Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്പീഡ് കൂട്ടിയാൽ മുടി മുറിക്കും

speeding-bike

മുംബൈയിൽ വർധിച്ചു വരുന്ന വാഹനാപകടം കുറയ്ക്കുന്നതിന്റെ ഭാഗമായി നിരവധി ട്രാഫിക് പരിഷ്കാരങ്ങളാണ് വരുത്തുന്നത്. ഇരുചക്രവാഹനത്തിന്റെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമെറ്റും കാറിന്റെ മുൻ സീറ്റ് യാത്രക്കാരന് സീറ്റ് ബെൽറ്റും നിർബന്ധമാക്കിയത് ഇതിന്റെ ഭാഗമായിട്ടാണ്. ട്രാഫിക് നിയമം ലംഘിച്ചാൽ കനത്ത പിഴയാണ് നൽകേണ്ടി വരിക.

ഇപ്പോഴിതാ അമിത വേഗതയിൽ ബൈക്ക് ഓടിക്കുന്നവർക്ക് വ്യത്യസ്തമായ ശിക്ഷയുമായി മുംബൈ പൊലീസ് എത്തിയിരിക്കുന്നു. അമിതവേഗതയിൽ ബൈക്ക് ഓടിക്കുന്ന യുവാക്കള്‍ക്കെതിരെ കേസ് ചാർജു ചെയ്യുക മാത്രമല്ല മുടി മുറിക്കുക കൂടി ചെയ്യും പൊലീസ്. കഴിഞ്ഞ ദിവസം 13 ഇരുചക്ര വാഹനയാത്രികരുടെ മുടി മുറിച്ചു എന്നാണ് പോലീസ് പറയുന്നത്. മുംബൈ വെസ്റ്റേണ്‍ എക്സ്പ്രെസ് ഹൈവേ വഴി അമിതവേഗത്തിൽ പോയ ഇവർ ഹെൽമെറ്റും ധരിച്ചിരുന്നില്ല.

യുവാക്കൾ തങ്ങളുടെ ഹെയർസ്റ്റൈലിന് വലിയ പ്രാധാന്യമാണു കൊടുക്കുന്നത്. അതുകൊണ്ട് ഇത്തരത്തിലുള്ള ശിക്ഷ അവരെ വാഹനത്തിന്റെ വേഗത വർധിപ്പിക്കുന്നതിന് മുമ്പു ചിന്തിപ്പിക്കും എന്നാണു പൊലീസിന്റെ ഭാഷ്യം.