Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പണം പിൻവലിക്കാൻ അവസരമൊരുക്കി ഓലയും

Ola-Image-1

മൂല്യമേറിയ നോട്ടുകൾ പിൻവലിച്ചതു മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സഹായഹസ്തവുമായി റൈഡ് ഹെയ്‌ലിങ് കമ്പനിയായ ഓല കാബ്സും രംഗത്ത്. പെട്രോൾ പമ്പുകളിൽ നിന്നു പണം പിൻവലിക്കാൻ അവസരം ലഭിച്ചതു പോലെ ഓലയുടെ കാറുകൾ വഴിയും ഡെബിറ്റ് കാർഡ് ഉപയോഗിച്ചു പണം എടുക്കാനുള്ള സംവിധാനമാണു നിലവിൽ വരുന്നത് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ് ബി ഐ)യും പ്രമുഖ പൊതു മേഖല ബാങ്കായ പഞ്ചാബ് നാഷനൽ ബാങ്കു(പി എൻ ബി)മൊക്കെയാണു പദ്ധതിയുമായി സഹകരിക്കുന്നത്.

പ്രചാരത്തിലുന്ന 500, 1000 രൂപ നോട്ടുകൾ പിൻവലിച്ച സാഹചര്യത്തിൽ രാജ്യത്തെ എ ടി എമ്മുകളിൽ കനത്ത തിരക്ക് അനുഭവപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണു തിരഞ്ഞെടുത്ത പെട്രോൾ പമ്പുകളിലെ പോയിന്റ് ഓഫ് സെയിൽ(പി ഒ എസ്) മെഷീൻ വഴി പണം വിതരണം ചെയ്തു തുടങ്ങിയത്. നിലവിൽ രാജ്യത്തെ 3,700 പെട്രോൾ പമ്പുകളിൽ നിന്നു പണം പിൻവലിക്കാൻ സൗകര്യമുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഓല കാബ്സിന്റെ ടാക്സികളിൽ നിന്നും ഡെബിറ്റ് കാർഡ് ഉപയോഗിച്ചു പണം പിൻവലിക്കാനുള്ള സൗകര്യം ലഭ്യമാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ കൊൽക്കത്തയിലും ഹൈദരബാദിലുമാണു പദ്ധതി ആരംഭിക്കുക. ഈ നഗരങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന ഓല കാബ്സ് ടാക്സികളിലുള്ള ബാങ്ക് ജീവനക്കാരാണു പി ഒ എസ് യന്ത്രങ്ങൾ ഉപയോഗിച്ചു പണമിടപാട് നടത്തുക. ഡെബിറ്റ് കാർഡ് ഉടമകൾക്കു പ്രതിദിനം 2,000 രൂപ വരെ ഈ സംവിധാനത്തിലൂടെ പിൻവലിക്കാനാവും.

കൊൽക്കത്തിൽ പി എൻ ബിയാണ് ഓലയുടെ പങ്കാളി; ഹൈദരബാദിലാവട്ടെ എസ് ബി ഐയും ആന്ധ്ര ബാങ്കും. ചാന്ദ്നി ചൗക്ക് മെട്രോ സ്റ്റോഷഃ്, എസ്പ്ലനേഡ് മെട്രോ, ബാര ബസാർ, സോൾട്ട് ലേക്ക്, എക്സൈഡ്, റാഷ്ബിഹാരി മേഖലകളിലാണു കൊൽക്കത്തിലെ ഓല പി ഒ എസ് സേവനം; ഹൈദരബാദിൽ കെ ബി ആർ പാർക്ക്, ജെ എൻ ടി യു, ഇനോർബിറ്റ് മാൾ തുടങ്ങിയ സ്ഥലങ്ങളിൽ ടാക്സിയിൽ നിന്നു പണം പിൻവലിക്കാം. മികച്ച പ്രതികരണമാണ് ഈ പദ്ധതിക്കു ലഭിച്ചതെന്നാണ് ഓല ചീഫ് ഓപ്പറേറ്റിങ് ഓഫിസർ പ്രണയ് ജീവരാജ്കയുടെ അവകാശവാദം. മറ്റു നഗരങ്ങളിൽ പദ്ധതി ആരംഭിക്കാൻ വിവിധ ബാങ്കുകളുമായി കമ്പനി ചർച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കാറുകൾ പാർക്ക് ചെയ്തു പണവിതരണം നടത്തുന്നതിനൊപ്പം നഗരത്തിലൂടെയുള്ള യാത്രയ്ക്കിടെ പണം വിതരണം ചെയ്യുന്ന രീതിയെക്കുറിച്ചും ഓല ആലോചിക്കുന്നുണ്ട്.  

Your Rating: