Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓല സിഎഫ്ഒയും സിഎംഒയും കമ്പനി വിടുന്നു

UBER-INDIA/

ഓൺലൈൻ ടാക്സി അഗ്രിഗേറ്റർമാരായ ഓല കാബ്സിന്റെ മാനേജ്മെന്റ്തലത്തിൽ സ്ഥാനചലനം. കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ (സി എഫ് ഒ) ആയ രാജീവ് ബൻസാലും ചീഫ് മാർക്കറ്റിങ് ഓഫിസർ (സി എം ഒ) ആയ രഘുവേശ് സരൂപും ഓല വിടുകയാണെന്ന് സൂചന. സാൻഫ്രാൻസിസ്കൊ ആസ്ഥാനമായ റൈഡ് ഹെയ്‌ലിങ് കമ്പനിയായ യൂബറുമായുള്ള മത്സരം രൂക്ഷമാവുന്നതിനിടെയാണു നേരത്തെ ഇൻഫോസിസ് ചീഫ് ഫിനാൻഷ്യൽ ഓഫിസറായിരുന്ന രാജീവ് ബൻസാൽ ഓലയോടു വിട പറഞ്ഞത്. ഒരു വർഷം മുമ്പായിരുന്നു ബൻസാലും സരൂപും ഓലയ്ക്കൊപ്പം ചേർന്നത്.

ബൻസാൽ ഒഴിയുന്നതോടെ ഓല മണി മേധാവിയും കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റുമായ പല്ലവ് സിങ്ങിനാണു സി എഫ് ഒയുടെ അധിക ചുമതല. അതേസമയം സരൂപിന്റെ പകരക്കാരനെ കമ്പനി കണ്ടെത്തിയിട്ടില്ലെന്നാണു സൂചന. കൂടാതെ ബൻസാലിന്റെയും സരൂപിന്റെയും രാജി വാർത്തകളോട് ഔദ്യോഗികമായി പ്രതികരിക്കാനും ഓല കാബ്സ് തയാറായിട്ടില്ല.

നേരത്തെ കമ്പനി സ്ഥാപകനും ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായ പ്രണയ് ജിവ്‌രാജ്കയെ സ്ഥാപക പാർട്ണർ പദത്തിലേക്ക് ഓല മാറ്റിയിരുന്നു. കൃത്യമായി നിർവചിച്ചിട്ടില്ലാത്ത പദവിയിലേക്കായിരുന്നു ജിവ്‌രാജ്കയുടെ സ്ഥാനചലനമെന്നതും ശ്രദ്ധേയമാണ്. ജിവ്‌രാജ്കയുടെ പകരക്കാരനായി തായ്‌ലൻഡ്, മ്യാൻമാർ, ലാവോസ് എന്നിവിടങ്ങളിലെ പെപ്സികോ ഫുഡ്സ് ജനറൽ മാനേജരായിരുന്ന വിസാൽ കൗളിനെയാണു കമ്പനി പുതിയ സി ഇ ഒയാക്കിയത്. കൂടാതെ ഡോ. ബദ്രി രാഘവനെ കമ്പനി ചീഫ് ഡാറ്റ സയന്റിസ്റ്റായും നിയോഗിച്ചിട്ടുണ്ട്.

ഇൻഫോസിസിൽ 1999ൽ ചേർന്ന ബൻസാൽ 2012ലാണു കമ്പനിയുടെ സി എഫ് ഒ പദത്തിലെത്തിയത്. ഇൻഫോസിസിൽ ഏറ്റവും ഉയർന്ന പ്രതിഫലം ലഭിക്കുന്നവർക്കൊപ്പമായിരുന്നു ബൻസാലിന്റെ സ്ഥാനം; 2014 — 15ൽ 7,70,858 ഡോളർ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം. കമ്പനി ചീഫ് ഓപ്പറേറ്റിങ് ഓഫിസർ യു ബി പ്രവീൺ റാവുവും ഇൻഫോസിസ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ വിശാൽ സിക്കയും മാത്രമായിരുന്നു പ്രതിഫലപട്ടികയിൽ ബൻസാലിനു മുന്നിൽ. കഴിഞ്ഞ വർഷം ജനുവരിയിലാണു ബൻസാൽ ഓല കാബ്സിൽ ചേർന്നത്. ഓഹരി വിൽപ്പന മുന്നിൽ കണ്ടായിരുന്നു ഓല കാബ്സ് ബൻസാലിനെ ഒപ്പം ചേർത്തതെന്നു പറയപ്പെടുന്നു.മൈക്രോസോഫ്റ്റ് ഇന്ത്യയിൽ മാർക്കറ്റിങ് ഡയറക്ടറായിരുന്ന സരൂപും 2016 ജനുവരിയിലാണ് ഓലയിലെത്തുന്നത്. നോക്കിയ, യം ബ്രാൻഡ്സ്, പ്രോക്ടർ ആൻഡ് ഗാംബ്ൾ എന്നിവയിലും സരൂപ് പ്രവർത്തിച്ചിരുന്നു.

Your Rating: