Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ 12,000 കാർ തിരിച്ചുവിളിക്കാൻ നിസ്സാൻ

Nissan Sunny

എൻജിൻ സ്വിച്ചിന്റെയും എയർബാഗുകളുടെയും നിർമാണപിഴവിന്റെ പേരിൽ ഇന്ത്യയിലും 12,000 കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കാൻ ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ തീരുമാനിച്ചു. 2013 ജൂണിനും 2015 മാർച്ചിനുമിടയ്ക്കു നിർമിച്ച ‘സണ്ണി’യും ‘മൈക്ര’യുമാണു നിസ്സാൻ തിരിച്ചു വിളിക്കുന്നത്. ആഗോളതലത്തിൽ 2.70 കാറുകൾ തിരിച്ചുവിളിക്കുന്നതിന്റെ ഭാഗമായാണ് നിസ്സാൻ ഇന്ത്യയിലും ‘സണ്ണി’യും ‘മൈക്ര’യും പരിശോധിക്കുന്നത്.

വിദേശ രാജ്യങ്ങളിൽ സ്വന്തം നിലയിൽ പ്രഖ്യാപിച്ച പരിശോധനയുടെ ഭാഗമായാണ് ഇന്ത്യയിലും ഇടത്തരം സെഡാനായ ‘സണ്ണി’യും ചെറുകാറായ ‘മൈക്ര’യും തിരിച്ചു വിളിക്കുന്നതെന്നു നിസ്സാൻ വിശദീകരിച്ചു. ആഗോളതലത്തിൽ തിരിച്ചുവിളിക്കാൻ തീരുമാനിച്ച 2.70 ലക്ഷം കാറുകളിൽ 12,000 എണ്ണമാണ് ഇന്ത്യയിൽ വിറ്റതെന്നാണു കമ്പനിയുടെ കണക്ക്.

അമിത ഇടപെടൽ ഇല്ലാതാക്കാനായി കാറുകൾ അംഗീകൃത ഡീലർഷിപ്പിലെത്തിച്ചാൽ തകരാറുള്ള എൻജിൻ സ്വിച്ചുകൾ സൗജന്യമായി മാറ്റിനൽകുമെന്നാണു നിസ്സാന്റെ വാഗ്ദാനം. തിരിച്ചുവിളിക്കുന്ന കാറുകളിൽ നേരിയ പങ്കിനു മാത്രമാണ് തകാത്ത കോർപറേഷൻ ലഭ്യമാക്കിയ എയർബാഗ് മൂലം തകരാർ സംശയിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. ഉപയോക്താക്കളുടെ സുരക്ഷിതത്വവും സംതൃപ്തിയും നിസ്സാനു പരമപ്രധാനമാണെന്നും അതിനാലാണു പ്രശ്ന പരിഹാരത്തിനു സത്വര നടപടി സ്വീകരിക്കുന്നതെന്നും കമ്പനി വിശദീകരിച്ചു.

തകാത്ത കോർപറേഷൻ നിർമിച്ചു നൽകിയ എയർബാഗിലെ പിഴവിന്റെ പേരിൽ ജപ്പാനിൽ നിന്നു തന്നെയുള്ള ഹോണ്ട കാഴ്സ് കഴിഞ്ഞ മാസം 11,381 കാറുകൾ തിരിച്ചുവിളിച്ചു പരിശോധിച്ചിരുന്നു. 2003 — 2007 കാലഘട്ടത്തിൽ നിർമിച്ച ‘അക്കോഡ്’, ‘സി ആർ — വി’, ‘സിവിക്’ എന്നിവയാണ് കമ്പനി തിരിച്ചുവിളിച്ചത്. ഡ്രൈവറുടെയും മുൻസീറ്റ് യാത്രികന്റെയും എയർബാഗുകൾക്കു പിഴവുണ്ടോ എന്നറിയാനായിരുന്നു ഹോണ്ടയുടെ പരിശോധന.

എയർബാഗ് ഇൻഫ്ളേറ്ററിൽ തകാത്ത കോർപറേഷൻ ഉപയോഗിച്ച അമോണിയം നൈട്രേറ്റ് പ്രൊപ്പല്ലന്റിന് പെട്ടെന്നു തീ പിടിക്കുന്നതോടെ ലോഹനിർമിത ചെറു പേടകം പൊട്ടിത്തെറിച്ച് മൂർച്ചയേറിയ വസ്തുക്കൾ യാത്രക്കാർക്കും ഡ്രൈവർക്കും നേരെ പാഞ്ഞെത്താനുള്ള സാധ്യതയാണ് അപകടഭീഷണി സൃഷ്ടിക്കുന്നത്. യു എസ് സർക്കാരിന്റെ സമ്മർദഫലമായി കമ്പനിയുടെ എയർബാഗുകൾക്കു നിർമാണതകരാറുണ്ടെന്നു തകാത്ത കോർപറേഷൻതന്നെ നേരത്തെ സമ്മതിച്ചിട്ടുണ്ട്. തുടർന്ന് വിവിധ നിർമാതാക്കളുടെ വാഹനങ്ങളിൽ ഘടിപ്പിച്ച 3.38 കോടിയോളം എയർബാഗുകൾ പരിശോധിക്കാനും തകാത്ത കോർപറേഷൻ നടപടി തുടങ്ങി.