Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ 1,610 വിമാനം കൂടി വാങ്ങുമെന്ന് എയർബസ്

Airbus-A320neo

വരുന്ന രണ്ടു പതിറ്റാണ്ടിനിടെ ഇന്ത്യയ്ക്ക് പുതുതായി 1,610 വിമാനങ്ങൾ കൂടി ആവശ്യമായി വരുമെന്നു യൂറോപ്യൻ വിമാന നിർമാതാക്കളായ എയർബസ് എസ് എ എസ്. മൊത്തം 22,400 കോടി ഡോളർ(ഏകദേശം 14.92 ലക്ഷം കോടി രൂപ) നിക്ഷേപമാണു പുതിയ വിമാനം വാങ്ങാനായി എയർബസ് ഇന്ത്യയിൽ നിന്നു പ്രതീക്ഷിക്കുന്നത്. 2015 — 2034 കാലത്ത് ആഗോളതലത്തിലെ ബിസിനസ് സാധ്യത സംബന്ധിച്ചു കമ്പനി തയാറാക്കിയ റിപ്പോർട്ടിലാണ് ഈ കണക്കുകൾ ഇടം പിടിക്കുന്നത്. നിലവിൽ 378 വിമാനങ്ങളാണ് ഇന്ത്യയിലുള്ളത്. ഇന്ത്യ വാങ്ങാൻ സാധ്യതയുള്ളതിൽ 1,230 എണ്ണത്തോളം ഒറ്റ ഇടനാഴിയുള്ള, ഹ്രസ്വദൂര സർവീസിന് അനുയോജ്യമായ വിമാനങ്ങളാവുമെന്നും എയർബസ് കരുതുന്നു. ‘എയർബസ് എ 380’ പോലുള്ള വലിയ വിമാനങ്ങൾക്കും ചരക്കു വിമാനങ്ങൾക്കുമുള്ള ആവശ്യമാണു ബാക്കിയെന്നാണു കമ്പനിയുടെ കണക്കുകൂട്ടൽ.

രണ്ടു വർഷം മുമ്പുള്ള സാധ്യതാ പഠനത്തിൽ കണ്ടെത്തിയതിനെ അപേക്ഷിച്ച് മുന്നൂറോളം വിമാനങ്ങളുടെ വർധനയാണിത്. കൂടുതൽ പേർക്കു സഞ്ചരിക്കാവുന്ന, വീതിയേറിയ വിമാനങ്ങളുടെ ആവശ്യത്തിൽ ഏഴിരട്ടി വർധനയാണു പ്രതീക്ഷിക്കുന്നത്. ‘എയർബസ് എ 320 നിയോ’ പോലെ ഒറ്റ ഇടനാഴിയുള്ള വിമാനങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ വൻ സാധ്യതയാണുള്ളതെന്ന് എയർബസ് വൈസ് പ്രസിഡന്റ് (മാർക്കറ്റിങ് — ഏഷ്യ ആൻഡ് നോർത്ത് അമേരിക്ക) ജൂസ്റ്റ് വാൻ ഡെർ ഹെയ്ജ്ഡെൻ പ്രതീക്ഷ പ്രകടിപ്പിച്ചു. അടുത്ത 10 വർഷക്കാലത്ത് ഇന്ത്യയിൽ ഓരോ ആഴ്ചയും ഓരോ പുതിയ ‘എയർബസ് എ 320 നിയോ’ കൈമാറാൻ കമ്പനി തയാറെടുക്കുന്നുണ്ട്. നിലവിൽ നാല് ഇന്ത്യ നഗരങ്ങളിൽ മാത്രമാണു വിമാന യാത്രക്കാരുടെ എണ്ണം പ്രതിമാസം 10 ലക്ഷം കവിയുന്നത്. എന്നാൽ 2035ൽ ഇത്തരം ഇന്ത്യൻ നഗരങ്ങളുടെ എണ്ണം പത്തിലേറെയാവുമെന്നാണു കണക്കാക്കുന്നത്. ഒക്സ്ഫഡ് ഇക്കണോമിക്സിന്റെ കണക്കനുസരിച്ച് 2025ൽ ജനസംഖ്യയിൽ ഇന്ത്യ, ചൈനയെ പിന്തള്ളും. ഇന്ത്യയിലെ ഇടത്തരക്കാരുടെ എണ്ണമാവട്ടെ 60 കോടിയിലേറെയാവും; യു എസിനെ അപേക്ഷിച്ച് ഇരട്ടിയോളമാവുമിതെന്നു ഹെയ്ജ്ഡെൻ ചൂണ്ടിക്കാട്ടുന്നു.

വരുന്ന രണ്ടു ദശാബ്ദത്തിനിടെ ഇന്ത്യയിലെ വ്യോമഗതാഗത മേഖല 8.4% വാർഷിക വളർച്ച കൈവരിക്കുമെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം ഈ രംഗത്തെ ആഗോള ശരാശരിയാവട്ടെ 4.6% മാത്രം വളർച്ചയാണ്. ആഭ്യന്തര വിമാനയാത്രാ വിഭാഗത്തിലാവും ഇന്ത്യ കൂടുതൽ വളർച്ച കൈവരിക്കുകയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു; 9.3% വളർച്ചയാണ് ഇന്ത്യയ്ക്കുള്ളിലെ വ്യോമഗതാഗത മേഖലയിൽ പ്രതീക്ഷിക്കുന്നത്. ഇതോടെ ആഗോളതലത്തിൽ തന്നെ വളർച്ചാ സാധ്യതയുള്ള വിപണികളിൽ ഇന്ത്യ മുൻനിരയിലാണെന്നും റിപ്പോർട്ട് കരുതുന്നു.