Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ധനക്ഷമത വിവാദം: മിറ്റ്സുബിഷി മേധാവികൾ രാജിക്ക്

Mitsubishi

ഇന്ധനക്ഷമത കണക്കുകളിൽ കൃത്രിമം നടന്നതിന്റെ പേരിൽ ജാപ്പനീസ് വാഹന നിർമാതാക്കളായ മിറ്റ്സുബിഷി മോട്ടോർ കോർപറേഷന്റെ നേതൃനിരയിലെ രണ്ടു പേർ രാജിവച്ചേക്കും. വാഹനങ്ങളുടെ ഇന്ധക്ഷമത സംബന്ധിച്ച് വർഷങ്ങളായി ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നെന്ന് കുറ്റസമ്മതം നടത്തിയ പിന്നാലെ മിറ്റ്സുബിഷി മോട്ടോഴ്സിന്റെ ഓഹരി മൂല്യത്തിൽ കനത്ത ഇടിവാണു രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണു കമ്പനി ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഒസാമു മസുകൊ സ്ഥാനമൊഴിയാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്. രാജിയെക്കുറിച്ച് അദ്ദേഹം ചില ഡീലർമാരോടും വാഹനഘക നിർമാതാക്കളോടും മനസ്സു തുറന്നെന്നും റിപ്പോർട്ടുകളുണ്ട്. സി ഇ ഒയ്ക്കു പുറമെ കമ്പനി പ്രസിഡന്റും ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായ ടെറ്റ്സുരൊ അയ്കാവയും രാജിയെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നാണു സൂചന.

കഴിഞ്ഞ കാൽ നൂറ്റാണ്ടായി രാജ്യത്തു നിലവിലുള്ള നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായല്ല കമ്പനി വാഹനങ്ങളുടെ ഇന്ധനക്ഷക്ഷമത പരിശോധിക്കുന്നതെന്നായിരുന്നു ജാപ്പനീസ് നിർമാതാക്കളിൽ ആറാം സ്ഥാനത്തുള്ള മിറ്റ്സുബിഷി മോട്ടോഴ്സ് കഴിഞ്ഞ ചൊവ്വാഴ്ച വെളിപ്പെടുത്തിയത്. ഈ വീഴ്ചയെപ്പറ്റി അന്വേഷിക്കാൻ കമ്പനിക്കു പുറത്തു നിന്നുള്ള സമിതിയെ നിയോഗിക്കുമെന്നും മൂന്നു മാസത്തിനകം ഇതേപ്പറ്റി റിപ്പോർട്ട് ലഭിക്കുമെന്നും മിറ്റ്സുബിഷി മോട്ടോഴ്സ് വ്യക്തമാക്കിയിരുന്നു. മൂന്നു മോഡലുകളുടെ ഇന്ധനക്ഷമതാ നിർണയത്തിൽ പിഴവുണ്ടെന്നു ബുധനാഴ്ച തന്നെ കമ്പനി സ്ഥിരീകരിക്കുകയും ചെയ്തു. പ്രശ്നത്തെപ്പറ്റി പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതി റിപ്പോർട്ട് സമർപ്പിക്കുന്ന മുറയ്ക്കാവും മസുകൊയും അയ്കാവയും മിറ്റ്സുബിഷിയുടെ നേതൃസ്ഥാനം ഒഴിയുകയെന്നാണു പ്രതീക്ഷ. അതേസമയം, ഈ വിഷയത്തിൽ പരസ്യ പ്രതികരണത്തിനു മിറ്റ്സുബിഷി മോട്ടോഴ്സ് തയാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Your Rating: