Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേപ്പാളിന് 53 ലക്ഷത്തിന്റെ സഹായവുമായി നിസ്സാൻ

Nissan

ഭൂകമ്പം തകർത്ത ഹിമാലയൻ രാജ്യമായ നേപ്പാളിന്റെ കണ്ണീരൊപ്പാൻ കൂടുതൽ വാഹന നിർമാതാക്കൾ രംഗത്ത്. ദുരിതബാധിതരായ നേപ്പാളീസ് ജനതയ്ക്കു ഭക്ഷണം ലഭ്യമാക്കുന്ന വേൾഡ് ഫുഡ് പ്രോഗ്രാമിന് ഒരു കോടി യെന്നി(ഏകദേശം 53 ലക്ഷംരൂപ)ന്റെ സഹായമാണു ജാപ്പനീസ് വാഹന നിർമാതാക്കളായ നിസ്സാൻ മോട്ടോർ കമ്പനി ലിമിറ്റഡ് പ്രഖ്യാപിച്ചത്. നേരത്തെ നേപ്പാളിലെ ദുരിതാശ്വാസ, പുനഃർനിർമാണ പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ പ്രമുഖ ഇന്ത്യൻ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് രംഗത്തെത്തിയിരുന്നു. യു എൻ സംഘടനയായ യൂണിസെഫിന് 100 ‘അച്ചീവർ 150’ മോട്ടോർ സൈക്കിളുകളായിരുന്നു കമ്പനിയുടെ സംഭാവന.

നേരത്തെ നേപ്പാളിൽ ഇന്ത്യ ഏറ്റെടുത്ത രക്ഷാപ്രവർത്തനമായ ‘ഓപ്പറേഷൻ മൈത്രി’ക്കായി ഹീറോ മോട്ടോ കോർപ് ഒരു കോടി രൂപ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന നൽകിയിരുന്നു. ഇതിനു പുറമെ ജീവനക്കാരുടെ ഒരു ദിവസത്തെ വേതനം സമാഹരിച്ച് തത്തുല്യമായ തുക കമ്പനിയുടെ വിഹിതമായും ഉൾപ്പെടുത്തി നേപ്പാളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു സംഭാവന നൽകിയതായും ഹീറോ മോട്ടോ കോർപ് അറിയിച്ചു.

നേപ്പാളിനു സഹായ ഹസ്തവുമായി നേരത്തെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യും രംഗത്തെത്തിയിരുന്നു. രാജ്യത്തെ പുനഃരധിവാസ പ്രവർത്തനങ്ങളിൽ സഹായിക്കാൻ ട്രാക്ടറുകളും പിക് അപ് വാഹനങ്ങളും സൗജന്യമായി ലഭ്യമാക്കുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. നേപ്പാളിലെ പ്രാദേശിക വിതരണക്കാർ വഴിയാകും ആ രാജ്യത്തെ സർക്കാരിനു വാഹനങ്ങൾ കൈമാറുകയെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

ഇതോടൊപ്പം ഭൂകമ്പം ദുരിതം വിതച്ച ഇന്ത്യൻ സംസ്ഥാനങ്ങളെയും സഹായിക്കുമെന്നും മഹീന്ദ്ര പ്രഖ്യാപിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കാൻ ട്രാക്ടറുകളും പിക് അപ് ട്രക്കുകളും ലഭ്യമാക്കാനാണു കമ്പനിയുടെ പദ്ധതി.