Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹന രജിസ്ട്രേഷൻ ഇനി ഓൺലൈനിൽ

mvd

പുതിയ വാഹനങ്ങളുടെ താൽക്കാലിക രജിസ്ട്രേഷൻ ഓൺലൈൻ വഴിയാക്കും. ട്രാൻസ്പോർട് കമ്മീഷണറുടെ ശുപാർശയിലാണ് സർക്കാർ നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്. ഹാൻഡ്‌ലിങ് ചാർജ് എന്ന പേരിൽ വാഹനം വാങ്ങുന്നവരിൽ നിന്നു പണം ഈടാക്കുന്നുവെന്ന പരാതിയെ തുടർന്നു സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ മോട്ടർവാഹന വകുപ്പിൽ അധിക പണം നൽകുന്നതുമൂലമാണ് ഇത്തരത്തിലുള്ള ചാർജുകൾ ഈടാക്കുന്നതെന്ന് വാഹനവിതരണക്കാർ പരാതിപ്പെട്ടിരുന്നു.

ഇതേതുടർന്നാണ് ട്രാൻസ്പോർട്ട് കമ്മീഷണർ ടോമി തച്ചങ്കരി താൽക്കാലിക രജിസ്ട്രേഷൻ ഓൺലൈനാക്കണം എന്ന് സർക്കാരിനോട് ശുപാർശ ചെയ്തത്. ശുപാർശ തത്വത്തിൽ അംഗീകരിച്ച ഗതാഗതമന്ത്രി രജിസ്ട്രേഷൻ ഓൺലൈനാക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ആദ്യ ഘട്ടമെന്ന നിലയ്ക്ക് താൽക്കാലിക രജിസ്ട്രേഷനും പിന്നീട് രജിസ്ട്രേഷനും ഓൺലൈൻ വഴി നടത്താം. പുതിയ നിയമപ്രകാരം മോട്ടർവാഹന ഉദ്യോഗസ്ഥരുടെ അടുത്തു ചെല്ലാതെ ഡീലർമാർക്ക് നേരിട്ട് താൽക്കാലിക രജിസ്ട്രേഷൻ നടത്താം.

നേരത്തെ ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ് പ്രകാരം സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ 5000 രൂപമുതൽ ലക്ഷങ്ങൾ വരെ ഹാൻഡിലിങ് ചാർജായി ഈടാക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഹാൻഡ്‌ലിങ് ചാർജ് ഇനത്തിൽ വേണ്ടിവരുന്ന തുക വാഹന നിർമാണ കമ്പനികൾ തന്നെ ഡീലർമാർക്ക് നൽകുന്നുണ്ട്. എന്നാൽ ഇക്കാര്യം മറച്ചുവച്ച് ആർടിഒ ഓഫിസിലേക്ക് എന്ന പേരിൽ ഹാൻഡ്‌ലിങ് ചാർജ് വാങ്ങി പ്രതിവർഷം ഇത്തരം 320 കോടിയോളം രൂപ ഡീലർമാർ ഉപഭോക്താക്കളിൽ നിന്ന് പിരിക്കുന്നു എന്ന് കണ്ടെത്തിയിരുന്നു. ഇരുചക്രവാഹനങ്ങൾക്ക് 5000 രൂപവരെയും മാരുതി ആൾട്ടോയ്ക്ക് 7000 രൂപ വരെയും പ്രീമിയം കാറിന് ഒന്നര ലക്ഷം വരെയുമാണ് ഹാൻഡ്‌ലിങ് ചാര്‍ജായി പിരിക്കുന്നത്.