Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാങ്കേതിക വിഭാഗത്തിൽ കരുത്താർജിക്കാൻ ഓല

UBER-INDIA/

സാങ്കേതികതലത്തിൽ മികവ് ലക്ഷ്യമിട്ട് ഓൺലൈൻ ടാക്സി അഗ്രിഗേറ്റർമാരായ ഓല കാബ്സ് പുതിയ രണ്ടു നിയമനം പ്രഖ്യാപിച്ചു. ഗൂഗിൾ മുൻ ഉദ്യോഗസ്ഥനും സെൽവർക്സ് ചീഫ് ടെക്നോളജി ഓഫിസറുമായിരുന്ന പ്രണവ് തിവാരിയാണ് ഓലയുടെ പുതിയ വൈസ് പ്രസിഡന്റ്(എൻജിനീയറിങ്). ഇൻമോബിയിലെ വൈസ് പ്രസിഡന്റ്(പ്രൊഡക്ഷൻ എൻജിനീയറിങ്) ആയിരുന്ന സഞ്ജയ് ഖർബിനെ വൈസ് പ്രസിഡന്റ്(എൻജിനീയറിങ് ഇൻഫ്രാസ്ട്രക്ചർ) ആയും ഓല കാബ്സ് നിയമിച്ചിട്ടുണ്ട്. സപ്ലെ ചെയിൻ മേഖലയിൽ ആവശ്യമായ കാര്യക്ഷമത കൈവരിച്ച് മികച്ച വളർച്ചയും ലാഭക്ഷമതയും ഉറപ്പാക്കുകയാണ് തിവാരിയുടെ ദൗത്യം. സൈറ്റ് പ്രവർത്തനം, കംപ്ലയൻസ്, ഡാറ്റ സിസ്റ്റം മേഖലകൾ ശക്തമാക്കാനും സാങ്കേതികവിദ്യ വിഭാഗത്തിൽ കൂടുതൽ കാര്യക്ഷമത കൈവരിക്കാനുമാണു ഖർബിനെ തിരഞ്ഞെടുത്തിരിക്കുന്നത്.

സപ്ലൈ ചെയിൻ രംഗത്ത് ദൃഢതയാർജിക്കാനും സാങ്കേതികവിദ്യയിൽ മികച്ച അടിത്തറ ഉറപ്പാക്കാൻ ടെക്നോളജിയിൽ ഓല നിരന്തര നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് കമ്പനി സഹ സ്ഥാപകനും ചീഫ് ടെക്നോളജി ഓഫിസറുമായ അങ്കിത് ഭട്ടി അഭിപ്രായപ്പെട്ടു. ഓലയെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്കു നയിക്കാൻ പ്രണവ് തിവാരിയുടെയും സഞ്ജയ് ഖർബിന്റെയും സേവനം സേവനം നിർണായകമാണെന്നും അദ്ദേഹം വിലയിരുത്തി.ഇന്ത്യ യാത്ര ചെയ്യുന്ന രീതി തന്നെ പൊളിച്ചെഴുതിയ കമ്പനിയാണ് ഓലയെന്ന് എൻജിനീയറിങ് വൈസ് പ്രസിഡന്റായി ചുമതലയേൽക്കുന്ന പ്രണവ് തിവാരി അഭിപ്രായപ്പെട്ടു. ശത കോടിയോളം ഇന്ത്യക്കാർക്ക് സുസ്ഥിര യാത്രാസംവിധാനങ്ങൾ ഉറപ്പാക്കുകയെന്ന ദൗത്യമാണ് ഓല ഏറ്റെടുത്തിരിക്കുന്നത്; ഈ ദൗത്യത്തിൽ പങ്കാളിയാവുന്നതിൽ ആഹ്ലാദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യക്കാരുടെ സവിശേഷ യാത്ര ആവശ്യങ്ങൾ നിറവേറ്റാൻ ഓലയിൽ നിലവിലുള്ള വിദഗ്ധ സംഘത്തിനൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചതിലെ സന്തുഷ്ടിയും അദ്ദേഹം രേഖപ്പെടുത്തി.

ഓലയിലെത്തും മുമ്പ് സെൽവർക്സ് ചീഫ് ടെക്നോളജി ഓഫിസറെന്ന നിലയിൽ സിമുലേഷനുകളിലൂടെ തെറപ്പിയുടെ ഫലം പ്രവചിക്കുന്ന കംപ്യൂട്ടേഷനൽ പ്ലാറ്റ്ഫോം നിർമാണത്തിനു നേതൃത്വം നൽകുകയായിരുന്നു തിവാരി. അതിനു മുമ്പ് 12 വർഷത്തോളം ബെംഗളൂരുവിലെ ഗൂഗിൾ ഇന്ത്യ എൻജിനീയറിങ് സൈറ്റിന്റെ നേതൃത്വവും തിവാരിക്കായിരുന്നു; യു എസിനു പുറത്ത് ഗൂഗിളിനുള്ള ഏറ്റവും വലിയ മൂന്ന് എൻജിനീയറിങ് സൈറ്റുകളിൽ ഒന്നാണു ബെംഗളൂരുവിലേത്. വെബ് ഡാറ്റ മൈനിങ്, ഡാറ്റ സ്കേലബിലിറ്റി മേഖലകളിലെ പ്രവർത്തന മികവിലൂടെ മുപ്പത്തി അഞ്ചിലേറെ പേറ്റന്റുകളും തിവാരി ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ആറു വർഷത്തിനിടെ ഉജ്വല വിജയമാണ് ഓല നേടിയെടുത്തതെന്ന് കമ്പനിയുടെ വൈസ് പ്രസിഡന്റ് (എൻജിനീയറിങ് ഇൻഫ്രാസ്ട്രക്ചർ) ആയി നിയമിതനായ സഞ്ജയ് ഖർബ് പ്രതികരിച്ചു.

ഇന്ത്യൻ ഉപയോക്താക്കളുടെ അഭിരുചികൾ കൃത്യമായി തിരിച്ചറിഞ്ഞ ഓല കാബ്സ്, അതിന് അനുയോജ്യമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലും വിജയം കണ്ടു. ഇത്തരമൊരു കമ്പനിയുടെ വളർച്ചയിൽ പങ്കാളിയാവാൻ അവസരം ലഭിച്ചതിൽ ആഹ്ലാദമുണ്ടെന്നും ഖർബ് വ്യക്തമാക്കി. ഇ കൊമേഴ്സ്, മൊബൈൽ അഡ്വർട്ടൈസിങ്, യാത്ര, ഇന്റർനെറ്റ് ഓഫ് തിങ്സ്(ഐ ഒ ടി), വാഹന വ്യവസായ മേഖലകളിൽ രണ്ടു ദശാബ്ദത്തിലേറെ നീളുന്ന പ്രവർത്തന പരിചയമുള്ള ഖർബ് ഇതുവരെ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ഡൊമെയ്നായ ഇൻമൊബിയുടെ മേധാവിയായിരുന്നു. മുമ്പ് മെയ്ക്ക് മൈ ട്രിപ്പിന്റെ ബിസിനസ് ഇന്റലിജൻസ്, ഡാറ്റ പ്ലാറ്റ്ഫോം, ഡാറ്റ സയൻസ്, ഇൻഫ്രാസ്ട്രക്ചർ ആൻഡ് സെക്യൂരിറ്റി വിഭാഗം ചുമതലയുള്ള വൈസ് പ്രസിഡന്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്.