Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ’ വിപണന ശൃംഖല വിപുലീകരിക്കാൻ പൊളാരിസ്

Polaris Indian Bikes

യു എസിലെ ഓഫ് റോഡ് വാഹന നിർമാതാക്കളായ പൊളാരിസ് ഇൻഡസ്ട്രീസിന്റെ ഉപസ്ഥാപനമായ പൊളാരിസ് ഇന്ത്യ 2016 അവസാനത്തോടെ വിപണന ശൃംഖല ഇരട്ടിയാക്കാൻ തയാറെടുക്കുന്നു. 12 മുതൽ 35 ലക്ഷം രൂപ വരെ വിലമതിക്കുന്ന, ‘ഇന്ത്യൻ’ ശ്രേണിയിൽപെട്ട ആറു മോഡൽ ബൈക്കുകളാണു കമ്പനി നിലവിൽ വിൽപ്പനയ്ക്കെത്തിക്കുന്നത്. അടുത്ത അഞ്ചു വർഷക്കാലത്ത് ഇന്ത്യയിലെ ബൈക്ക് വിൽപ്പനയിൽ 20% വീതം വളർച്ച നേടാനാവുമെന്നും കമ്പനി കണക്കുകൂട്ടുന്നു. വരുംവർഷങ്ങളിൽ മികച്ച വളർച്ചന നിലനിർത്താനാവുമെന്ന് പൊളാരിസ് ഇന്ത്യ മാനേജിങ് ഡയറക്ടർ പങ്കജ് ദൂബെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സൂപ്പർ ബൈക്ക് വിപണിയിലെ വിൽപ്പനയിൽ 20% വളർച്ച രേഖപ്പെടുത്തുമെന്നാണു പ്രതീക്ഷ; പൊളാരിസ് ഇന്ത്യ ഇതിലും മികച്ച നേട്ടം കൈവരിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

12 ലക്ഷം രൂപയിലേറെ വിലയുള്ള ബൈക്കുകൾ ഇടംപിടിക്കുന്ന സൂപ്പർബൈക്ക് വിഭാഗത്തിന്റെ ഇന്ത്യയിലെ വാർഷിക വിൽപ്പന 1,200 — 1,500 യൂണിറ്റാണ്. കഴിഞ്ഞ വർഷമാണ് പൊളാരിസ് ‘ഇന്ത്യൻ’ ശ്രേണിയിൽപെട്ട ബൈക്കുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. കൃത്യമായ വിൽപ്പനക്കണക്കു വെളിപ്പെടുത്തിയില്ലെങ്കിലും പ്രതീക്ഷിച്ചതിലും മികച്ച വിൽപ്പനയാണു കമ്പനി നേടിയതെന്നു ദൂബെ അവകാശപ്പെട്ടു.

കമ്പനിയുടെ ഇന്ത്യയിലെ അഞ്ചാമതു ഡീലർഷിപ് മുംബൈയിൽ തുറന്നു. ക്രമേണ മെട്രോ ഇതര നഗരങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനാണു പൊളാരിസിന്റെ പദ്ധതി. വരുംദിനങ്ങളിൽ അഹമ്മദബാദ് ഡീലർഷിപ് പ്രവർത്തനം ആരംഭിക്കുമെന്നു ദൂബെ അറിയിച്ചു. അടുത്ത വർഷം അവസാനിക്കുംമുമ്പ് ഡീലർഷിപ്പുകളുടെ എണ്ണം 12 ആയി ഉയർത്താനാണു പദ്ധതി. പുണെ, ഗോവ, ചണ്ഡീഗഢ്, കൊൽക്കത്ത നഗരങ്ങൾക്കൊപ്പം കൊച്ചിയിലും ‘ഇന്ത്യൻ’ വിൽപ്പനയ്ക്കായി പൊളാരിസ് ഷോറൂം തുറക്കുന്നുണ്ട്. പോരെങ്കിൽ ആഗോളതലത്തിൽ അവതരിപ്പിക്കുന്ന മോഡലുകൾ തൊട്ടുപിന്നാലെ ഇന്ത്യയിലും വിൽപ്പനയ്ക്കെത്തിക്കാനും പൊളാരിസ് തീരുമാനിച്ചിട്ടുണ്ട്.