Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിറ്റ്സുബിഷിയിൽ 33% ഓഹരി വാങ്ങാനൊരുങ്ങി നിസ്സാൻ

Nissan

മൂലധന രംഗത്ത് പരസ്പര സഹകരണത്തിനുള്ള സാധ്യത ചർച്ച ചെയ്യുകയാണെന്നു ജാപ്പനീസ് വാന നിർമാതാക്കളായ നിസ്സാൻ മോട്ടോർ കമ്പനിയും മിറ്റ്സുബിഷി മോട്ടോഴ്സ് കോർപറേഷനും സ്ഥിരീകരിച്ചു. വാഹനങ്ങളുടെ ഇന്ധനക്ഷമതയെപ്പറ്റി വസ്തുതാവിരുദ്ധമായ പ്രചാരണം നടത്തി പ്രതിസന്ധിയിലായ മിറ്റ്സുബിഷിയുടെ മൂന്നിലൊന്ന് ഓഹരികൾ നിസ്സാൻ ഏറ്റെടുക്കുന്നതു സംബന്ധിച്ച ചർച്ചകളിലും കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.

മൂലധന രംഗത്തെ സഹകരണമടക്കമുള്ള വിഷയങ്ങൾ നിസ്സാനും മിറ്റ്സുബിഷിയും ചർച്ച ചെയ്യുന്നുണ്ടെന്ന് ഇരുകമ്പനികളും വെവ്വേറെ പ്രസ്താവനകളിൽ സ്ഥിരീകരിച്ചു. ഇതേപ്പറ്റി ചർച്ച ചെയ്യാൻ ഇരുകമ്പനികളുടെയും ബോർഡ് ഓഫ് ഡയറക്ടേഴ്സ് പ്രത്യേക യോഗവും ചേരുന്നുണ്ട്.

വാഹനങ്ങളുടെ ഇന്ധനക്ഷമത പെരുപ്പിച്ചു കാട്ടി പ്രതിസന്ധി നേരിടുന്ന മിറ്റ്സുബിഷിയുടെ 33% ഓഹരികൾക്കായി നിസ്സാൻ 180 കോടി ഡോളർ(ഏകദേശം 11,986.19 കോടി രൂപ) മുടക്കുമെന്നാണു സൂചന. ഇതു സംബന്ധിച്ച ചർച്ചകളാണ് ഇപ്പോൾ അവസാനഘട്ടത്തോടടുക്കുന്നത്. ഇടപാട് പൂർത്തിയായാൽ വിൽപ്പനയുടെ അടിസ്ഥാനത്തിൽ ജാപ്പനീസ് വാഹന നിർമാതാക്കളിൽ രണ്ടാം സ്ഥാനത്തുള്ള നിസ്സാൻ, മിറ്റ്സുബിഷി മോട്ടോഴ്സിന്റെ ഏറ്റവും വലിയ ഓഹരി ഉടമയായി മാറും.

നിലവിൽ ഫ്രഞ്ച് നിർമാതാക്കളായ റെനോയും നിസ്സാനുമായി സഖ്യത്തിലാണ്; പക്ഷേ റെനോയുടെ 15% ഓഹരി മാത്രമാണു നിസ്സാന്റെ പക്കലുള്ളത്. അതേസമയം നിസ്സാന്റെ 43.4% ഓഹരികൾ റെനോയുടെ പക്കലാണ്.

ഇന്ധനക്ഷമതാ വിവാദത്തെ അതിജീവിക്കാനുള്ള പണം കമ്പനിയുടെ പക്കലുണ്ടെന്നു ബുധനാഴ്ച മിറ്റ്സുബിഷി മോട്ടോഴ്സ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഓഹരി വിൽപ്പന സംബന്ധിച്ച് നിസ്സാനും മിറ്റ്സുബിഷിയുമായുള്ള ചർച്ചകളിൽ ഗണ്യമായ പുരോഗതി കൈവരിച്ചെന്ന വാർത്തകൾ പുറത്തെത്തിയത്. നിസ്സാനു നിർമിച്ചു നൽകിയ മിനി വാഹനങ്ങളുടെ ഇന്ധനക്ഷമതയും പെരുപ്പിച്ചു കാട്ടിയതാണെന്നു മിറ്റ്സുബിഷി മോട്ടോഴ്സ കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ ഏപ്രിൽ 20നു വിവാദം പൊട്ടിപ്പുറപ്പെട്ട പിന്നാലെ മിറ്റ്സുബിഷി ഓഹരികളുടെ മൂല്യത്തിൽ 42 ശതമാനത്തോളം ഇടിവു രേഖപ്പെടുത്തിയിട്ടുണ്ട്. കമ്പനിയുടെ വിപണി മൂല്യത്തിൽ 300 കോടിയോളം ഡോളറി(ഏകദേശം 19976.99 കോടി രൂപ)ന്റെ ഇടിവു നേരിട്ടിട്ടുണ്ടെന്നാണു കണക്ക്. പോരെങ്കിൽ വിവാദത്തിൽ നിന്നു കരകയറാൻ കനത്ത നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന ആശങ്കകൾക്കു പിന്നാലെ ഏപ്രിലിൽ മിറ്റ്സുബിഷിയുടെ വാഹന വിൽപ്പന പകുതിയോളമായി താഴുകയും ചെയ്തു.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം സ്വതന്ത്ര കമ്പനികളായി വിഭജിക്കപ്പെട്ട മിറ്റ്സുബിഷി വാണിജ്യ സാമ്രാജ്യത്തിന്റെ ഭാഗമാണു മിറ്റ്സുബിഷി മോട്ടോഴ്സ്. സഹോദര സ്ഥാപനങ്ങളായ മിറ്റ്സുബിഷി ഹെവി ഇൻഡസ്ട്രീസ് ലിമിറ്റഡ്, മിറ്റ്സുബിഷി കോർപറേഷൻ, ബാങ്ക് ഓഫ് ടോക്കിയോ മിറ്റ്സുബിഷി യു എഫ് ജെ എന്നിവയും അവയുടെ ഉപസ്ഥാപനങ്ങൾക്കും കൂടി മിറ്റ്സുബിഷി മോട്ടോഴ്സിൽ 34% ഓഹരി പങ്കാളിത്തവുമുണ്ട്.  

Your Rating: