Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിസ്സാൻ, ഡാറ്റ്സൻ കാറുകൾ വാങ്ങാനൊരുങ്ങി ഓല

ola cabs

ബെംഗളൂരു ആസ്ഥാനമായ ടാക്സി അഗ്രിഗേറ്ററായ ഓലയുടെ തന്ത്രപ്രധാന പങ്കാളിയാവാൻ ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ മോട്ടോർ ഇന്ത്യ രംഗത്ത്. കാറുകൾ വാടകയ്ക്കെടുക്കുന്നതിനു പകരം ഡ്രൈവർമാർക്കു കാർ പാട്ടത്തിനു നൽകാനുള്ള ഓലയുടെ പദ്ധതിയുമായാണു നിസ്സാൻ സഹകരിക്കുക. ഇരുകമ്പനികളുമായുള്ള ധാരണപ്രകാരം നിസ്സാന്റെയും ഡാറ്റ്സന്റെയും ബ്രാൻഡിൽപെട്ട കാറുകളാവും ഓല വാങ്ങുക.

നിസ്സാനു പുറമെ മറ്റു കാർ നിർമാതാക്കളുമായും സമാന കരാറുകളിൽ ഏർപ്പെടാൻ ഓലയ്ക്കു പദ്ധതിയുണ്ട്. അടുത്ത വർഷം അവസാനിക്കുമ്പോഴേക്ക് മൊബൈൽ ആപ്ലിക്കേഷൻ പ്ലാറ്റ്ഫോം വഴി രാജ്യവ്യാപകമായി ഒരു ലക്ഷത്തോളം വാഹനങ്ങൾ ലഭ്യമാക്കാനാണ് ഓല ലക്ഷ്യമിടുന്നത്.

ഏതാനും വർഷമായി ഇന്ത്യയിലെ കാബ് വ്യവസായ മേഖലയിൽ അത്ഭുതകരമായ വളർച്ചയാണു ദൃശ്യമാവുന്നതെന്ന് നിസ്സാൻ മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടർ അരുൺ മൽഹോത്ര അഭിപ്രായപ്പെട്ടു. ദശലക്ഷക്കണക്കിന് ഇടപാടുകാർക്കും പങ്കാളികളായ ഡ്രൈവർമാർക്കുമെല്ലാം നേട്ടം സമ്മാനിച്ച് ഈ മേഖലയിൽ വിപ്ലവകരമായ മാറ്റത്തിനു തുടക്കമിട്ട കമ്പനിയാണ് ഓലയെന്നും അദ്ദേഹം വിലയിരുത്തി. ഫ്ളീറ്റ് വിഭാഗത്തിൽ ആഗോളതലത്തിൽ നിസ്സാൻ ശക്തമായ സാന്നിധ്യമുണ്ട്; ഇന്ത്യയിലും ഈ മേഖലയിൽ വിപുല സാധ്യതയുണ്ടെന്നാണു കമ്പനിയുടെ നിഗമനം. ഓലയുമായുള്ള പങ്കാളിത്തത്തിലൂടെ ഇന്ത്യയിലെ ഫ്ളീറ്റ് മേഖലയിലും സജീവ സാന്നിധ്യമാവാൻ കമ്പനിക്കു കഴിയുമെന്നു മൽഹോത്ര പ്രത്യാശിച്ചു.

കമ്പനിയുമായി സഹകരിക്കുന്ന ഡ്രൈവർമാർക്കു മികച്ച വാഹനങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് ഓലയുടെ ഉപസ്ഥാപനമായ ഓല ഫ്ളീറ്റ് ടെക്നോളജി നിസ്സാനുമായി ധാരണയിലെത്തിയതെന്ന് ഓലയുടെ വൈസ് പ്രസിഡന്റ്(സ്ട്രാറ്റജിക് സപ്ലൈ ഇനിഷ്യേറ്റീവ്സ്) രാഹുൽ മറോളി പ്രതികരിച്ചു. തൊഴിൽ നൽകുന്നതിനു പുറമെ ഡ്രൈവർമാരെ ഭാവിയിലെ വ്യവസായ സംരംഭകർ കൂടിയായി വളർത്തുകയാണ് ഓലയുടെ ലക്ഷ്യം. ഇന്ത്യയിലെ ഇടപാടുകാർക്കു മികച്ച സേവനം ഉറപ്പാക്കാൻ ഭാവിയിൽ ഇത്തരം കൂടുതൽ സഖ്യങ്ങൾക്ക് ഓല മുൻകൈയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡ്രൈവർമാരിൽ നിന്നു കുറഞ്ഞ തുക നിക്ഷേപമായി ഈടാക്കി കാറുകൾ ദീർഘകാല പാട്ടത്തിനു നൽകാനാണ് ഓല പുതിയ ഉപസ്ഥാപനമായ ഓല ഫ്ളീറ്റ് ടെക്നോളജി രൂപീകരിച്ചത്. കാറുകളുടെ പരിപാലന ചെലവിനൊപ്പം പ്രതിമാസ തുക കൂടി ഈടാക്കിയാവും ഓല പുത്തൻ കാറുകൾ ഡ്രൈവർമാർക്കു നൽകുക. വായ്പയ്ക്കു പിന്നാലെ പരക്കം പായാതെ, പ്രതിമാസ വാടക നൽകിയാൽ സ്ഥിരമായ ഓട്ടത്തോടെ പുതിയ കാറുകൾ ലഭിക്കുമെന്നതു പദ്ധതി ആകർഷകമാക്കുമെന്ന് ഓല കരുതുന്നു. പോരെങ്കിൽ മൂന്നു വർഷത്തിനു ശേഷം കാറുകളുടെ ഉടമസ്ഥാവകാശവും ഡ്രൈവർമാർക്കു കൈമാറുമെന്നാണ് ഓലയുടെ വാഗ്ദാനം.