Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുത വാഹന നിർമാണം പരിഗണിച്ചു റോസ്ബർഗ്

Austria F1  Rosberg Nico Rosberg

അപ്രതീക്ഷിത വിടവാങ്ങൽ പ്രഖ്യാപനത്തിലൂടെ കായികപ്രേമികളെ ഞെട്ടിച്ച ഫോർമുല വൺ ലോക ചാംപ്യൻ നികൊ റോസ്ബർഗ് വൈദ്യുത വാഹന നിർമാണ മേഖലയിൽ നിക്ഷേപത്തിനൊരുങ്ങുന്നു. റേസ് ട്രാക്കിനെ ഉദ്ദേശിച്ച് ‘വൃത്തത്തിലുള്ള ഡ്രൈവിങ്ങിന് അപ്പുറ’മാണ് ജീവിതമെന്ന പ്രഖ്യാപനത്തോടെയായിരുന്നു മെഴ്സീഡിസ് എ എം ജി പെട്രോണാസ് ടീമിന്റെ ജർമൻ ഡ്രൈവറായ റോസ്ബർഗ്(31) വിടപറഞ്ഞത്. കഴിഞ്ഞ സീസണിലെ അവസാന ഗ്രാൻപ്രിയിൽ കിരീടം ഉറപ്പാക്കി അഞ്ചു ദിവസം പിന്നിടുമ്പോഴായിരുന്നു റോസ്ബർഗിന്റെ വിരമിക്കൽ പ്രഖ്യാപനം. ഭാര്യയ്ക്കും മകൾക്കുമൊപ്പം സമയം ചെലവിടാനും ജീവനകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാകാനും ലക്ഷ്യമിട്ടാണു കളമൊഴിയുന്നതെന്നും റോസ്ബർഗ് അന്നു വ്യക്തമാക്കിയിരുന്നു.

സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിലാണു വൈദ്യുത കാർ നിർമാണത്തിലെ നിക്ഷേപ സാധ്യത റോസ്ബർഗ് വെളിപ്പെടുത്തിയത്. ടീമുമായുള്ള കരാർ മൂലം 11 വർഷമായി സ്കീയിങ്ങിൽ പങ്കെടുക്കാനാവാതെ പോയതിന്റെ നഷ്ടം നികത്താനും സ്വിസ് സ്കീ റിസോർട്ടായ ദാവോസിലേക്കുള്ള വരവ് അവസരമാകുമെന്നു റോസ്ബർഗ് അഭിപ്രായപ്പെട്ടു.
സമൂഹത്തിന് എന്തൊക്കെ തിരിച്ചുകൊടുക്കാൻ സാധിക്കുമെന്നാണു തന്റെ ചിന്തയെന്നും റോസ്ബർഗ് വിശദീകരിച്ചു. ആദ്യനടപടിയെന്ന നിലയിൽ ജന്മനാടായ ജർമനിയിലെത്തി രോഗബാധിതരായ കുട്ടികളെ സന്ദർശിക്കാനാണു പരിപാടി. വൈദ്യുത കാർ നിർമാണ മേഖലയിലെ നിക്ഷേപം പോലുള്ള വ്യപാര സാധ്യതകളും പരിഗണനയിലുണ്ട്.

ഫോർമുല വണ്ണിൽ മത്സരിക്കാൻ അവസരം ലഭിച്ച ആദ്യ ഫിന്നിഷ് ഡ്രൈവറായ കെകെ റോസ്ബർഗിന്റെ മകനായ നികൊയുടെ തുടക്കം ആറാം വയസ്സിൽ കാർട്ടിങ്ങിലൂടെയായിരുന്നു. കായിക ജീവിതത്തിൽ കൊടുമുടി കീഴടക്കി നിൽക്കെ വിരമിക്കൽ പ്രഖ്യാപിച്ചതിൽ തെല്ലും നഷ്ടബോധമില്ലെന്നും റോസ്ബർഗ് വ്യക്തമാക്കി. സ്വന്തം പാത തിരഞ്ഞെടുക്കാനും അവരവർക്ക് യോജിച്ചതെന്തെന്ന് കണ്ടെത്തി പിന്തുടരാന് കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  

Your Rating: