Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തു വർഷത്തിലേറെ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കു നിരോധനം

diesel-ban

ഡൽഹിയിലെ ഡീസൽ കാറുകൾക്ക് മേലുള്ള പിടിമുറുക്കി ദേശീയ ഹരിത ട്രൈബ്യൂണൽ. പത്തു വർഷത്തിനു മുകളിൽ പഴക്കമുള്ള എല്ലാ ഡീസൽ വാഹനങ്ങളുടെയും രജിസ്ട്രേഷൻ റദ്ദാക്കണം എന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ഡൽഹി റീജിയണൽ ആർടിഒയോട് നിർദ്ദേശിച്ചു. രജിസ്ട്രേഷൻ റദ്ദാക്കിയ വാഹനങ്ങളുടെ പട്ടിക ഡൽഹി ട്രാഫിക് പൊലീസിനു നൽകാനും ആർടിഒയ്ക്ക് നൽകിയ ഉത്തരവിൽ പറയുന്നത്. നഗരത്തിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള ഭാഗമായി കഴിഞ്ഞ വർഷം പുറപ്പെടുവിച്ച ഉത്തരവു നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്നതായി ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണു ഉത്തരവ് കര്‍ശനമായും ഉടൻ നടപ്പാക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ നിര്‍ദേശിച്ചത്.

നഗരത്തിലെ അന്തരീഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി എൻജിടി 2000 സിസിയിൽ അധികം കരുത്തുള്ള എൻജിൻ ഉപയോഗിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ നിരോധിച്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്മേൽ സുപ്രീം കോടതി വിധി പറയാൻ ഇരിക്കവെയാണ് എൻജിടിയുടെ പുതിയ ഉത്തരവ്. 2014 ൽ 15 വർഷത്തിലധികം പഴക്കമുള്ള പെട്രോൾ, ഡീസൽ വാഹനങ്ങളെ ദേശീയ പാതകളിൽ പ്രവേശിക്കുന്നതിൽ നിന്നു വിലക്കി എൻജിടി ഉത്തരവു പുറപ്പെടുവിച്ചിരുന്നു.

അതേ സമയം, നിരോധനത്തിനു പകരം വൺ ടൈം എൻവയൺമെന്റൽ കോംപൻസിയേഷൻ സെസ് ഏർപ്പെടുത്തുന്നത് ആലോചനയിലാണെന്നാണ് സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. വാഹനം വാങ്ങുന്നവരിൽനിന്ന് ഒരു ശതമാനം അധിക സെസ് ഈടാക്കാം എന്നാണു സുപ്രീം കോടതിയുടെ നിരീക്ഷണം. സുപ്രീം കോടതി ജ‍ഡ്ജിമാരായ ടി.എസ്. താക്കൂർ, ജസ്റ്റിസ് എ.കെ. സിക്രി, ആർ. ഭാനുമതി തുടങ്ങിയവർ അടങ്ങിയ ബഞ്ചിന്റേതാണ് ഈ നിരീക്ഷണം.

കൂടാതെ ഡൽഹിയിലെ വാഹനങ്ങൾ ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം പരിശോധിക്കാനുള്ള മാർഗനിർദേശങ്ങൾ നൽകാനും വാഹന നിർമാതാക്കളുടെ അഭിഭാഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2000 സിസിയോ അതിനു മുകളിലോ ഉള്ള ഡീസല്‍ വാഹനങ്ങള്‍ക്കു നാഷനല്‍ കാപ്പിറ്റല്‍ റീജിയനിലെ (എന്‍സിഎര്‍) റജിസ്‌ട്രേഷന് ഡിസംബര്‍ 16ന് കോടതി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഈ വർഷാദ്യം, ഡീസൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ തടഞ്ഞ സുപ്രീം കോടതി ഡീസൽ ടാക്സികാറുകൾ സിഎൻജിയിലേക്കു മാറണമെന്നും ഉത്തരവിട്ടിരുന്നു. 

Your Rating: