Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാന സർവീസ് മേഖലയിലേക്കില്ലെന്നു മഹീന്ദ്ര

Mahindra Aerospace

വ്യോമഗതാഗത മേഖലയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ പരിപാടിയില്ലെന്നു യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). വിമാന കമ്പനി തുടങ്ങാൻ നീക്കം തുടങ്ങിയെന്ന മട്ടിലുള്ള മാധ്യമ വാർത്തകളോടുള്ള പ്രതികരണത്തിലാണു മഹീന്ദ്ര നിലപാട് വ്യക്തമാക്കിയത്.

വാണിജ്യാടിസ്ഥാനത്തിലുള്ള വ്യോമഗതാഗത മേഖലയിലേക്കു കടക്കാൻ മഹീന്ദ്ര ഏറോസ്പേസ് ആലോചിക്കുന്നില്ലെന്നു മഹീന്ദ്ര ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ വെളിപ്പെടുത്തി. യൂട്ടിലിറ്റി വിമാനങ്ങളുടെയും ഏറോ സ്ട്രക്ചറുകളുടെയും നിർമാണത്തിൽ മാത്രമാവും കമ്പനിയുടെ പ്രവർത്തനമെന്നും അദ്ദേഹം അറിയിച്ചു.

മഹീന്ദ്ര ഏറോസ്പേസ് മുഖേന ഏവിയേഷൻ രംഗത്തേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ ഗ്രൂപ് തയാറെടുക്കുന്നെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട വാർത്തകൾ. സംയുക്ത സംരംഭം രൂപീകരിച്ചു മഹീന്ദ്ര ഗ്രൂപ് പുതിയ വിമാന കമ്പനി ആരംഭിക്കുമെന്നായിരുന്നു വാർത്ത. പദ്ധതിയിലെ നിക്ഷേപകരെ തീരുമാനിക്കാനുള്ള നടപടി അന്തിമ ഘട്ടത്തിലാണെന്നും വൈകാതെ കമ്പനി എയർലൈൻ പദ്ധതി ഔദ്യോഗികമായി വിവിധ അംഗീകാരങ്ങൾക്കു സമർപ്പിക്കുമെന്നും വാർത്തയിലുണ്ടായിരുന്നു. എന്നാൽ ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്രയും വ്യക്തമാക്കിയിട്ടുണ്ട്.

ഏറോസ്പേസ് മേഖലയിൽ ഇന്ത്യയെ സുപ്രധാന കേന്ദ്രമാക്കി മാറ്റാനായി കഴിഞ്ഞ മാസം മഹീന്ദ്ര ആൻഡ് മഹീന്ദ്രയും യൂറോപ്യൻ വിമാന നിർമാതാക്കളായ എയർബസും ധാരണയിലെത്തിയിരുന്നു. നിലവിൽ വിമാന നിർമാണത്തിനായി 10 കോടി ഡോളർ(ഏകദേശം 600 കോടി രൂപ) മൂല്യമുള്ള ഘടകങ്ങൾ മാത്രമാണ് എയർബസ് ഇന്ത്യയിൽ നിന്നു സമാഹരിക്കുന്നത്. എന്നാൽ നിർമാണസൗകര്യങ്ങൾ വിപുലീകരിച്ചാൽ എയർബസിൽ നിന്നുള്ള വരുമാനം ഇതിന്റെ നാലരട്ടിയാക്കാൻ കഴിയുമെന്നായിരുന്നു മഹീന്ദ്രയുടെ പ്രഖ്യാപനം.

രണ്ടാഴ്ച മുമ്പ് മഹീന്ദ്ര സംഘം വ്യോമഗതാഗത മന്ത്രാലയത്തിലെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതാണു കമ്പനി എയർലൈൻ തുടങ്ങുമെന്ന പ്രചാരണത്തിനു തുടക്കമിട്ടത്. മഹീന്ദ്രയ്ക്ക് തത്വത്തിൽ അംഗീകാരം നൽകിയ മന്ത്രാലയം പദ്ധതിയുടെ വിശദാംശങ്ങളുമായി തിരിച്ചെത്താൻ ആവശ്യപ്പെടുകയായിരുന്നത്രെ. നിർദിഷ്ട വിമാന കമ്പനിയുടെ പ്രായോജകരെക്കുറിച്ചും ഉടമസ്ഥതയുടെ ഘടന സംബന്ധിച്ചുമുള്ള വിശദ വിവരങ്ങളാണ് മന്ത്രാലയം തേടിയതെന്നു പറയപ്പെടുന്നു.

ഗ്രാമീണ മേഖലകൾക്ക് അനുയോജ്യമായ, 20 സീറ്റുള്ള വിമാനങ്ങൾ വിൽക്കാൻ മഹീന്ദ്ര ഏറോസ്പേസിനു ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡി ജി സി എ) അടുത്തയിടെ അനുമതി നൽകിയിരുന്നു. ഗ്രാമീണ മേഖലകളെ ചെറുവിമാനങ്ങൾ ഉപയോഗിച്ചു വൻനഗരങ്ങളുമായി ബന്ധിപ്പിക്കുന്ന പദ്ധതിക്ക് വിപുല സാധ്യതയുണ്ടെന്നായിരുന്നു രണ്ടു മൂന്നു വർഷം മുമ്പ് മഹീന്ദ്ര ഏറോസ്പേസ് അവതരണ വേളയിൽ കമ്പനിയുടെ നിലപാട്. പോരെങ്കിൽ ചെറുകിട പട്ടണങ്ങളിലേക്കു വിമാന സർവീസ് പ്രോത്സാഹിപ്പിക്കുകയെന്ന കേന്ദ്ര സർക്കാർ നയവും മഹീന്ദ്ര ഏറോസ്പേസിന്റെ അരങ്ങേറ്റത്തിന് അനുകൂല ഘടകമാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.