Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിപിഎസിൽ ഇനി ഹോളിവു‍ഡ് നടന്റെ ശബ്ദം

morgan-freeman Morgan Freeman

ഹോളിവുഡ് ലോകത്തെ പ്രതിഭാശാലിയായ അഭിനേതാവാണ് മോർഗൻ ഫ്രീമാൻ. നാല് ഓസ്കാർ നാമനിർദ്ദേശങ്ങളും ഒരു ഓസ്കാറുമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഈ അഭിനയ പ്രതിഭ ബ്രൂസ് ഓൾ‌ മൈറ്റി എന്ന ചിത്രത്തിൽ‌ ദൈവമായും അഭിനയിച്ചിട്ടുണ്ട്. വാഹനം ഓടിക്കുമ്പോള്‍ ആ ദൈവ ശബ്ദം നമുക്ക് വഴി പറഞ്ഞു തന്നാൽ എങ്ങനെയിരിക്കും.

എന്നാൽ കേട്ടോളു, ദൈവ ശബ്ദത്തിന്റെ പേരിൽ‌ പ്രശസ്തനായ മോർഗൻ ഫ്രീമൻ ഇനി നമുക്ക് വഴി പറഞ്ഞുതരും, ദൈവത്തിന്റെ അതേ ശബ്ദത്തിൽ. ലണ്ടൻ ഹാസ് ഫോളൻ (London has Fallen) എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായാണു ആപ്പിനു തന്റെ ശബ്ദം നൽകുന്നത്. വളരെയധികം ഡോക്യുമെന്ററികൾ, സിനിമകൾ, പരസ്യങ്ങൾ എന്നിവയ്ക്കു ശബ്ദം നൽകിയ മോർഗൺ ഫ്രീമാൻ ഹിലാരി ക്ലിന്റന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനും ചുക്കാൻ പിടിച്ചിരുന്നു. ലോകമെമ്പാടുമുള്ളവരിൽ ഏറ്റവും ശ്രവ്യസുന്ദര ശബ്ദത്തിനുടമയായാണു മോർഗൺ ഫ്രീമാൻ കരുതപ്പെടുന്നത്.

ലണ്ടൻ ഹാസ് ഫോളൻ എന്ന ചിത്രത്തിലെ ''The American people are counting on you... to drive. Let's go," എന്ന ഡയലോഗിലൂടെയാണ് ഫ്രീമാൻ തന്റെ സന്ദേശം ആരംഭിക്കുന്നത്. സൂപ്പർതാരത്തിന്റെ ശബ്ദം എത്തിക്കുന്നതിലൂെട വെയ്സ് ആപ്പിനു കൂടുതൽ നേട്ടം കൈവരിക്കാനാകുമെന്നു നിർമാതാക്കൾ കരുതുന്നു.

ഫ്രീമാന്റെ പുതിയ ചിത്രം, ടിക്കറ്റ് വാങ്ങുന്നതിനുള്ള ഓപ്ഷൻ എന്നിവയ്ക്കു പുറമെ അടുത്തുള്ള തിയറ്ററിലേക്കുള്ള വഴിയും ഈ ആപ്പിൽ ലഭ്യമാണ്. ഫ്രീമാന്റെ ശബ്ദം മാർച്ച് 31 മുതൽ ഈ ആപ്പിലെത്തും. നേരത്തെ കെവിൻ ഹാർട്ട്, അർണോൾഡ് ഷ്വാസ്നെഗർ, സ്റ്റീഫൻ കോൾബർട്ട് എന്നീ പ്രമുഖ ഹോളിവുഡ് താരങ്ങളും വെയ്സുമായി സഹകരിച്ചിട്ടുണ്ട്.

Your Rating: