Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോഴ്സ് ഇന്ത്യ വിട്ട് ഹൾകൻബർഗ് റെനോയിലേക്ക്

nico-hulkenberg നികൊ ഹൾകൻബർഗ്. Image courtesy: facebook

ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിന്റെ 2017 സീസണിൽ റെനോയ്ക്കൊപ്പം മത്സരിക്കാൻ ഫോഴ്സ് ഇന്ത്യയുടെ ജർമൻ ഡ്രൈവർ നികൊ ഹൾകൻബർഗ് തീരുമാനിച്ചു. ഹൾകൻബർഗ് (29) ടീം വിടുന്ന കാര്യം ഫോഴ്സ് ഇന്ത്യ സ്ഥിരീകരിച്ചു.

അടുത്ത സീസണിലും ഫോഴ്സ് ഇന്ത്യയ്ക്കൊപ്പം തുടരുമെന്നായിരുന്നു 2015ലെ ലെ മാൻസ് എൻഡ്യൂറൻസ് റേസ് ജേതാവായ ഹൾകൻബർഗിന്റെ മുൻ പ്രഖ്യാപനം. പിന്നീട് അദ്ദേഹം ഫ്രഞ്ച് നിർമാതാക്കളായ റെനോയ്ക്കൊപ്പം ചേരുമെന്ന അഭ്യൂഹം ശക്തമായി. ഫോഴ്സ് ഇന്ത്യയുടെ സ്ഥിരീകരണത്തോടെ അടുത്ത സീസണിൽ ഹൾകൻബർഗിന്റെ ഫോർമുല വൺ പങ്കാളിത്തം സംബന്ധിച്ച അനിശ്ചിതത്വത്തിനും വിരാമമായി. എങ്കിലും ഹൾകൻബർഗ് ടീമിൽ ചേരുന്നതു സംബന്ധിച്ചു റെനോ പ്രതികരിച്ചിട്ടില്ല.

ഫോർമുല വണ്ണിൽ വേറിട്ട പാത തിരഞ്ഞെടുത്ത നികൊയ്ക്ക് സഹാറ ഫോഴ്സ് ഇന്ത്യ ടീമിന്റെ ആശംസകൾ എന്നായിരുന്നു ഫോഴ്സ് ഇന്ത്യ ടീം പ്രിൻസിപ്പൽ വിജയ് മല്യയുടെ പ്രസ്താവന. അഞ്ചു വർഷമായി ഫോഴ്സ് ഇന്ത്യയ്ക്കൊപ്പമുള്ള നികൊ ഹൾകൻബർഗ് ടീമിന്റെ വിജയത്തിനായി വൻ സംഭാവന നൽകിയെന്നും അദ്ദേഹം വിലയിരുത്തി. ഫോർമുല വൺ മത്സരങ്ങളിൽ ടീമിനായി ഏറ്റവുമധികം പോയിന്റ് സമ്മാനിച്ചതും മികച്ച ഡ്രൈവറായ ഹൾകൻബർഗാണ്. നികൊ ഹൾകൻബർഗിന്റെ വേർപാട് ദുഃഖകരമാണെങ്കിലും പുത്തൻ അവസരം തേടിയുള്ള അദ്ദേഹത്തിന്റെ പ്രയാണത്തിനു തടസ്സം നിൽക്കാൻ ടീം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മെഴ്സീഡിസ് എൻജിനുകളുമായി ട്രാക്കിലിറങ്ങുന്ന ഫോഴ്സ് ഇന്ത്യ ഇക്കൊല്ലത്തെ ഫോർമുല വൺ നിർമാതാക്കളുടെ ചാംപ്യൻഷിപ്പിൽ നാലാം സ്ഥാനത്താണ്. വില്യംസാണു തൊട്ടു പിന്നിൽ. റെനോ ഇപ്പോൾ ഒൻപതാം സ്ഥാനത്താണെങ്കിലും നിർമാതാക്കളുടെ ഉടമസ്ഥതയിലുള്ള ടീമെന്ന നിലയിലുള്ള മികച്ച എൻജിനും സൗകര്യങ്ങളുമൊക്കെ ലഭ്യമായതിനാൽ മുന്നേറാൻ സാധ്യതയേറെയാണ്.

ജി പി ടു ചാംപ്യനായിരുന്ന ഹൾകൻബർഗിന് ഫോർമുല വണ്ണിൽ ഏഴു സീസൺ പിന്നിടുമ്പോഴും വിജയപീഠത്തിൽ ഇടംപിടിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. നേരത്തെ വില്യംസിനൊപ്പവും സേബറിനൊപ്പവും ഹൾകൻബർഗ് ഓരോ സീസണിൽ മത്സരിച്ചിരുന്നു. അതേസമയം ഫോഴ്സ് ഇന്ത്യയ്ക്കായി നാലു തവണ വിജയപീഠത്തിൽ ഇടം നേടിയ മെക്സിക്കൻ ഡ്രൈവർ സെർജിയൊ പെരെസ് 2017 സീസണിലും ടീമിനൊപ്പമുണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.