Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻ. ചന്ദ്രശേഖരൻ ടാറ്റ മോട്ടോഴ്സ് ചെയർമാൻ

n-chandrasekaran എൻ. ചന്ദ്രശേഖരൻ

പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ ചെയർമാനായി ടാറ്റ ഗ്രൂപ്പിന്റെ നിയുക്ത മേധാവി എൻ ചന്ദ്രശേഖരനെ നിയമിച്ചു. ഉടനടി പ്രാബല്യത്തോടെയാണു ചന്ദ്രശേഖരന്റെ നിയമനമെന്നു ടാറ്റ മോട്ടോഴ്സ് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു. നടരാജൻ ചന്ദ്രശേഖരനെ കമ്പനിയുടെ അഡീഷനൽ ഡയറക്ടറായും ചെയർമാനായും ഉടനടി പ്രാബല്യത്തോടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് നിയമിച്ചെന്നാണു ടാറ്റ മോട്ടോഴ്സിന്റെ ഔദ്യോഗിക അറിയിപ്പ്.

ടാറ്റ സൺസ് എക്സിക്യൂട്ടീവ് ചെയർമാനായി ചന്ദ്രശേഖരന്റെ നിയമനം പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്കകമാണ് അദ്ദേഹം ടാറ്റ മോട്ടോഴ്സിന്റെയും അമരക്കാരനാവുന്നത്. മുൻ ചെയർമാൻ സൈറസ് മിസ്ത്രിയെ സ്ഥാനഭൃഷ്ടനാക്കിയതിനെ തുടർന്നുള്ള ചെളി വാരിയെറിയലും നിയമ യുദ്ധങ്ങളും അന്തമില്ലാതെ തുടരുന്നതിനിടയാണ് ചന്ദ്രശേഖറിന്റെ സ്ഥാനാരോഹണം.

ഉപ്പ് നിർമാണം മുതൽ സോഫ്റ്റ്വെയർ വരെയുള്ള മേഖലകളിൽ സജീവസാന്നിധ്യവും 10,3,00 കോടി ഡോളർ(ഏഴു ലക്ഷം കോടിയോളം രൂപ) വിറ്റുവരവുമുള്ള ടാറ്റ ഗ്രൂപ്പിന്റെ പ്രധാന ഹോൾഡിങ് കമ്പനിയായ ടാറ്റ സൺസിന്റെ ചെയർമാനായിട്ടാണു ‘ചന്ദ്ര’ എന്ന വിളിപ്പേരുള്ള ചന്ദ്രശേഖരൻ(54) നിയോഗിക്കപ്പെടിരിക്കുന്നത്. ഒന്നര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ടാറ്റ ഗ്രൂപ്പിന്റെ അമരക്കാരിൽ പാഴ്സി സമുദായാംഗമല്ലാത്ത ആദ്യ വ്യക്തിയുമാണ് ചന്ദ്രശേഖരൻ.

നഷ്ടപ്രതാപം വീണ്ടെടുക്കാൻ കഠിനപ്രയത്നം നടത്തുന്ന ടാറ്റ മോട്ടോഴ്സിനെ ശരിയായ ദിശയിൽ നയിക്കുന്ന എന്നതാവും കമ്പനി ചെയർമാനെന്ന നിലയിൽ ചന്ദ്രശേഖരനെ കാത്തിരിക്കുന്ന വെല്ലുവിളി. വാണിജ്യ വാഹന വിഭാഗത്തിൽ കാര്യമായ പ്രതിസന്ധിയില്ലെങ്കിലും യാത്രാവാഹന വിപണിയിൽ കമ്പനി കനത്ത വെല്ലുവിളിയാണ് അഭിമുഖീകരിക്കുന്നത്. ഒപ്പം ബാധ്യതയെന്നു മിസ്ത്രി വിശേഷിപ്പിച്ച ചെറുകാറായ ‘നാനോ’യുടെ കാര്യത്തിലും ചന്ദ്രശേഖരനു പ്രത്യേക ശ്രദ്ധ പുലർത്തേണ്ടിവരും. വൈകാരിക കാരണങ്ങളാലാണു കനത്ത നഷ്ടം സഹിച്ചും ടാറ്റ മോട്ടോഴ്സ് ‘നാനോ’യെ നിലനിർത്തുന്നതെന്നായിരുന്നു മിസ്ത്രിയുടെ ആക്ഷേപം. രത്തൻ ടാറ്റയ്ക്കു പങ്കാളിത്തമുള്ള കമ്പനിയെ ബാധിക്കുമെന്നതും ‘നാനോ’ നിർമാണം അവസാനിപ്പിക്കാത്തതിനു കാരണമായി മിസ്ത്രി ചൂണ്ടിക്കാണിച്ചിരുന്നു.

ഒരു ലക്ഷം രൂപയിൽ താഴെ വിലയ്്ക്കു വിപണിയിലെത്തിക്കാൻ ലക്ഷ്യമിട്ടായിരുന്നു ‘നാനോ’ വികസനമെങ്കിലും ഒരിക്കലും വാഹനവില ഈ നിലവാരത്തിനു താഴെയായിരുന്നില്ലെന്നും മിസ്ത്രി ആരോപിക്കുന്നു. തുടർച്ചയായി ബാധ്യത സൃഷ്ടിച്ച ‘നാനോ’ മൂലമുള്ള സഞ്ചിതനഷ്ടം 1,000 കോടി രൂപ പിന്നിട്ടതായും സ്ഥാനഭൃഷ്ടനാക്കപ്പെട്ടതിന്റെ പിറ്റേന്നു ടാറ്റ സൺസ് ബോർഡ് അംഗങ്ങൾക്ക് അയച്ച കത്തിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. 

Your Rating: