Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുത്തൻ പങ്കാളിയുമായി പി എസ് എ ഗ്രൂപ് ഇന്ത്യയിലേക്ക്

peugeot-india-plans

ഇന്ത്യയിലേക്കു മടങ്ങാൻ ശ്രമിക്കുന്ന ഫ്രഞ്ച് വാഹന നിർമാതാക്കളായ പി എസ് എ ഗ്രൂപ് പ്രാദേശിക പങ്കാളിയായ സി കെ ബിർല ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പിട്ടു. വാഹന വ്യവസായ മേഖലയിൽ സ്ഥാപിക്കുന്ന രണ്ടു സംയുക്ത സംരംഭങ്ങളിലായി തുടക്കത്തിൽ 700 കോടി രൂപയുടെ മൂലധന നിക്ഷേപം പ്രതീക്ഷിക്കാമെന്ന് പി എസ് എ ഗ്രൂപ് പാരിസ് സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു.ആദ്യ കരാർ പ്രകാരം ഇന്ത്യയിലെ യാത്രാ വാഹന അസംബ്ലിങ്ങിനും വിപണനത്തിനുമായി സി കെ ബിർല ഗ്രൂപ്പിൽപെട്ട ഹിന്ദുസ്ഥാൻ മോട്ടോർ ഫിനാൻസ് കോർപറേഷനു(എച്ച് എം എഫ് സി എൽ)മായി ചേർന്നു സ്ഥാപിക്കുന്ന സംയുക്ത സംരംഭത്തിൽ ഭൂരിപക്ഷ ഓഹരി പി എസ് എ ഗ്രൂപ്പിനാവും.

രണ്ടാമത്തെ കരാറനുസരിച്ചു പവർട്രെയ്ൻ നിർമാണത്തിനും വിതരണത്തിനുമായി എ വി ടെക്കുമായി ചേർന്നു പി എസ് എ ഗ്രൂപ് തുടങ്ങുന്ന രണ്ടാമത്തെ സംയുക്ത സംരംഭത്തിൽ ഇരുപങ്കാളികൾക്കും തുല്യ ഓഹരി പങ്കാളിത്തമാവും. വാഹന നിർമാണത്തിനും എൻജിൻ — ട്രാൻസ്മിഷൻ നിർമാണത്തിനുമായി തുടങ്ങുന്ന ഇരു സംയുക്ത സംരംഭങ്ങളും തമിഴ്നാട്ടിലാവും പ്രവർത്തിക്കുകയെന്നും പി എസ് എ ഗ്രൂപ് വ്യക്തമാക്കി. തുടക്കത്തിൽ ഒരു ലക്ഷം യൂണിറ്റാവും ഇന്ത്യയിലെ വാർഷിക ഉൽപ്പാദന ശേഷിയെന്നും പി എസ് എ ഗ്രൂപ് അറിയിച്ചു. ദീർഘകാലാടിസ്ഥാനത്തിൽ ഉൽപ്പാദനം വർധിപ്പിക്കേണ്ടി വരുമ്പോൾ ആനുപാതികമായി അധിക നിക്ഷേപവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള വാഹന നിർമാതാക്കളെ ലക്ഷ്യമിട്ടാവും പവർട്രെയ്ൻ പ്ലാന്റിന്റെ പ്രവർത്തനമെന്നും പി എസ് എ ഗ്രൂപ് വിശദീകരിക്കുന്നു. വിലകളിൽ മത്സരക്ഷമത കൈവരിക്കാനായി പ്രാദേശികമായി നിർമിച്ച യന്ത്രഘടകങ്ങൾ ഉപയോഗിച്ചാവും പവർ ട്രെയ്ൻ നിർമാണമെന്നും പി എസ് എ ഗ്രൂപ് വ്യക്തമാക്കുന്നു.

ഇന്ത്യയ്ക്കും ലോകത്തിനുമായി ഇന്ത്യയിൽ നിർമിക്കുക എന്ന ആശയം ദശാബ്ദങ്ങളായി പിന്തുടരുന്ന പാരമ്പര്യമാണു ഗ്രൂപ്പിന്റേതെന്നു സി കെ ബിർല ഗ്രൂപ് ചെയർമാൻ സി കെ ബിർല അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ തന്നെ മത്സരക്ഷമമായ വില ലക്ഷ്യമിട്ടു നിർമാണ ശൈലി സ്വീകരിച്ച പാരമ്പര്യവും കമ്പനിക്കുണ്ട്. പി എസ് എ ഗ്രൂപ്പിൽ നിന്നുള്ള അത്യാധുനിക സാങ്കേതികവിദ്യയുടെയും സി കെ ബിർലഗ്രൂപ്പിന്റെ എൻജിനീയറിങ് — നിർമാണ വൈഭവത്തിന്റെയും സംഗമം ഇന്ത്യൻ വാഹന വ്യവസായത്തിന ഗുണകരമാവുമെന്നും അദ്ദേഹം പ്രത്യാശിച്ചു.  

Your Rating: