Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈക്കൽ ഷൂമാക്കറുടെ കാർ ശേഖരം

michael-schumacher

അപകടത്തിൽപെട്ട് അബോധാവസ്ഥയിലായ ഫോർമുല വൺ ഇതിഹാസം മൈക്കൽ ഷൂമാക്കറുടെ കാർ ശേഖരം പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കാൻ നീക്കം. ജർമനിയിലെ കൊളോണിൽ പുതിയ എക്സിബിഷൻ സെന്ററിന്റെ ഭാഗമായാണ് മുൻ ചാംപ്യനായ ഷൂമാക്കറുടെ കാറുകൾ പ്രദർശിപ്പിക്കുക. അടുത്ത വർഷം അവസാനത്തോടെ മോട്ടോർ വേൾഡ് സെന്റർ പ്രവർത്തനസജ്ജമാവുമെന്നാണു പ്രതീക്ഷ. കായിക ജീവിതത്തിന്റെ ആദ്യ കാലത്തു ഷൂമാക്കർ ഓടിച്ച ഗോ കാർട്ടുകൾ മുതൽ സ്പോർട്സ് കാറുകളും അദ്ദേഹം നേടിയ ട്രോഫികളും ഈ അപൂർവ ശേഖരത്തിലുണ്ടാവും. ഒപ്പം ഷൂമാക്കർക്ക് ഏഴു തവണ ഫോർമുല വൺ ലോക ചാംപ്യൻഷിപ് നേടിക്കൊടുത്ത കാറുകളുടെ മാതൃകകളും പ്രദർശിപ്പിക്കും.

ഫ്രഞ്ച് ആല്പ്സിലെ സ്കീയിങ്ങിനിടെ 2013 ഡീസംബറിലുണ്ടായ വീഴ്ചയിലാണു ഷൂമാക്കർക്കു തലയ്ക്കു ഗുരുതര പരുക്കേറ്റത്. ദീർഘകാലത്തെ ആശുപത്രിവാസത്തിനു ശേഷം അദ്ദേഹം ഇപ്പോൾ സ്വിറ്റ്സർലൻഡിലെ വീട്ടിൽ തുടർചികിത്സയിലാണ്. ഇതിനിടെയാണ് അദ്ദേഹത്തിന്റെ അപൂർവ വാഹന ശേഖരവും സമ്മാനങ്ങളുമൊക്കെ പ്രദർശിപ്പിക്കാൻ മോട്ടോർ വേൾഡ് സെന്ററുമായി ധാരണയിലെത്തുന്നത്.

പ്രവേശന ഫീസില്ലാതെ മൈക്കൽ ഷൂമാക്കറുടെ ഈ അപൂർവ ശേഖരം കാണാൻ ആരാധകർക്ക് അവസരമൊരുക്കണമെന്നാണ് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആഗ്രഹമെന്നു മുൻ ചാംപ്യന്റെ മാനേജർ സബീൻ കെഹം അറിയിച്ചു. റേസ് ട്രാക്കുകളിൽ ഷൂമാക്കർ നടത്തിയ പടയോട്ടങ്ങളുടെയും ജൈത്രയാത്രകളുടെയും അവിസ്മരണീയ മുഹൂർത്തങ്ങൾ ആരാധകർക്കായി പുനഃസൃഷ്ടിക്കാൻ പര്യാപ്തമായ പ്രദർശനമാണു കുടുംബം ലക്ഷ്യമിടുന്നത്. മ്യൂസിയം സ്ഥാപിക്കാൻ തിരഞ്ഞെടുത്ത കൊളോൺ നഗരത്തിൽ നിന്ന് 30 മൈൽ(48 കിലോമീറ്റർ) തെക്കു പടിഞ്ഞാറായാണു ഷൂമാക്കറുടെ ജന്മനാടായ കെർപെൻ സ്ഥിതി ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്.  

Your Rating: