Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹീറോയുടെ സാരഥ്യം ഇനി പവൻ മുഞ്ജാളിന്

Pawan Munjal ( Hero Chairman ) പവൻ മുഞ്ജാൾ

ഇന്ത്യയിലെന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപിന്റെ ഭരണസാരഥ്യം ഇനി പവൻ മുഞ്ജാളിന്. ബ്രിജ്മോഹൻ ലാലിന്റെ പിൻഗാമിയായി മകൻ പവൻ മുഞ്ജാൾ(60) കമ്പനിയുടെ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുമെന്ന് ഹീറോ മോട്ടോ കോർപ് പ്രഖ്യാപിച്ചു. കഴിഞ്ഞ ഏപ്രിലിലാണു മുഞ്ജാൾ ഹീറോ മോട്ടോ കോർപ് വൈസ് ചെയർമാനായത്.

സ്വദേശത്തു നിന്നും വിദേശത്തു നിന്നുമുള്ള കനത്ത വെല്ലുവിളി അതിജീവിച്ച് വിൽപ്പന അടിസ്ഥാനമാക്കിയാൽ ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കൾ എന്ന സ്ഥാനം ഹീറോ മോട്ടോ കോർപ് നിലനിർത്തിയതിനുള്ള പ്രതിഫലമാണു മുഞ്ജാളിന്റെ സ്ഥാനാരോഹണം. ജാപ്പനീസ് പങ്കാളിയായ ഹോണ്ട മോട്ടോർ കമ്പനിയുമായി വഴി പിരിഞ്ഞ ശേഷവും ഹീറോയെ കൂടുതൽ ഉയരങ്ങളിലേക്കു നയിക്കാൻ മുഞ്ജാളിനു കഴിഞ്ഞിരുന്നു. തുടർന്നു തിങ്കളാഴ്ച ചേർന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം മുഞ്ജാളിനെ കമ്പനിയുടെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായി നിയോഗിക്കുകയായിരുന്നു. ഇതോടെ വർഷങ്ങളോളം ഹീറോയുടെ അമരക്കാരനും നിലവിൽ എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോ. ബ്രിജ്മോഹൻ ലാലിന്റെ സംഭവബഹുലമായ ഔദ്യോഗിക ജീവിതത്തിനും തിരശീലയായി.

എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനമൊഴിയാൻ ഡോ. ബ്രിജ്മോഹൻ താൽപര്യം പ്രകടിപ്പിച്ചതോടെയാണ് അധികാരമാറ്റം ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിൽ ചർച്ചയായതെന്നു കമ്പനി വിശദീകരിച്ചു. സ്ഥാനം ഉപേക്ഷിച്ചാലും കമ്പനിയുടെ ചെയർമാൻ എമിരറ്റസ് എന്ന നിലയിൽ മാർഗദർശിയായി തുടരണമെന്നു ബ്രിജ്മോഹൻ ലാലിനോടു ബോർഡ് അഭ്യർഥിച്ചു. ഈ ആവശ്യം അംഗീകരിച്ച ബ്രിജ്മോഹൻ ലാൽ, ബോർഡിൽ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായും തുടരും.

ഹോണ്ടയും ഹീറോയും ചേർന്ന് 1984ൽ ഹീറോ ഹോണ്ട സ്ഥാപിച്ച ഘട്ടത്തിൽ തന്നെ കമ്പനി ചെയർമാനായിരുന്നു ലാൽ. 2001ലാണു മുഞ്ജാൾ കമ്പനിയുടെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായി ചുമതലയേൽക്കുന്നത്; അക്കൊല്ലമാണു ഹീറോ ഹോണ്ട ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായി മാറുന്നതും. തുടർന്നുള്ള 14 വർഷക്കാലം ഈ നേതൃസ്ഥാനം നിലനിർത്തിയെന്നതാണു മുഞ്ജാളിന്റെ സുപ്രധാന നേട്ടമായി വിലയിരുത്തപ്പെടുന്നത്. ഇന്ത്യൻ മോട്ടോർ സൈക്കിൾ വിപണിയിൽ പകുതിയിലേറെ പങ്കാളിത്തമുള്ള ഹീറോ മോട്ടോ കോർപ് 2014 — 15ൽ വിറ്റത് 66.30 ലക്ഷം ഇരുചക്രവാഹനങ്ങളാണ്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വാർഷിക വിൽപ്പനയും ഇതുതന്നെ.

കഴിഞ്ഞ വർഷങ്ങൾക്കിടയിൽ രാജ്യാന്തര തലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനും ഹീറോ മോട്ടോ കോർപ് പ്രത്യേക ശ്രദ്ധ പുലർത്തിയിട്ടുണ്ട്; ഏഷ്യയിലും ആഫ്രിക്കയിലും മധ്യ — ദക്ഷിണ അമേരിക്കയിലുമായി 22 രാജ്യങ്ങളിൽ ഇപ്പോൾ ഹീറോ മോട്ടോ കോർപ് മോഡലുകൾ ലഭ്യമാണ്. പെറു, ഇക്വഡോർ, കൊളംബിയ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, എൽ സാൽവഡോർ, നിക്കരാഗ്വ, കെനിയ, മൊസാംബിക്, താൻസാനിയ, യുഗാണ്ട എന്നിവിടങ്ങളിലൊക്കെ ഹീറോയ്ക്കു സാന്നിധ്യമുണ്ട്. കൂടാതെ ബംഗ്ലദേശിലും കൊളംബിയയിലും കമ്പനി സ്ഥാപിക്കുന്ന നിർമാണശാലകൾ ഇക്കൊല്ലം പ്രവർത്തനക്ഷമമാവുമെന്നാണു പ്രതീക്ഷ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.