Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയ്ക്കായി ആദ്യ പരസ്യചിത്രവുമായി മിഷ്‌ലിൻ

michelin-tyres

ഫ്രഞ്ച് ടയർ നിർമാതാക്കളായ മിഷ്‌ലിൻ ഇന്ത്യൻ ടെലിവിഷനിൽ ആദ്യ പരസ്യ ചിത്രം അവതരിപ്പിച്ചു. ‘സുരക്ഷിതമായി മുന്നോട്ട്’ എന്ന ഇതിവൃത്തത്തിലുള്ള പരസ്യത്തിലൂടെ ഇതിഹാസമാനങ്ങളുള്ള ‘മിഷ്‌ലിൻ മാ’നും ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്.

സാങ്കേതിക മികവും ഒന്നേകാൽ നൂറ്റാണ്ടിന്റെ അനുഭവസമ്പത്തുമുള്ള മിഷ്‌ലിനു മോട്ടോർസൈക്കിൾ, സ്കൂട്ടർ യാത്രകൾ സുരക്ഷിതമാക്കാനുള്ള കഴിവാണ് പരസ്യചിത്രം അനാവരണം ചെയ്യുക. ടി വിക്കു പുറമെ ഡിജിറ്റൽ മാധ്യമങ്ങൾക്കും യോജിച്ച വിധത്തിലാണു മിഷ്‌ലിൻ പുതിയ പരസ്യ ചിത്രം തയാറാക്കിയിരിക്കുന്നത്.

ഇന്ത്യൻ സാഹചര്യങ്ങളിൽ ഇരുചക്രവാഹന യാത്രികർ പതിവായി നേരിടുന്ന മൂന്നു പ്രതിസന്ധികളെയാണ് പരസ്യം അവലോകനം ചെയ്യുന്നത്: മോശം റോഡുകൾ, മഴയിൽ കുതിർന്ന പാതകൾ, ബ്രേക്കിങ്. മികച്ച ഗ്രിപ്പും കുറഞ്ഞ ദൂരത്തിൽ നിശ്ചലാവസ്ഥ കൈവരിക്കാനുള്ള കഴിവുമുള്ള ദൃഢതയാർന്ന ടയറുകളാണ് ഈ പ്രശ്നത്തിനു പരിഹാരമായി മിഷ്‌ലിൻ നിർദേശിക്കുന്നത്.

ഇരുചക്രവാഹനങ്ങളിൽ നിന്നു മികച്ചതും സുരക്ഷിതവുമായ പ്രകടനം പ്രതീക്ഷിക്കുന്ന യുവതലമുറയാണ് ഇന്ത്യയിലുള്ളതെന്നു പരസ്യചിത്രം മുംബൈയിൽ അനാവരണം ചെയ്തു മിഷ്‌ലിൻ ടൂ വീലർ ടയർ ഡിവിഷൻ പ്രസിഡന്റ് ഗാരി ഗുത്രി അഭിപ്രായപ്പെട്ടു. തോൽപ്പിക്കാനാവാത്ത സമഗ്ര സുരക്ഷയും റോഡ് ഹോൾഡിങ്ങും ബ്രേക്കിങ്ങുമൊക്കെ സഹിതം ഇന്ത്യൻ സാഹചര്യങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഇരുചക്രവാഹന ടയറുകളാണ് മിഷ്‌ലിൻ മാൻ ‘സുരക്ഷിതമായി മുന്നോട്ട്’ ക്യാംപെയ്നിൽ അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ലോകത്തു തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന വിപണിയായ ഇന്ത്യയിലെ സാന്നിധ്യം ശക്തമാക്കുകയാണ് പുതിയ പ്രചാരണത്തിലൂടെ മിഷ്‌ലിൻ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജനറൽ എന്റർടെയ്ൻമെന്റ്, സിനിമ, സ്പോർട്സ് വിഭാഗങ്ങളിലായി രാജ്യത്തെ പ്രധാന കേബിൾ ടിവി ശൃംഖലകളിലെല്ലാം മിഷ്‌ലിന്റെ പരസ്യചിത്രം സംപ്രേഷണത്തിനെത്തും. പ്രമുഖ പ്രാദേശിക ചാനലുകളിലും പരസ്യം പ്രദർശനത്തിനെത്തും. പബ്ലിസിസ് ഇന്ത്യയുടെ ആശയം അടിസ്ഥാനമാക്കി ഫ്രഞ്ച് ത്രിമാന അനിമേഷൻ ഫിലിം വിദഗ്ധരായ ഇൻ ഇഫെക്ടൊയാണു മിഷ്‌ലിന്റെ പരസ്യചിത്രം യാഥാർഥ്യമാക്കിയത്.