Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിസ്സാൻ ഇന്ത്യയുടെ സർവീസ് ക്യാംപെയ്ൻ 17 വരെ

nissan

ഇന്ത്യയിലെ വാഹന ഉടമകൾക്കു മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്താൻ ജാപ്പനീസ് കാർ നിർമാതാക്കളായ നിസ്സാൻ സംഘടിപ്പിക്കുന്ന സർവീസ് ക്യാംപെയ്നിന്റെ അഞ്ചാം പതിപ്പിനു തുടക്കമായി. രാജ്യത്തെ 123 നഗരങ്ങളിലായി 147 കേന്ദ്രങ്ങളിൽ ആരംഭിച്ച ക്യാംപുകളാണ് 17 വരെ തുടരുക. കഴിഞ്ഞ നാലു ‘ഹാപ്പി വിത്ത് നിസ്സാൻ’ ക്യാംപെയ്നുകളിലായി ലക്ഷത്തോളം വാഹന ഉടമകൾ പങ്കെടുത്തെന്നാണു നിസ്സാന്റെ കണക്ക്. ഇടപാടുകാരെ നേരിൽ കണ്ടു പ്രശ്നങ്ങളും പോരായ്മകളും മനസ്സിലാക്കാനും പരിഹാര മാർഗങ്ങൾ സ്വീകരിക്കാനുമുള്ള കമ്പനിയുടെ വിൽപ്പനാന്തര സേവന വിഭാഗത്തിന്റെ ഉദ്യമമാണ് ഈ സർവീസ് ക്യാംപെയ്ൻ. നിസ്സാന്റെ അംഗീകൃത സർവീസ് സെന്ററുകളുടെ സേവനം തേടുന്നതു വഴിയും യഥാർഥ സ്പെയർ പാർട്സും അക്സസറികളും ഉപയോഗിക്കുന്നതു കൊണ്ടുമുള്ള പ്രയോജനങ്ങളെപ്പറ്റി കാർ ഉടമകളെ ബോധവൽക്കരിക്കാനും കമ്പനി ഈ അവസരം വിനിയോഗിക്കുന്നുണ്ട്.

സർവീസ് ക്യാംപുകളിൽ നിസ്സാൻ കാറുകൾ സൗജന്യമായി പരിശോധിച്ചു നൽകുമെന്നാണു കമ്പനിയുടെ പ്രധാന വാഗ്ദാനം. സൗജന്യ കാർ പരിശോധനയ്ക്കും ടോപ് വാഷിനും പുറമെ ലേബർ ചാർജുകളിൽ ഇളവും അനുവദിക്കും. യഥാർഥ നിസ്സാൻ അക്സസറികളുടെ വിലയിലും ഇളവ് ലഭ്യമാണ്. ക്യാംപിലെത്തുന്ന കാറുകൾക്കു സമഗ്രമായ 60 പോയിന്റ് പരിശോധനയാണു നിസ്സാൻ നടത്തുക. ഒപ്പം ഈ ക്യാംപെയ്നിന്റെ ഭാഗമായി ഒരു വർഷത്തെ നിസ്സാൻ എക്സ്റ്റൻഡഡ് വാറന്റി അടിസ്ഥാന നിരക്കിൽ സ്വന്തമാക്കാനും അവസരമുണ്ട്; ഒരു വർഷത്തിലേറെ കാലാവധിയുള്ള വാറന്റിക്ക് നിരക്കിളവും കമ്പനി വാഗ്ദാനം ചെയ്യുന്നു.

വാഹന ഉടമകളുടെ സംതൃപ്തി ഉറപ്പാക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നു നിസ്സാൻ മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടർ അരുൺ മൽഹോത്ര അഭിപ്രായപ്പെട്ടു. നിലവിലുള്ള ഉടമകൾക്കു വാഹനം വാങ്ങിയ ശേഷവും മികച്ച സേവനം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് സർവീസ് ക്യാംപെയ്ൻ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. നിസ്സാൻ ഉപയോക്താക്കളുടെ വിശ്വാസം നേടാനും അവർക്ക് അഭിമാനം പകരാനുമാണ് ഈ ക്യാംപെയ്നിന്റെ പ്രധാന ലക്ഷ്യം. ജെ ഡി പവർ ഏഷ്യ പസഫിക്കിന്റെ 2015ലെ ഇന്ത്യ സെയിൽസ് സാറ്റിസ്ഫാക്ഷൻ ഇൻഡക്സ്(എസ് എസ് ഐ) പഠനത്തിൽ മൂന്നാം സ്ഥാനം നേടാനായതു കമ്പനിയെ സംബന്ധിച്ചിടത്തോളം മികച്ച നേട്ടമാണെന്നും മൽഹോത്ര വിലയിരുത്തി.  

Your Rating: