Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഓല ലക്സ്’ എത്തി; ലഭിക്കുക ആഡംബര കാറുകൾ

ola-lux

നഗരത്തിനുള്ളിൽ ആഡംബര കാർ യാത്രയ്ക്കുള്ള വിപണന സാധ്യത മുൻനിർത്തി ഓൺലൈൻ റൈഡ് ഹെയ്‌ലിങ് കമ്പനിയായ ഓല ഇത്തരം വാഹനങ്ങളും ലഭ്യമാക്കി തുടങ്ങി. മൊബൈൽ ആപ്ലിക്കേഷനായ ‘ഓല ലക്സ്’ മുഖേനയാണു കമ്പനി ജഗ്വാർ, മെഴ്സീഡിസ് ബെൻസ്, ബി എം ഡബ്ല്യു, ടൊയോട്ട (ഫോർച്യൂണർ), ഹോണ്ട (അക്കോഡ്) തുടങ്ങിയ മുന്തിയ സെഡാനുകൾ ഇടപാടുകാരിലെത്തിക്കുന്നത്. തുടക്കത്തിൽ ദക്ഷിണ മുംബൈയിലാണ് ‘ഓല ലക്സ്’ സേവനം ആരംഭിച്ചിരിക്കുന്നത്; ക്രമേണ മുംബൈ നഗരം മുഴുവൻ ഈ സേവനം വ്യാപിപ്പിക്കാനാണ് ഓല കാബ്സിന്റെ പദ്ധതി. ‘ഓല ലക്സ്’ ശ്രേണിയുടെ കുറഞ്ഞ വാടക നിരക്ക് 200 രൂപയാണ്; കിലോമീറ്റർ നിരക്ക് 19 രൂപയും. കൂടാതെ യാത്രാസമയത്തിന് ഓരോ മിനിറ്റിനും രണ്ടു രൂപ വീതവും ഓല ഈടാക്കും.

‘ഓല’കാബിൽ സഞ്ചരിക്കുമ്പോൾ ഓരോ തവണയും വ്യക്തിഗത വിവരം നൽകാതെ ഓട്ടമാറ്റിക്കായി ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ കമ്പനിയുടെ ‘ഇന്നൊവേഷൻ ലാബ്സ്’ ആവിഷ്കരിച്ച ‘ഓട്ടോ കണക്ട് വൈ ഫൈ’ സംവിധാനവും ‘ഓല ലക്സി’ൽ ലഭ്യമാണ്.സമാനതകളില്ലാത്ത സ്റ്റൈലും യാത്രാസുഖവും ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് ‘ലക്സ്’ എന്ന പുതിയ വിഭാഗം അവതരിപ്പിച്ചിരിക്കുന്നതെന്നു കമ്പനിയുടെ കാറ്റഗറീസ് വിഭാഗം മേധാവിയും ചീഫ് മാർക്കറ്റിങ് ഓഫിസറുമായ രഘുവേഷ് സരൂപ് അറിയിച്ചു. ഉപയോക്താവിന്റെ താൽപര്യങ്ങൾക്കനുസൃതമായ മികച്ച യാത്രാനുഭവവും വൈവിധ്യവുമൊക്കെ ഉറപ്പാക്കാൻ ഔല സദാ ബദ്ധശ്രദ്ധരാണ്. ഈ ദിശയിലെ പ്രധാന ചുവടുവയ്പാണ് ‘ഓല ലക്സ്’ എന്നും സരൂപ് വിശദീകരിച്ചു. യുവ എക്സിക്യൂട്ടീവുകളും സംരംഭകരും പ്രഫഷനലുകളുമൊക്കെ പെരുകിയതോടെ മുംബൈ പോലുള്ള നഗരങ്ങളിൽ ആഡംബര സെഡാനുകൾക്കുള്ള ആവശ്യവും ഉയർന്നിട്ടുണ്ട്.

നഗരത്തിലെ ഗതാഗതത്തിരക്കിൽ സ്വയം വാഹനം ഓടിക്കാനോ പാർക്കിങ്ങിനു സ്ഥലം കണ്ടെത്താനോ ആഗ്രഹമില്ലാത്തവരുടെ എണ്ണവും ഉയരുകയാണ്. ഈ സാഹചര്യങ്ങളിലാണ് ആവശ്യപ്പെട്ടാൽ നിമിഷങ്ങൾക്കകം ആഡംബര കാർ തേടിയെത്തുന്ന ‘ഓല ലക്സ്’ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.‘ലക്സി’ലൂടെ ആഡംബര കാർ യാത്രയെ ഓല പുതിയ ഉയരത്തിലെത്തിക്കുകയാണെന്ന് അവതരണ വേളയിൽ നടി ചിത്രാംഗദ സിങ് അഭിപ്രായപ്പെട്ടു. തിരക്കേറിയ ഷെഡ്യൂളും ജീവിത ശൈലിയും മൂലം പ്രമുഖർക്കും പ്രശസ്തർക്കും വാഹനം ഓടിക്കാനുള്ള സമയമോ താൽപര്യമോ ഇല്ല. അതുകൊണ്ടുതന്നെ സ്മാർട് ഫോണിലൂടെ ആവശ്യപ്പെട്ടാലുടൻ ആഡംബര വാഹനം തേടിയെത്തുന്നത് ഏറെ സഹായകമാണെന്നും അവർ വിലയിരുത്തി.

Your Rating: