Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓല ‘ലക്സ്’ രാജ്യതലസ്ഥാന മേഖലയിലേക്കും

ola-lux

നഗരത്തിനുള്ളിലെ യാത്രകൾക്ക് ആഡംബര കാറുകൾ ലഭ്യമാക്കുന്ന ‘ലക്സ്’ സേവനം ഓൺലൈൻ റൈഡ് ഹെയ്ലിങ് കമ്പനിയായ ഓല ഡൽഹി രാജ്യതലസ്ഥാന മേഖല(എൻ സി ആർ)യിലേക്കും വ്യാപിപ്പിച്ചു. ജഗ്വാർ, മെഴ്സീഡിസ്, ഔഡി, ബി എം ഡബ്ല്യു, ടൊയോട്ട (‘കാംറി’, ‘ഫോർച്യൂണർ’), ഹോണ്ട (‘അക്കോഡ്’) കാറുകളാണ് എൻ സി ആറിൽ ഈ വിഭാഗത്തിൽ ലഭ്യമാവുകയെന്നും ഓല അറിയിച്ചു.  കഴിഞ്ഞ മാസം ദക്ഷിണ മുംബൈയിലാണ് ‘ഓല ലക്സ്’ സേവനം ആരംഭിച്ചത്. ‘ഓല ലക്സ്’ ശ്രേണിയുടെ കുറഞ്ഞ വാടക നിരക്ക് 200 രൂപയാണ്; കിലോമീറ്റർ നിരക്ക് 19 രൂപയും. കൂടാതെ യാത്രാസമയത്തിന് ഓരോ മിനിറ്റിനും രണ്ടു രൂപ വീതവും ഓല ഈടാക്കും. വൈകാതെ മുംബൈ നഗരത്തിന്റെ മറ്റു ഭാഗങ്ങളിലും ബെംഗളൂരു പോലുള്ള പ്രധാന നഗരങ്ങളിലും ‘ഓല ലക്സ്’ സേവനം ലഭ്യമാവുമന്നു കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

മുൻനിര വ്യവസായികളും ഉദ്യോഗസ്ഥ പ്രമുഖരും യുവ പ്രഫഷനലുകളും ധാരാളമുള്ള ഡൽഹി എൻ സി ആർ മേഖലയിൽ ആഡംബര കാർ യാത്രയ്ക്ക് ആവശ്യക്കാരേറെയുണ്ടാവുമെന്ന് ഓല കാറ്റഗറീസ് വിഭാഗം മേധാവിയും ചീഫ് മാർക്കറ്റിങ് ഓഫിസറുമായ രഘുവേഷ് സരൂപ് അഭിപ്രായപ്പെട്ടു. സമാനതകളില്ലാത്ത സ്റ്റൈലും യാത്രാസുഖവും ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് ‘ലക്സ്’ എന്ന പുതിയ വിഭാഗം അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. മൂംബൈയിൽ ‘ലക്സി’നു ലഭിച്ച സ്വീകരണം പരിഗണിക്കുമ്പോൾ ഡൽഹി എൻ സി ആർ മേഖലയിലും പ്രതികരണം വ്യത്യസ്തമാവില്ലെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.‘ഓല’കാബിൽ സഞ്ചരിക്കുമ്പോൾ ഓരോ തവണയും വ്യക്തിഗത വിവരം നൽകാതെ ഓട്ടമാറ്റിക്കായി ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ കമ്പനിയുടെ ‘ഇന്നൊവേഷൻ ലാബ്സ്’ ആവിഷ്കരിച്ച ‘ഓട്ടോ കണക്ട് വൈ ഫൈ’ സംവിധാനവും ‘ഓല ലക്സി’ൽ ലഭ്യമാണ്. കൂടാതെ ഡ്രൈവറെ സംബന്ധിച്ച വിവരങ്ങൾ പ്രദർശിപ്പിക്കാനും അടിയന്തര — അപകട ഘട്ടങ്ങളിൽ സത്വര സഹായം അഭ്യർഥിക്കാനും കാറിന്റെ തത്സമയ ട്രാക്കിങ്ങിനും ‘ഓല മണി’ വഴി കാർ വാടക അടയ്ക്കാനുമൊക്കെയുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

മൂന്നു വർഷം മുമ്പ് 2013ൽ ഓലയുട എതിരാളികളായ ഊബറും സമാന സേവനം ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ടൊയോട്ട ‘കാംറി’, ഹോണ്ട ‘അക്കോഡ്’, മെഴ്സീഡിസ് ‘ഇ ക്ലാസ്’, ‘എസ് ക്ലാസ്’, ബി എം ഡബ്ല്യു ‘ത്രീ സീരീസ്’, ‘ഫൈവ് സീരീസ്’കാറുകളാണ് അന്നു കമ്പനി ലഭ്യമാക്കിയിരുന്നത്.
എന്നാൽ ഈ വിഭാഗത്തിൽ വിപണന സാധ്യത കുറവാണെന്ന തിരിച്ചറിവിൽ ഊബർ ചെറു ഹാച്ച്ബാക്കുകളുടെുയും സെഡാനുകളുടെയും മേഖലയിലേക്കു പ്രവർത്തനം കേന്ദ്രീകരിക്കുകയായിരുന്നു. ഊബറിനോടു മത്സരി്കാൻ സമാന പാത പിന്തുടർന്ന ഓലയും ഈ വർഷം ആദ്യം ‘മൈക്രോ’ എന്ന പേരിൽ കുറഞ്ഞ വാടക നിരക്കിലുള്ള എ സി കാബ് സർവീസ് അവതരിപ്പിച്ചിരുന്നു. നിലവിൽ രണ്ടാം നിര പട്ടണങ്ങളടക്കം 75 കേന്ദ്രങ്ങളിൽ ‘മൈക്രോ’ സേവനം ലഭ്യമാണെന്ന് ഓല അവകാശപ്പെടുന്നു.  

Your Rating: