Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓലയുമായി സഹകരിക്കാനൊരുങ്ങി മഹീന്ദ്രയും

mahindra-ola

ഓൺലൈൻ ടാക്സി അഗ്രിഗേറ്റർമാരായ ഓലയുമായി സഹകരിക്കാൻ പ്രമുഖ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യും രംഗത്ത്. ഓല സഖ്യത്തിലൂടെ ടാക്സി ഡ്രൈവർമാരെ സംരംഭകരാക്കി മാറ്റുന്നതിലൂടെ വരുന്ന രണ്ടു വർഷത്തിനിടെ 2,600 കോടി രൂപയുടെ അധിക വരുമാനമാണു കമ്പനി പ്രതീക്ഷിക്കുന്നത്. നേരത്തെ ടാറ്റ മോട്ടോഴ്സും ഊബറുമായി സമാന രീതിയിൽ സഹകരിക്കാൻ ധാരണയിലെത്തിയിരുന്നു. ഓലയാവട്ടെ കമ്പനിയോടു സഹകരിക്കുന്ന ഡ്രൈവർമാർക്കു കാർ ലഭ്യമാക്കാൻ ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ ഇന്ത്യയുമായും ധാരണയിലെത്തിയിട്ടുണ്ട്.

ആഗോളതലത്തിലും വിവിധ ഓൺലൈൻ ടാക്സി സേവന ദാതാക്കളും വാഹന നിർമാതാക്കളുമായി സഹകരണവും ധാരണയുമൊക്കെ വ്യാപകമാവുന്നുണ്ട്. ഓൺലൈൻ ടാക്സി സേവനങ്ങൾ ജനപ്രിയമാവുന്നതും ഇത്തരം കാറുകൾക്ക് ആവശ്യക്കാർ ഏറുന്നതുമാണ് ഈ വിഭാഗത്തോടു സഹകരിക്കാൻ വാഹന നിർമാതാക്കളെ നിർബന്ധിതരാക്കുന്നത്. ഇന്ത്യയിലെ ആഭ്യന്തര ടാക്സി വിപണിയുടെ വാർഷിക മൂല്യം 80,000 കോടിയോളം രൂപയാണെന്നാണു കണക്കാക്കുന്നത്. മഹീന്ദ്രയുടെ വിവിധ സേവനങ്ങൾ ഓലയുടെ പങ്കാളികൾക്ക് ലഭ്യമാക്കാനാണ് ഇരുകമ്പനികളുമായുള്ള ധാരണ. മഹീന്ദ്രയുടെ ഇൻഷുറൻസ് വിഭാഗവും യൂസ്ഡ് കാർ/ബൈക്ക് വിൽപ്പന വിഭാഗമായ മഹീന്ദ്ര ഫസ്റ്റ് ചോയ്സുമൊക്കെ പദ്ധതിയിൽ പങ്കാളികളാവും. തുടക്കത്തിൽ സെഡാനായ ‘വെരിറ്റൊ’യാണു മഹീന്ദ്ര ഓnല ഡ്രൈവർമാർക്കു വാഗ്ദാനം ചെയ്യുക.

ഓലയുമായി സഹകരിച്ച് 40,000 കാറുകൾ വിൽക്കാനാവുമെന്ന് മഹീന്ദ്ര ഗ്രൂപ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതിൽ നിന്ന് അടുത്ത രണ്ടു വർഷത്തിനിടെ 2,600 കോടി രൂപയുടെ അധിക വരുമാനം നേടാനാവുമെന്നും കമ്പനി കരുതുന്നു. സഖ്യം വിജയിച്ചാൽ മഹീന്ദ്രയ്ക്കാവും കൂടുതൽ നേട്ടമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. കമ്പനിയുടെ മോഡൽ ശ്രേണിയിലെ ഏക കാറായ ‘വെരിറ്റൊ’യുടെ നിലവിലെ പ്രതിമാസ വിൽപ്പന 200 യൂണിറ്റോളമാണ്. മുൻപങ്കാളികളും ഫ്രഞ്ച് വാഹന നിർമാതാക്കളുമായുള്ള സംയുക്ത സംരംഭത്തിന്റെ അവശേഷിപ്പാണു മഹീന്ദ്രയ്ക്ക് ‘വെരിറ്റൊ’.