Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജിക്കൊരുങ്ങി മിറ്റ്സുബിഷി മോട്ടോർ പ്രസിഡന്റ്

Mitsubishi

ഇന്ധനക്ഷമത കണക്കുകളിൽ കൃത്രിമം കാട്ടിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനമൊഴിയാൻ ജാപ്പനീസ് വാഹന നിർമാതാക്കളായ മിറ്റ്സുബിഷി മോട്ടോഴ്സ് കോർപറേഷൻ പ്രസിഡന്റ് തെറ്റ്സുരൊ അയ്കാവ സന്നദ്ധത പ്രകടിപ്പിച്ചു. ആരോപണത്തെപ്പറ്റി അന്വേഷിക്കാൻ കമ്പനിക്കു പുറത്തു നിന്നു നിയോഗിക്കപ്പെട്ട പ്രത്യേക സമിതി ജൂലൈയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമ്പോഴേക്ക് അയ്കാവ സ്ഥാനമൊഴിയുമെന്നാണു സൂചന. ചിലപ്പോൾ അടുത്ത മാസം നടക്കുന്ന ഓഹരി ഉടമകളുടെ യോഗത്തിനു മുമ്പു തന്നെ അയ്കാവ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാനും സാധ്യതയുണ്ട്.

അയ്കാവ സ്ഥാനമൊഴിയുന്നതോടെ മിറ്റ്സുബിഷി മോട്ടോഴ്സ് കോർപറേഷൻ ചെയർമാനായ ഒസാമു മസുകൊയ്ക്കാവും പ്രസിഡന്റിന്റെ താൽക്കാലിക ചുമതല. ജപ്പാനിൽ നിന്നു തന്നെയുള്ള നിസ്സാൻ മോട്ടോർ കമ്പനിക്കു മിറ്റ്സുബിഷിയുടെ 34% ഓഹരി കൈമാറുന്നതു സംബന്ധിച്ച നടപടി പൂർത്തിയാവും വരെ മസുകൊ ഇരട്ടപദവിയിൽ തുടരുമെന്നും സൂചനയുണ്ട്. എന്നാൽ ഇതേപ്പറ്റി ഔദ്യോഗികമായി പ്രതികരിക്കാൻ മിറ്റ്സുബിഷി മോട്ടോഴ്സോ നിസ്സാനോ തയാറായില്ല.
ഓഹരി കൈമാറ്റം പൂർത്തിയായാൽ നിസ്സാനിൽ നിന്നുള്ള ഡയറക്ടർ മിറ്റ്സുബിഷി മോട്ടോഴ്സിന്റെ പ്രോഡക്്ട് ഡവലപ്മെന്റ് ഡിവിഷന്റെ നേതൃസ്ഥാനം ഏറ്റെടുക്കാൻ ധാരണയായിട്ടുണ്ട്.

ബോർഡിൽ മിറ്റ്സുബിഷി മോട്ടോഴ്സിനുള്ള ഡയറക്ടർമാരുടെ എണ്ണം 13ൽ നിന്ന് 11 ആയി കുറയ്ക്കും; പകരം നിസ്സാൻ ചെയർമാൻ ഉൾപ്പെടെ നാലു ഡയറക്ടർമാരെ നാമനിർദേശം ചെയ്യും. ജൂൺ 24നു ചേരുന്ന മിറ്റ്സുബിഷി മോട്ടോഴ്സ് ഓഹരി ഉടമകളുടെ സാധാരണ പൊതുയോഗത്തിന് ശേഷമാവും ഈ നടപടി പ്രാബല്യത്തിലെത്തുക. വാഹനങ്ങളുടെ ഇന്ധനക്ഷമത കണക്കിൽ കൃത്രിമം കാട്ടിയെന്ന് കഴിഞ്ഞ ഏപ്രിൽ ഒന്നിനാണു ജാപ്പനീസ് വാഹന നിർമാതാക്കളിൽ ആറാം സ്ഥാനക്കാരായ മിറ്റ്സുബിഷി അംഗീകരിച്ചത്. 6.25 ലക്ഷത്തോളം കാറുകളെ ബാധിക്കുന്ന വിവാദം പുറത്തറിഞ്ഞതിനെ തുടർന്നുള്ള മൂന്നു ദിവസത്തിനിടെ കമ്പനിയുടെ വിപണി മൂല്യത്തിൽ 40 ശതമാനത്തോളം ഇടിവും നേരിട്ടു.  

Your Rating: