Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻ എച്ച്: 8,500 കോടി വായ്പയുമായി എൽ ഐ സി

road Representative Image

രാജ്യത്തെ ദേശീയപാത വികസനം ഊർജിതമാക്കാൻ നാഷനൽ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യ(എൻ എച്ച് എ ഐ) അധിക വിഭവ സമാഹരണം നടത്തി. പൊതുമേഖലയിലെ ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ നിന്ന് 8,500 കോടി രൂപ കടമെടുത്താണ് എൻ എച്ച് എ ഐ ദേശീയപാത വികസന പദ്ധതികളും ബൈപാസ് നിർമാണവും വേഗത്തിലാക്കാൻ തയാറെടുക്കുന്നത്. 7.22% വാർഷിക പലിശ നിരക്കിലാണ് എൽ ഐ സിയിൽ നിന്ന് എൻ എച്ച് എ ഐ 30 വർഷ കാലാവധിയുള്ള വായ്പ സ്വീകരിക്കുന്നത്. ദേശീയ പാത വികസനത്തിനായി അടുത്ത അഞ്ചു വർഷത്തിനിടെഎൽ ഐ സിയിൽ നിന്ന് ഒരു ലക്ഷം കോടി രൂപ കടമെടുക്കാനാണ് എൻ എച്ച് എ ഐയുടെ പദ്ധതി. ഇതിന്റെ ആദ്യ ഗഡുവെന്ന നിലയിലാണ് ഇപ്പോൾ അതോറിട്ടി 8,500 കോടി രൂപ വായ്പയെടുത്തത്. തികച്ചും ന്യായമായ പലിശ നിരക്കിലാണ് എൽ ഐ സി വായ്പയുടെ ആദ്യ ഗഡു അനുവദിച്ചതെന്ന് എൻ എച്ച് എ ഐ വിശദീകരിച്ചു. ആവശ്യമുള്ള പക്ഷം അടുത്ത ഗഡുവും അനുവദിക്കാമെന്ന് എൽ ഐ സി ഉറപ്പു നൽകിയിട്ടുമുണ്ട്. ദേശീയപാതകളുടെ വികസനത്തിനാവും വായ്പത്തുക വിനിയോഗിക്കുകയെന്നും എൻ എച്ച് എ ഐ വ്യക്തമാക്കി.

ഇതിനു പുറമെ ദേശീയ പാത വികസനം ലക്ഷ്യമിട്ട് എൻ എച്ച് എ ഐ പുറത്തിറക്കിയ 10,000 കോടി രൂപ മൂല്യമുള്ള ബോണ്ടുകൾ പൊതുമേഖല സംരംഭമായ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ(ഇ പി എഫ് ഒ) വാങ്ങിയിരുന്നു. 25 വർഷ കാലാവധിയുള്ള ബോണ്ടുകൾക്ക് 8.03% പലിശയാണ് എൻ എച്ച് എ ഐയുടെ വാഗ്ദാനം. ദേശീയപാത വികസന പദ്ധതികളുടെ നടത്തിപ്പിനു പണം കണ്ടെത്താൻ എൻ എച്ച് എ ഐ ഏറെ നാളായി എൽ ഐ സിയുമായും ഇ പി എഫ് ഒയുമായും ചർച്ച നടത്തുന്നുണ്ട്. നടപ്പ് സാമ്പത്തിക വർഷം 50,000 കോടി രൂപ കടമെടുക്കാൻ എൻ എച്ച് എ ഐയ്ക്ക് കേന്ദ്ര ധനമന്ത്രാലയം അനുമതിയും നൽകിയിട്ടുണ്ട്.
എന്നാൽ ഇന്ധന സെസ് ഇനത്തിലുള്ള വരുമാനം കുറഞ്ഞത് എൻ എച്ച് എ ഐയുടെ വികസന പദ്ധതികൾക്കു തിരിച്ചടി സൃഷ്ടിച്ചിട്ടുണ്ട്. പ്രതീക്ഷിച്ചതിലും കുറഞ്ഞ വിഹിതമാണ് ഇന്ധന സെസായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം എൻ എച്ച് എ ഐയ്ക്കു കൈമാറിയത്.

നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ എട്ടു മാസത്തിനിടെ 75,000 കോടി രൂപ ചെലവിൽ 5,000 കിലോമീറ്ററോളം ദേശീയ പാത നിർമിക്കാനുള്ള കരാറുകളാണ് അതോറിട്ടി നൽകിയത്. 2016 — 17ൽ ഒരു ലക്ഷം കോടിയോള രൂപ ചെലവിൽ 7,000 കിലോമീറ്റർ റോഡ് നിർമാണമാണ് അതോറിട്ടി ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞ വർഷം 2,000 കിലോമീറ്റർ നാലുവരിപ്പാത നിർമിച്ചത് ഇക്കൊല്ലം 4,000 കിലോമീറ്ററായി ഉയർത്താനും എൻ എച്ച് എ ഐയ്ക്കു പദ്ധതിയുണ്ട്. അധിക ഗ്രാന്റായ 2,100 കോടി അടക്കം മൊത്തം 59,000 കോടി രൂപയാണു ധനമന്ത്രാലയം ഇക്കൊല്ലം എൻ എച്ച് എ ഐയ്ക്ക് അനുവദിച്ചത്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്ന മസാല ബോണ്ടുകൾ വഴി 7,000 കോടി രൂപ സമാഹരിക്കാനും അതോറിട്ടിക്കു പദ്ധതിയുണ്ട്.  

Your Rating: