Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്യൂബ്​രഹിത റേഡിയൽ ട്രക്ക് ടയറുകളുമായി മിഷ്​ലിൻ

Michelin truck radial tyres Mohan Kumar, commercial director, Michelin India, and Nour Bouhassoun, chairman and president, Africa, India and Middle East

വാണിജ്യ വാഹനങ്ങൾക്കുള്ള ട്യൂബ്​രഹിത റേഡിയൽ ട്രക്ക് ടയറുകളുടെ മിഷ്​ലിൻ എക്സ് മൾട്ടി റേഞ്ച് ശ്രേണി ഫ്രഞ്ച് നിർമാതാക്കളായ മിഷ്​ലിൻ ഇന്ത്യയിൽ അവതരിപ്പിച്ചു. വാണിജ്യ വാഹനങ്ങൾക്കു കൂടുതൽ വേഗവും സുരക്ഷിതത്വവും വേണമെന്ന ആഗ്രഹം ഇത്തരം ടയറുകൾക്കുള്ള ആവശ്യം വർധിപ്പിക്കുമെന്നു മിഷ്​ലിൻ എ ഐ എം എഫ് സെഡ് ഇ ആഫ്രിക്ക, ഇന്ത്യ, മിഡിൽ ഈസ്റ്റ് ചെയർമാനും പ്രസിഡന്റുമായ നോർഹ ബുഹാസൊൻ അഭിപ്രായപ്പെട്ടു. ഇന്ത്യൻ വിപണിയുടെ പ്രത്യേകതകൾ പരിഗണിച്ചാണ് പുതിയ റേഡിയൽ ടയറുകളുടെ രൂപകൽപ്പനയെന്നും അദ്ദേഹം വെളിപ്പെടുത്തി.മുന്നിലും സ്റ്റീയർ ആക്സിലിലും പിന്നിലും ഘടിപ്പിക്കാൻ വ്യത്യസ്ത ടയറുകൾ മിഷ്​ലിൻ എക്സ് മൾട്ടി റേഞ്ച് ശ്രേണിയിൽ ലഭ്യമാണ്. 20,000 രൂപ മുതലാണ് ഈ ശ്രേണിയിലെ ടയറുകളുടെ വില.

യൂറോപ്പിലും യു എസിലുമൊക്കെ വാണിജ്യ വാഹനങ്ങൾക്ക് മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗത്തിൽ ഓടാനാവും. അതുകൊണ്ടുതന്നെ അത്തരം വിപണികളിൽ ട്യൂബ്​രഹിത റേഡിയൽ ടയറുകൾക്ക് ആവശ്യക്കാരുമേറെയാണ്. ഇന്ത്യയിലാവട്ടെ വാണിജ്യ വാഹനങ്ങളുടെ ശരാശരി വേഗം തീർത്തും കുറവാണ്. ദേശീയപാതകൾക്കടക്കം നിലവാരം ഉയരുന്നതിനാൽ ഇന്ത്യയിലും സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നും ക്രമേണ ട്യൂബ്​രഹിത റേഡിയൽ ടയറുകൾക്ക് ആവശ്യമേറുമെന്നുമാണു മിഷ്​ലിന്റെ കണക്കുകൂട്ടൽ.

ഇന്റർ സിറ്റി സർവീസ് നടത്തുന്ന ആധുനിക ബസ്സുകളുടെ എണ്ണം ഉയരുന്നത് ട്യൂബ്​രഹിത റേഡിയൽ ടയറുകൾക്കുള്ള ആവശ്യം ഉയർത്തുന്നുണ്ടെന്ന് മിഷ്​ലിൻ ഇന്ത്യ പാസഞ്ചർ കാഴ്സ് ആൻഡ് ട്രക്ക്സ് കൊമേഴ്സ്യൽ ഡയറക്ടർ മോഹൻ കുമാർ അഭിപ്രായപ്പെട്ടു. ഇത്തരം ടയറുകൾ മെച്ചപ്പെട്ട സുരക്ഷയും കൂടുതൽ ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നത് വോൾവോയും സ്കാനിയയും പോലുള്ള നിർമാതാക്കൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ചെന്നൈയിൽ നിന്ന് 60 കിലോമീറ്ററോളം അകലെ തിരുവള്ളൂർ ജില്ലയിൽ 4,000 കോടിയോളം രൂപ ചെലവിൽ സ്ഥാപിച്ച ശാലയിലാണു മിഷ്​ലിൻ ഇന്ത്യ വാണിജ്യ വാഹനങ്ങൾക്കുള്ള ട്യൂബ്​രഹിത റേഡിയൽ ടയറുകൾ നിർമിക്കുന്നത്. കഴിഞ്ഞ വർഷം ഉൽപ്പാദനം തുടങ്ങിയ ശാലയുടെ ശേഷിയും ക്രമമായി വർധിപ്പിച്ചു വരികയാണ്. കഴിഞ്ഞ വർഷം മൊത്തം 11,000 ടൺ ഉൽപ്പാദിപ്പിച്ചത് ഇക്കൊല്ലം 16,000 ടണ്ണിലെത്തുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. ഒപ്പം ഇന്ത്യയിലെ നൂറോളം നഗരങ്ങളിൽ മിഷ്​ലിൻ സാന്നിധ്യവും ഉറപ്പാക്കിയിട്ടുണ്ട്. അടുത്തയിടെ കമ്പനി ടയർ റീട്രേഡിങ് രംഗത്തേക്കും പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.