Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോട്ട് പിൻവലിക്കാൻ: സഹായ ഹസ്തവുമായി ഓല

ola

മൂല്യമേറിയ നോട്ടുകൾ പിൻവലിച്ചതു മൂലം പ്രതിസന്ധി നേരിടുന്ന ഡ്രൈവർമാരെ സഹായിക്കാൻ ഓൺലൈൻ ടാക്സി അഗ്രിഗേറ്റർമാരായ ഓല കാബ്സ് രംഗത്ത്. കമ്പനിക്കായി കാർ ഓടിക്കുന്ന ഡ്രൈവർമാരെ സഹായിക്കാൻ പ്രമുഖ ബാങ്കുകളും പൊതുമേഖല എണ്ണ കമ്പനികളുമായി ഓല ധാരണയിലെത്തി. ബെംഗളൂരുവിൽ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡി(ബി പി സി എൽ)ന്റെ സഹകരണത്തോടെ ഓല കാബ്സ് ഇന്ധനം നിറയ്ക്കാൻ ഇ വൗച്ചറുകൾ ലഭ്യമാക്കി തുടങ്ങി. ഇതോടെ കമ്പനി ഡ്രൈവർമാർക്കു പണത്തിനും കാർഡിനും പകരം ഇ വൗച്ചർ നൽകി കാറുകളിൽ ഇന്ധനം നിറയ്ക്കാൻ അവസരമൊരുങ്ങി. ഡിസംബർ അവസാനം വരെ തുടരുന്ന ഈ സംവിധാനം മറ്റു നഗരങ്ങളിലേക്കു വ്യാപിപ്പിക്കാനും ഓല കാബ്സ് ആലോചിക്കുന്നുണ്ട്.

കൂടാതെ ഡ്രൈവർമാർക്കു പണലഭ്യത ഉറപ്പാക്കാൻ ഓല കാബ്സ് ഓഫിസുകൾക്കു സമീപം സഞ്ചരിക്കുന്ന എ ടി എം സൗകര്യം ലഭ്യമാക്കാനും ആക്സിസ് ബാങ്കുമായും കമ്പനി ധാരണയിലെത്തി. ഇതിനു പുറമെ ഡ്രൈവർമാരുടെ കൈവശമുള്ള പഴയ 500, 1000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ ഐ സി ഐ സി ഐ ബാങ്കിന്റെ സഹകരണവും കമ്പനി ഉറപ്പാക്കിയിരുന്നു. ഓല കാബ്സ് ഓഫിസിനു സമീപം പ്രത്യേക ക്യോസ്ക് സ്ഥാപിച്ചാണ് ഐ സി ഐ സി ഐ ബാങ്ക് പഴയ നോട്ടുകൾ മാറ്റി നൽകിയത്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഡിജിറ്റൽ ഇന്ത്യ ദൗത്യം ലക്ഷ്യത്തിലെത്തിക്കാനും കമ്പനി തീവ്രശ്രമം നടത്തുന്നുണ്ടെന്ന് ഓല കാബ്സ് വൈസ് പ്രസിഡന്റ് (ഓപ്പറേഷൻസ്) കരൺവീർ സിങ് അറിയിച്ചു.

ഡ്രൈവർമാർക്കു പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാനും കാർഡുകൾ ലഭ്യമാക്കാനും ഓൺലൈൻ വ്യവസ്ഥയിൽ ഫണ്ട് കൈമാറ്റത്തിനുമൊക്കെ കമ്പനി സഹായം നൽകുന്നുണ്ട്. ഇതിനു പുറമെ പ്രമുഖ പൊതുമേഖല ബാങ്കുകളായ പഞ്ചാബ് നാഷനൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്ര ബാങ്ക് തുടങ്ങിയവയുമായി സഹകരിച്ച് കൊൽക്കത്തയിലും ഹൈദരബാദിലും ഓല സഞ്ചരിക്കുന്ന പോയിന്റ് ഓഫ് സെയിൽ(പി ഒ എസ്) മെഷീൻ സൗകര്യവും ഏർപ്പെടുത്തിയിരുന്നു. വൈകാതെ ഡൽഹി, മുംബൈ, ചെന്നൈ, ചണ്ഡീഗഢ്, അഹമ്മദബാദ് നഗരങ്ങളിലും ഈ സേവനം ലഭ്യമാക്കാൻ ഓലയ്ക്കു പദ്ധതിയുണ്ട്.  

Your Rating: