Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഷ്യയിലെ നിസ്സാൻ ഉൽപ്പാദനം 2.5 ലക്ഷം പിന്നിട്ടു

nissan-russia Nissan Russia

ജാപ്പനീസ് നിർമാതാക്കളായ നിസ്സാന്റെ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിലുള്ള ശാലയിൽ നിന്നുള്ള മൊത്തം ഉൽപ്പാദനം രണ്ടര ലക്ഷം യൂണിറ്റ് പിന്നിട്ടു. രണ്ടു ലീറ്റർ എൻജിൻ ഘടിപ്പിച്ച നീല ഓൾവീൽ ഡ്രൈവ്, ഓട്ടമാറ്റിക് ട്രാൻസ്മിഷൻ നിസ്സാൻ ‘ഖഷാക്വൈ’യാണു ശാലയുടെ ഉൽപ്പാദനം 2.5 ലക്ഷത്തിലെത്തിച്ചത്. മൊത്തം 37.5 കോടി യന്ത്രഘടകങ്ങൾക്കും 2,000 ടൺ പെയിന്റിനും പുറമെ 28,300 പ്രവൃത്തി മണിക്കൂറുകളും ചേർന്നാണ് ഈ നേട്ടത്തിലെത്തിയതെന്നും കമ്പനി വിശദീകരിച്ചു. 2009 ജൂണിലായിരുന്നു ശാല ഔപചാരികമായി പ്രവർത്തനം ആരംഭിച്ചത്.

റഷ്യൻ സാഹചര്യങ്ങൾക്കായി പ്രത്യേക രൂപകൽപ്പന ചെയ്ത ‘ഖഷാക്വൈ’ പോലുള്ള മോഡലുകളാണു നിസ്സാന്റെ കരുത്ത്. പോരെങ്കിൽ റഷ്യൻ വിപണിക്കുള്ള വാഹനങ്ങളിൽ 95 ശതമാനവും കമ്പനി ഇപ്പോൾ പ്രാദേശികമായി നിർമിക്കുകയാണ്.ഉൽപ്പാദനം രണ്ടര ലക്ഷത്തിലെത്തിയതോടെ യൂറോപ്പിൽ നിസ്സാനുള്ള ഏറ്റവും പഴക്കം കുറഞ്ഞ ശാല കൈവരിച്ച വളർച്ചയും വികസനവും പുരോഗതിയുമൊക്കെയാണു വെളിവാകുന്നതെന്നു കമ്പനിയുടെ റഷ്യയിലെ നിർമാണ വിഭാഗം വൈസ് പ്രസിഡന്റ് ദിമിത്രി മിഖൈലോവ് അഭിപ്രായപ്പെട്ടു. ശാലയിൽ നിന്നു പുറത്തെത്തുന്ന ഓരോ പുതിയ വാഹനത്തിലൂടെയും പ്രകടനം മെച്ചപ്പെടുത്താനാണു കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ പുത്തൻ നിസ്സാൻ ‘മുരാനൊ’ അവതരണത്തോടെ ഇക്കൊല്ലം നിസ്സാൻ സെന്റ് പീറ്റേഴ്സ്ബർഗ് ശാലയുടെ 10—ാം വാർഷികം ആഘോഷിച്ചിരുന്നു. മൊത്തം 31.2 കോടി യൂറോ(ഏകദേശം 2269.19 കോടി രൂപ) ആണു നിസ്സാൻ ഈ ശാലയിൽ ഇതുവരെ നിക്ഷേപിച്ചത്. എസ് യു വിയായ ‘എക്സ് ട്രെയ്ൽ’, ‘പാത്ത് ഫൈൻഡർ’ എന്നിവയും നിസ്സാൻ സെന്റ് പീറ്റേഴ്സ്ബർഗിൽ നിർമിക്കുന്നുണ്ട്.