്സുകൾ നവംബർ - ഡിസംബറോടെ മധ്യ പൂർവ രാജ്യങ്ങളിൽ പ്രദർശിപ്പിക്കാനും കമ്പനി തയാറെടുക്കുന്നുണ്ട്.

Mercedes School Charter Bus Mercedes School Charter Bus. Picture Credit: Mercedes Benz

ഇന്ത്യയിൽ ഭാരത് ബെൻസ് ശ്രേണിയിൽ വിൽക്കുന്ന ബസ്സുകളാണു കമ്പനി ഗൾഫ് രാജ്യങ്ങളിൽ മെഴ്സീഡിസ് ബെൻസ് ബ്രാൻഡിൽ വിപണനം ചെയ്യുക. നിലവിൽ ഒൻപതു ടൺ ബസ്സിന്റെ ഷാസി ഡി ഐ സി വി ദക്ഷിണ പൂർവ ഏഷ്യൻ രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും ലാറ്റിൻ അമേരിക്കയിലേക്കുമൊക്കെ കയറ്റുമതി ചെയ്യുന്നുണ്ട്. ഇതോടൊപ്പം ഈ മേഖലകളിൽ പുതിയ വിപണി കണ്ടെത്താനും ഡി ഐ സി വി ശ്രമിക്കുന്നുണ്ടെന്ന് വില്ലിങ്ങർ വെളിപ്പെടുത്തി.

Mercedes School Charter Bus Mercedes School Charter Bus. Picture Credit: Mercedes Benz

നിലവിൽ മുന്നിൽ എൻജിനുള്ള ഒൻപതു ടൺ ബസ് ഷാസിയാണു കമ്പനി ഇന്ത്യയിൽ വിൽക്കുന്നത്; അടുത്ത വർഷത്തോടെ മുന്നിൽ എൻജിനുമായി 16 ടൺ ബസ് ഷാസിയും വിൽപ്പനയ്ക്കെത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഭാരത് ബെൻസ് ബ്രാൻഡിൽ ഒൻപതു ടൺ ബസ് ഷാസി വിൽക്കുന്ന ഡി ഐ സി വി, മെഴ്സിഡീസ് ബെൻസ് ബ്രാൻഡിൽ പൂർണമായും നിർമിച്ച 24 ടൺ ബസ്സും ഇന്ത്യയിൽ വിൽക്കുന്നുണ്ട്.

Mercedes School Charter Bus Mercedes School Charter Bus. Picture Credit: Mercedes Benz

ചെന്നൈയ്ക്കടുത്ത് ഒരടഗടത്ത് ഡി ഐ സി വി സ്ഥാപിച്ച ശാലയുടെ വാർഷിക ഉൽപ്പാദന ശേഷി 24,000 ബസ്സുകളാണ്. 4,400 കോടി രൂപ ചെലവിൽ സ്ഥാപിച്ച ട്രക്ക് നിർമാണശാലയിൽ 425 കോടി രൂപ കൂടി മുടക്കിയാണ് കമ്പനി ബസ് നിർമാണ സൗകര്യം ഏർപ്പെടുത്തിയത്.