Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോൾ വാക്കറുടെ ഓർമ്മകള്‍ക്കിന്ന് രണ്ടു വയസ്

Paul-Walker

ഒരു നാൾ വേഗത എന്നെ കൊലപ്പെടുത്തിയാൽ നിങ്ങൾ കരയരുത് കാരണം ഞാൻ അപ്പോൾ ചിരിക്കുകയായിരിക്കും. വാക്കറിന്റേതാണോയെന്ന് ഉറപ്പില്ലെങ്കിലും ഇൗ വാക്കുകൾക്ക് അദ്ദേഹത്തിന്റെ ജീവിതവുമായി ഏറെ അടുപ്പമുണ്ട്. പക്ഷെ ആ നീലക്കണ്ണുള്ള വേഗതയുടെ രാജകുമാരന്റെ മരണം ആരാധകരെ കണ്ണീരിലാഴ്ത്തുക തന്നെ ചെയ്തു.

പോൾ വാക്കർ എന്ന നടന്റെ ജീവിതം തന്നെ ഒരു ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ചെയ്സ് ആയിരുന്നു. നടനെന്നതിലുപരി ഒരു സാധാരണ മനുഷ്യൻ. പെരുപ്പിച്ച് നടക്കുന്ന മസ്സിലുകളില്ല. വിവാദങ്ങളോട് കൂട്ടുകൂടാറില്ല. അധികം സംസാരിക്കില്ല. ചില സമയത്ത് ഗൗരവം. എന്നാൽ മിക്കപ്പോഴും നിഷ്കളങ്കമായ ഒരു ചിരി ആ മുഖത്ത് കാണും. വലിയ വലിയ മോഹങ്ങളല്ല. അഭിനയിച്ചു കിട്ടുന്ന തുക ധൂർത്തടിക്കാതെ പാവപ്പെട്ടവർക്കു വേണ്ടി ചിലവഴിക്കും. സെലിബ്രിറ്റികൾക്കിടയിലെ അസാധാരണ വ്യക്തിത്വം.

paul-walker-1.jpg പോൾ വാക്കറും മകള്‍ മെഡൊ വാക്കറും

മരണത്തിനു തൊട്ടുമുൻപ് പങ്കെടുത്ത ചടങ്ങിന്റെയും ലക്ഷ്യം ഇതുതന്നെയായിരുന്നു. ഫിലിപ്പൈൻസ് ചുഴലിക്കാറ്റിന് ഇരയായവരെ സഹായിക്കാൻ വേണ്ടി നടത്തിയ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു പോൾ കാറപകടത്തിൽ പെട്ട് മരിക്കുന്നത്. തന്നെ സ്നേഹിക്കുന്ന ഒരുപാട് പാവങ്ങളെയും സിനിമാപ്രേമികളെയും കണ്ണീരിലാഴ്ത്തി വിടവാങ്ങുമ്പോഴും അദ്ദേഹം ചിരിക്കുക തന്നെ ആയിരിക്കും.

പിച്ചവെച്ച് നടക്കുന്ന പ്രായത്ത് അഭിനയം തുടങ്ങിയ ആളാണ് പോൾ വാക്കർ. പാംപേഴ്സിന്റെ പരസ്യത്തിൽ അഭിനയിച്ചാണ് തുടക്കം. അഭിനയരംഗത്ത് പോളിന് ആദ്യം കിട്ടിയതൊക്കെ കോമഡി റോളുകാണ്.ആദ്യമൊക്കെ ടെലിവിഷൻ ഷോയിലൂടെ തിളങ്ങിയ പോൾ ആദ്യമായി അഭിനയിക്കുന്ന സിനിമ മോൺസ്റ്റർ ഇൻ ദ ക്ലോസറ്റ് (1986)എന്ന ഒരു ഹൊറർ കോമഡി ചിത്രമാണ്. 1998 ൽ പുറത്തിറങ്ങിയ മീറ്റ് ദ ഡീഡിൽസ് എന്ന കോമഡി പടത്തിലൂടെ പോൾ വാക്കർ എന്ന നടൻ ശ്രദ്ധനേടാൻ തുടങ്ങി.

paul-Walker-sc പോൾ വാക്കറും സഹോദരൻ കൂഡി വാക്കറും

കൗമാരത്തിൽ തന്നെ സിനിമാ ലോകവുമായി ഇഴുകിച്ചേർന്ന വാക്കർ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് എന്ന ചലച്ചിത്ര പരമ്പരയിലൂടെയാണ് ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചത്. വിൻ ഡീസലിനൊപ്പം 2001ൽ പുറത്തിറങ്ങിയ ആദ്യ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ചിത്രത്തിൽ അഭിനയിച്ച പോളിന്റെ തകർപ്പൻ പ്രകടനം അടുത്ത സീരീസിലെ പ്രധാനതാരമാക്കി മാറ്റി.

ഡൊമിനിക് ടൊറെറ്റോ ക്ഷുഭിത യൗവനമായിരുന്നെങ്കിൽ യുവത്വത്തിന്റെ പ്രസരിപ്പായിരുന്നു ബ്രയാൻ ഒ കോണർ എന്ന കഥാപാത്രം. നിയമവിരുദ്ധ കാറോട്ടങ്ങളുടെ കഥ പറയുന്ന ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരയിലെ നിയമപാലകനായിരുന്നു കോണർ.

വാക്കറിന്റെ ചിത്രങ്ങളെ കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും പറയാനാണെങ്കിൽ ഒരുപാടുണ്ട്. അത് എല്ലാവർക്കും അറിയാവുന്നതുമാണ്. എന്നാൽ ഈ ചിത്രങ്ങളിലൂടെയെല്ലാം തന്നെ ഉണ്ടാക്കിയെടുത്ത പേരും പ്രശസ്തിയും പണവും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മാറ്റിവെച്ച് അതിലൂടെ തന്നെ മരണം കവർന്നെടുത്ത അപൂർവ്വ വ്യക്തിത്വം.

paul-walker-car വാക്കറുടെ മരണത്തിനിടയാക്കിയ പോർഷെ കരേര

റീച്ച് ഔട്ട് വേൾഡ് വൈഡ് എന്ന ജീവകാരുണ്യ സംഘടനയുണ്ടാക്കാൻ വാക്കറെ സഹായിച്ച റോജർ റോഡാസ് എന്ന സാമ്പത്തികോപദേഷ്ടാവായിരുന്നു മരണത്തിൽ വാക്കർക്ക് ഒപ്പമുണ്ടായിരുന്നത്. ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ ഇവർ ഉറ്റ സുഹൃത്തുക്കളായി. മുന്തിയ കാറുകൾക്കായി വാക്കർ തുടങ്ങിയ ഷോറൂമിന്റെ സിഇഒ ആയിരുന്നു റോഡാസ്. അവസാനം മരണത്തിലേക്കുള്ള പോർഷെ കാറോടിച്ചതും റോഡാസ് തന്നെയായിരുന്നു.

വെള്ളിത്തിരയിൽ വേഗപാലകനായി വേഷമിട്ട വാക്കറിന്റെ ജീവിതത്തിൽ സംഭവിച്ചതിനെ വിരോധാഭാസം എന്നല്ലാതെ എങ്ങനെയാണ് വിശേഷിപ്പിക്കുക. ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് ഏഴാം ഭാഗം അഭിനയിച്ചു പൂർത്തിയാക്കാതെ വാക്കർ മടങ്ങുമ്പോൾ ഒരു തുള്ളി കണ്ണീരിന്റെ അകമ്പടിയോടെ നമുക്ക് പറയാം. വീ മിസ് യൂ വാക്കർ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.