Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നാനോ’ ഗുജറാത്തിനു രാശിയായെന്നു രത്തൻ ടാറ്റ

INDIA-VIBRANTGUJARAT/ Ratan Tata

‘നാനോ’ നിർമാണത്തിനായി ടാറ്റ മോട്ടോഴ്സ് സാനന്ദിൽ സ്ഥാപിച്ച ശാലയാണു ഗുജറാത്തിനെ കാർ നിർമാണ കേന്ദ്രമായി വളരാൻ സഹായിച്ചതെന്നു ടാറ്റ ഗ്രൂപ്പ് കുലപതി രത്തൻ ടാറ്റ. ടാറ്റ ഗ്രൂപ് ചെയർമാൻ സ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ട സൈറസ് മിസ്ത്രി ‘നാനോ’ പദ്ധതിയിലെ നിക്ഷേപത്തെ ചോദ്യം ചെയ്ത പശ്ചാത്തലത്തിലാണു ടാറ്റയുടെ ഈ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. ‘വൈബ്രന്റ് ഗുജറാത്ത്’ ആഗോള ഉച്ചകോടിക്കെത്തിയ ടാറ്റ, തന്നെ ഗുജറാത്തിയെന്നാണു വിശേഷിപ്പിച്ചത്. വിദേശത്തുള്ളവർ ഗുജറാത്തിനെയും ഇന്ത്യയെയും ഒരേപോലെയാണു കാണുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വർഷങ്ങൾക്കുമുമ്പ് ‘വൈബ്രന്റ് ഗുജറാത്ത്’ പരിപാടിയിൽ പങ്കെടുവെ ഗുജറാത്തിൽ സാന്നിധ്യമില്ലാത്തതു മണ്ടത്തരമാണെന്ന് അഭിപ്രായപ്പെട്ട കാര്യവും അദ്ദേഹം അനുസ്മരിച്ചു. രാജ്യത്തുതന്നെ ഏറ്റവും വളർച്ച കൈവരിച്ചു മുന്നേറുന്ന ഗുജറാത്തിനോട് ഇപ്പോഴും മുഖം തിരിക്കുന്നത് കൂടുതൽ മണ്ടത്തരമാണെന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.

‘നാനോ’ നിർമാണത്തിനായി മറ്റൊരു സംസ്ഥാനത്തു സ്ഥാപിച്ച ശാല നരേന്ദ്ര മോദി നയിക്കുന്ന ഗുജറാത്തിലേക്ക് മാറ്റാൻ തനിക്ക് അവസരം ലഭിച്ചു. 2001 മുതൽ 2014 വരെ സംസ്ഥാനത്തെ നയിച്ച മോദിയുടെ നേതൃമികവിൽ രാജ്യത്തെ തന്നെ പ്രധാന കാർ നിർമാണ കേന്ദ്രമായി മാറാൻ ഗുജറാത്തിനു കഴിഞ്ഞെന്നും ടാറ്റ അഭിപ്രായപ്പെട്ടു. കൃഷി ഭൂമി കയ്യേറിയെന്ന ആരോപണവും കർഷകരുടെ പ്രതിഷേധവുമൊക്കെ പരിധി വിട്ടതോടെ പശ്ചിമ ബംഗാളിലെ സിംഗൂരിൽ സ്ഥാപിച്ച ‘നാനോ’ നിർമാണശാലയെ 2008ലാണു ടാറ്റ മോട്ടോഴ്സ് ഗുജറാത്തിലെ സാനന്ദിലേക്കു പറിച്ചു നട്ടത്. തുടർന്നു 2010ൽ ഈ ശാലയിൽ നിന്നു ‘നാനോ’ കാറുകൾ പുറത്തെത്തി. 2015 ഡിസംബർ മുതൽ ‘നാനോ’ ഇതര മോഡലുകളും ടാറ്റ മോട്ടോഴ്സ് ഈ ശാലയിൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്.

രത്തൻ ടാറ്റയുടെ അഭിമാനസ്തംഭമായ ‘നാനോ’യെ തുടർച്ചയായി നഷ്ടം വരുത്തുന്ന പാരമ്പര്യ ബാധ്യതയായിട്ടായിരുന്നു 2016 ഒക്ടോബർ 24നു സ്ഥാനഭൃഷ്ടനാക്കപ്പെട്ട ടാറ്റ ഗ്രൂപ് ചെയർമാൻ സൈറസ് മിസ്ത്രി കണ്ടത്. തുടർച്ചയായി മൂല്യ ശോഷണം നേരിടുന്ന ‘നാനോ’ ഗ്രൂപ്പിന് 1,000 കോടിയിലേറെ രൂപ നഷ്ടം വരുത്തിവച്ചെന്നും അദ്ദേഹം ആരോപിച്ചു. പെരുകുന്ന നഷ്ടം മുൻനിർത്തി ‘നാനോ’ നിർമാണം കമ്പനി നേരത്തെ നിർത്തേണ്ടതായിരുന്നെന്നും സ്ഥാനമൊഴിയാൻ നിർബന്ധിതനായ ശേഷം മിസ്ത്രി അഭിപ്രായപ്പെട്ടിരുന്നു. ലാഭക്ഷമതയിലേക്കു വഴി കാണാതെ തുടരുന്ന ‘നാനോ’യെ കരകയറ്റാനുള്ള പദ്ധതികളും കമ്പനിയുടെ പക്കലില്ല. എന്നാൽ വൈകാരിക കാരണങ്ങളുടെ പേരിൽ കമ്പനി അനിവാര്യമായ ഈ തീരുമാനം നീട്ടുകയാണെന്നായിരുന്നു മിസ്ത്രിയുടെ പക്ഷം.  

Your Rating: