Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജധാനി വേഗത കൂട്ടുന്നു

talgo

ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ സ്വപ്നങ്ങൾക്കു ചിറകു നൽകി ടാൽഗോ കോച്ചുകൾ മുംബൈ തുറമുഖത്ത് എത്തി. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള കോച്ചുകൾ സ്പാനിഷ് കമ്പനിയായ ടാൽഗോ സൗജന്യമായാണു പരീക്ഷണ ഓട്ടത്തിനായി ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. അടുത്ത മാസമാണു പരീക്ഷണ ഓട്ടം.

യാത്രാസമയം ഗണ്യമായി കുറയ്ക്കാൻ ലക്ഷ്യമിട്ടു റെയിൽവേ നടപ്പാക്കുന്ന സെമി ഹൈസ്പീഡ് ട്രെയിൻ പദ്ധതിയുടെ ഭാഗമായാണു ടാൽഗോ ഇന്ത്യയിലെത്തുന്നത്. പദ്ധതിക്കായി മൽസരരംഗത്തുള്ള ടാൽഗോ സ്വമേധയാ സൗജന്യ പരീക്ഷണ ഓട്ടത്തിന് അനുമതി േതടുകയായിരുന്നു. നിലവിലുള്ള പ്രീമിയം സർവീസുകളായ രാജധാനി, ശതാബ്ദി ട്രെയിനുകളിലെ എൽഎച്ച്ബി കോച്ചുകൾക്കു പകരമായിരിക്കും ഭാരം കുറഞ്ഞ ടാൽഗോ കോച്ചുകൾ ഭാവിയിൽ ഉപയോഗിക്കുക. എൽഎച്ച്ബി കോച്ചുകൾക്കു രണ്ടരക്കോടി രൂപയാണു വിലയെങ്കിൽ ഒരു കോടി രൂപയാണു ടാൽഗോ കോച്ചിന്റെ വില. ഈ കോച്ചുകൾ ഉപയോഗിക്കുകയാണെങ്കിൽ ഡൽഹി- മുംബൈ യാത്രാസമയത്തിൽ അഞ്ചു മണിക്കൂർ കുറവുണ്ടാകുമെന്നാണു കണക്കാക്കുന്നത്. ബറേലി-മൊറാദാബാദ്, മഥുര-പൽവാൽ, ഡൽഹി- മുംബൈ റൂട്ടുകളിലാണു ടാൽഗോ പരീക്ഷണ ഓട്ടം നടത്തുക.

chaircar-coach-talgo

ബാർസിലോനയിൽ നിന്നു മാർച്ച് 27ന് കപ്പലിൽ അയച്ച ഒൻപത് കോച്ചുകളാണ് മുംബൈ തുറമുഖത്ത് എത്തിയത്. വളവുകൾ ഏറെയുള്ള ഇന്ത്യൻ റെയിൽ പാതകളിൽ ബുള്ളറ്റ് ട്രെയിനുകളും സെമി ഹൈസ്പീഡ് ട്രെയിനുകളും ഓടിക്കുന്നതു പ്രായോഗികമാണോയെന്ന സംശയങ്ങൾക്കിടയിലാണു സ്പാനിഷ് കമ്പനി സ്വന്തം ചെലവിൽ പരീക്ഷണ ഓട്ടത്തിനു തയാറെടുക്കുന്നത്. ടാൽഗോ കോച്ചുകൾക്കടിയിലുള്ള കംപ്രസിങ് യൂണിറ്റുകൾ അതിവേഗത്തിൽ വളവുകൾ തിരിയാൻ കോച്ചുകളെ സഹായിക്കുമെന്ന് അധികൃതർ പറയുന്നു.

പരീക്ഷണ ഓട്ടത്തിൽ ടാൽഗോ ട്രെയിൻ ആദ്യം, മണിക്കൂറിൽ 115 കിലോമീറ്റർ വേഗത്തിലും പിന്നീട് 180 കിലോമീറ്റർ വേഗത്തിലും മൂന്നാം ഘട്ടത്തിൽ 200 കിലോമീറ്റർ വേഗത്തിലും ഓടും. നിലവിലുള്ള പാളങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താതെ തന്നെ ടാൽഗോ ട്രെയിൻ ഓടിക്കാമെന്ന കമ്പനിയുടെ വാഗ്ദാനമാണു പരീക്ഷണ ഓട്ടത്തിനു പച്ചക്കൊടി കാട്ടാൻ റെയിൽവേ ബോർ‍ഡിനെ പ്രേരിപ്പിച്ചത്. പരീക്ഷണ ഓട്ടം വിജയിച്ചാലും കമ്പനിക്ക് ആഗോള ടെൻഡറിൽ പങ്കെടുക്കേണ്ടി വരുമെന്നു റെയിൽവേ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

സെമി ഹൈസ്പീഡ് ട്രെയിൻ പദ്ധതിയുടെ 2500 കോടി രൂപയുടെ കരാറുകൾക്കായി അൽസ്റ്റോം-ബിഇഎംഎൽ, സിഎഎഫ്-ബൊംബാർഡിയർ, ഹിറ്റാച്ചി-അൻസാൽഡോ, കാവസാക്കി-തോഷിബ-ബിഎച്ച്ഇഎൽ, സീമെൻസ് എന്നീ അഞ്ച് കൺസോർഷ്യങ്ങളാണു മൽസര രംഗത്തുള്ളത്. ആദ്യ രണ്ട് ട്രെയിൻ സെറ്റുകൾ വിദേശത്തു നിന്നു ഇറക്കുമതി ചെയ്യാമെങ്കിലും ബാക്കിയുളളവ ഇന്ത്യയിൽ തന്നെ നിർമിക്കണമെന്നാണു കരാർ വ്യവസ്ഥ. ബുള്ളറ്റ് ട്രെയിനുകൾക്കു വേണ്ട പോലെ പ്രത്യേക പാളങ്ങൾ ആവശ്യമില്ലെന്നതാണു സെമി ഹൈസ്പീഡ് പദ്ധതിയുടെ മെച്ചം. മുന്നിലും പുറകിലും ‍ഡ്രൈവർ കാബിനുകളുള്ള സെമി ഹൈസ്പീഡ് ട്രെയിനുകൾക്കു പ്രത്യേക എൻജിന്റെ ആവശ്യമില്ല. കോച്ചുകൾക്കടിയിലുള്ള ട്രാക്‌ഷൻ മോട്ടോറുകളിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ഊർജമുപയോഗിച്ചാകും ട്രെയിൻ സഞ്ചരിക്കുക. 20 സ്ലീപ്പർ കോച്ചുകളുള്ള ട്രെയിനുകളും 16 ചെയർകാർ കോച്ചുകളുള്ള ട്രെയിൻ സെറ്റുകളുമാണ് ഇന്ത്യ വാങ്ങാൻ ഉദ്ദേശിക്കുന്നത്.

കേരളത്തിൽ ശതാബ്ദി ട്രെയിൻ സർവീസില്ലെങ്കിലും പേരിനുള്ള രാജധാനി സർവീസിന് ആധുനിക ട്രെയിൻ സെറ്റ് ലഭിക്കുമെന്നതാണ് ആകെയുള്ള ആശ്വാസം. ചെന്നൈ, ഗോവ രാജധാനികളുടെ കോച്ചുകളുപയോഗിച്ചാണു കേരളത്തിലേക്കു ആഴ്ചയിൽ മൂന്നു ദിവസം ഇപ്പോൾ രാജധാനി ഓടുന്നത്. അഭിമാന സർവീസായ തിരുവനന്തപുരം –ന്യൂഡൽഹി കേരള എക്സ്പ്രസിനു പോലും നാളിതുവരെയായി എൽഎച്ച്ബി റേക്കുകൾ നൽകാൻ റെയിൽവേയ്ക്കു കഴിഞ്ഞിട്ടില്ല.