Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിയാൻജിൻ സ്ഫോടനം: 5800 കാർ നശിച്ചെന്നു ജെ എൽ ആർ

Tianjin Blast

ചൈനയിലെ ടിയാൻജിൻ തുറമുഖത്തുണ്ടായ വമ്പൻ സ്ഫോടനത്തിൽ ആ മേഖലയിൽ സൂക്ഷിച്ചിരുന്ന കാറുകളിൽ ഭൂരിഭാഗവും തകർന്നതായി ടാറ്റ മോട്ടോഴ്സ്. കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആഡംബര ബ്രാൻഡുകളായ ജഗ്വാർ — ലാൻഡ് റോവർ ശ്രേണിയിൽപെട്ട 5,800 കാറുകളാണ് അപകടവേളയിൽ തുറമുഖ മേഖലയിലുണ്ടായിരുന്നത്. തുറമുഖത്തെ കണ്ടെയ്നർ സംഭരണ കേന്ദ്രത്തിൽ നടന്ന സ്ഫോടനത്തിൽ ഒട്ടേറെ പേർ കൊല്ലപ്പെട്ടിരുന്നു; ധാരാളം പേർ പരുക്കുകളോടെ ചികിത്സയിലുമാണ്. തുറമുഖത്തു സൂക്ഷിച്ചിരുന്ന അപകടകാരികളായ രാസവസ്തുക്കൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണു സൂചന.

നഷ്ടം സംബന്ധിച്ച കൃത്യമായ കണക്കെടുപ്പ് പൂർത്തിയായിട്ടില്ലെന്നു ടാറ്റ മോട്ടോഴ്സ് വ്യക്മാക്കി. പ്രമുഖ നിർമാതാക്കളായ ഫോക്സ്​വാഗൻ എ ജി, ഹ്യുണ്ടായ് മോട്ടോർ കമ്പനി, ടൊയോട്ട മോട്ടോർ കമ്പനി, ഡെയ്മ്ലർ, ബി എം ഡബ്ല്യു എ ജി തുടങ്ങിയവരും ടിയാൻജിൻ സ്ഫോടനം മൂലമുള്ള നഷ്ടത്തിന്റെ കണക്കെടുപ്പ് തുടരുകയാണ്. ഇറക്കുമതി വഴി ചൈനയിലെത്തിയ ലാൻഡ് റോവർ, ജഗ്വാർ കാറുകളാണു ടിയാൻജിൻ തുറമുഖ മേഖലയിൽ സൂക്ഷിച്ചിരുന്നത്. ടിയാൻജിൻ അടക്കം മൂന്നു തുറമുഖങ്ങൾ വഴിയാണു ജഗ്വാർ ലാൻഡ് റോവർ ചൈനയിലേക്കു വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നത്. തുറമുഖത്തുണ്ടായിരുന്ന വാഹനങ്ങൾക്കു വ്യാപക നാശമുണ്ടെന്നാണ് ആദ്യ നിഗമനമെന്നും കൃത്യമായ നഷ്ടം കണക്കാക്കിയിട്ടില്ലെന്നും ടാറ്റ മോട്ടോഴ്സ് ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു. അപകടം നടന്ന മേഖലയിലേക്കുള്ള പ്രവേശനത്തിനു ചൈനീസ് അധികൃതർ കർശന നിയന്ത്രണം ഏർപ്പെടുത്തിയതാണു കണക്കെടുപ്പ് വൈകാൻ ഇടയാക്കുന്നതെന്നും കമ്പനി വിശദീകരിച്ചു.

2008ലാണു ടാറ്റ മോട്ടോഴ്സ് ബ്രിട്ടീഷ് ബ്രാൻഡുകളായ ജഗ്വാർ ലാൻഡ് റോവർ സ്വന്തമാക്കിയത്. ചൈനയുടെ പ്രധാന വാഹന ഇറക്കുമതി കേന്ദ്രമാണു ടിയാൻജിൻ തുറമുഖത്തു പ്രവർത്തിക്കുന്നത് എന്നതിനാൽ സ്ഫോടനത്തിൽ തകർന്ന കാറുകളുടെ എണ്ണം പതിനായിരത്തിലും അധികമാവുമെന്നാണു പ്രാഥമിക നിഗമനം. സാമ്പത്തിക വളർച്ച മന്ദഗതിയിലായതും ഓഹരി കമ്പോളത്തിലെ ഇടിവും മൂലം പ്രതിസന്ധിയിലായ ചൈനീസ് വാഹന വിപണിക്കു ടിയാൻജിൻ സ്ഫോടനം കൂടുതൽ വെല്ലുവിളി സൃഷ്ടിക്കുമെന്നും ആശങ്കയുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.