Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഞ്ജീവ് സിങ് ഇന്ത്യൻ ഓയിൽ ചെയർമാൻ

indian-oil

വരുമാനം അടിസ്ഥാനമാക്കി രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷ(ഐ ഒ സി)ന്റെ ചെയർമാനായി സഞ്ജീവ് സിങ് തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ഐ ഒ സിയുടെ ഡയറക്ടർ (റിഫൈനറീസ്) ആണ് അദ്ദേഹം. ഐ ഒ സി ചെയർമാൻ സ്ഥാനത്തേക്കു പൊതുമേഖല സെലക്ഷൻ ബോർഡ്(പി ഇ എസ് ബി) സംഘടിപ്പിച്ച അഭിമുഖത്തിനെത്തിയ എട്ടു പേരിൽ നിന്നാണ് സഞ്ജീവ് സിങ്(56)നെ തിരഞ്ഞെടുക്കപ്പെട്ടത്.

ഓയിൽ ഇന്ത്യ ഡയറക്ടർ (എച്ച് ആർ ആൻഡ് ബിസിനസ് ഡവലപ്മെന്റ്) ബിശ്വജിത് റോയിയും ഐ ഒ സിയുടെ നാല് എക്സിക്യൂട്ടീവ് ഡയറക്ടർമാരുമാണ് ഐ ഒ സി ചെയർമാൻ സ്ഥാനത്തേക്കുള്ള അഭിമുഖത്തിൽ പങ്കെടുത്തതെന്നും പി ഇ എസ് ബി അറിയിച്ചു.
ഇപ്പോൾ ഐ ഒ സിയുടെ ചെയർമാനായ ബി അശോകിന്റെ കാലാവധി 2017 മേയിൽ അവസാനിച്ച ശേഷമാവും സഞ്ജീവ് സിങ് പുതിയ തസ്തികയിൽ ചുമതലയേൽക്കുക. 2014 ജൂലൈ ഒന്നിനാണ് അദ്ദേഹം ഐ ഒ സിയിൽ റിഫൈനറീസ് ഡയറക്ടറായത്. പാരദീപ് റിഫൈനറി പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്; തുടർന്ന് അദ്ദേഹം പാനിപത് എണ്ണ ശുദ്ധീകരണശാലയുടെ മേധാവിയുമായി. മൂന്നു വർഷ കാലാവധിയോടെയാണ് അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ, വിപണന കമ്പനിയായ ഐ ഒ സിയുടെ മേധാവിയാവുന്നത്.

റൂർക്കി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(ഐ ഐ ടി)യിൽ നിന്ന് കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ സിങ് 1981 ഡിസംബറിലാണ് ട്രെയ്നി എൻജിനീയറായി ഐ ഒ സിയിൽ ചേർന്നത്. തുടർന്ന് അദ്ദേഹം മഥുര, ബറൗണി, പാണിപത് എണ്ണ ശുദ്ധീകരണ ശാലകളിൽ വിവിധ തസ്തികകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഞ്ജീവ് സിങ്ങിനെ ഐ ഒ സി ചെയർമാനായി നിയമിക്കാനുള്ള പി എസ് ഇ ബിയുടെ ശുപാർശ ഇപ്പോൾ കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. വിജിലൻസിൽ നിന്നുള്ള അനുമതി കൂടി ലഭിക്കുന്നതോടെയാവും ഈ നിയമന ശുപാർശ കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതിയുടെ പരിഗണനയ്ക്കെത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ നിയമന സമിതിയുടെ അധ്യക്ഷൻ.