Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരിച്ചടികളിലും കുതിപ്പ് കൈവിടാതെ പോർഷെ

porsche-cayenne-s-diesel

വിപണിയിൽ നേരിടുന്ന തിരിച്ചടികളെ അതിജീവിച്ച് ഇന്ത്യയിൽ മുൻവർഷത്തെ വിൽപ്പന നിലനിർത്തുമെന്നു ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ജർമൻ സ്പോർട്സ് കാർ നിർമാതാക്കളായ പോർഷെ. ഇക്കൊല്ലം ദക്ഷിണേന്ത്യയിൽ രണ്ടു പുതിയ ഡീലർഷിപ് തുറക്കുമെന്നും പോർഷെ ഇന്ത്യ ഡയറക്ടർ പവൻ ഷെട്ടി അറിയിച്ചു. പോരെങ്കിൽ ഇക്കൊല്ലം ആകെ അഞ്ചു പുതിയ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കാനും പോർഷെ തീരുമാനിച്ചിട്ടുണ്ട്. ജനുവരിയിൽ നാലു ഡോർ സെഡാനായ ‘പാനമീറ’യുടെ പുതിയ പതിപ്പ് പോർഷെ ഇന്ത്യയിലെത്തിച്ചിരുന്നു; തുടർന്ന് കഴിഞ്ഞ മാസം പുതിയ ‘911’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. ഒക്ടോബർ — ഡിസംബർ ത്രൈമാസത്തിനിടെ ‘718 ബോക്സ്റ്റർ’, ‘718 കേമാൻ’ എന്നിവയ്ക്കൊപ്പം ‘മക്കാന്റെ’ പുതിയ വകഭേദവും പോർഷെ ഇന്ത്യയിൽ അവതരിപ്പിക്കും. പോർഷെ പോലുള്ള കമ്പനികൾ ഒറ്റ വർഷത്തിനിടെ ഇത്രയേറെ മോഡലുകൾ പുറത്തിറക്കുന്നതു തന്നെ അപൂർവതയാണെന്നു ഷെട്ടി അവകാശപ്പെടുന്നു.

സ്പോർട്സ് യൂട്ടിലിറ്റി വാഹനമായ ‘കായീൻ’ വിൽക്കുന്നുണ്ടെങ്കിലും പോർഷെ ‘918 സ്പൈഡർ’ ഈ വിപണിയിൽ അവതരിപ്പിച്ചിട്ടില്ല. എല്ലാ മോഡലുകളും പോർഷെ ഇറക്കുമതി വഴിയാണ് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കുന്നത്. പോരെങ്കിൽ ഇന്ത്യയിൽ കമ്പനി നേടുന്ന വിൽപ്പനയിൽ 75 ശതമാനത്തോളം ‘മക്കാൻ’, ‘കായീൻ’ എന്നീ എസ് യു വികളിൽ നിന്നാണ്. ഇക്കൊല്ലം ചെന്നൈയിലും ഹൈദരബാദിലും പോർഷെ സെന്റർ തുറക്കാനാണു കമ്പനിയുടെ തീരുമാനം. ഷോറൂമുകളുടെ എണ്ണം എട്ടായി ഉയരുന്നതോടെ ഇന്ത്യയിലെ ആഡംബര കാർ വിപണിയുടെ 90% പ്രദേശത്തും കമ്പനിക്കു സാന്നിധ്യമാവുമെന്ന് പോർഷെ വിശദീകരിക്കുന്നു. അതേസമയം ജയ്പൂരും ഭുവനേശ്വറും പോലുള്ള നഗരങ്ങളിലും പോർഷെയ്ക്ക് ആവശ്യക്കാരുണ്ടെന്നതാണു ഷെട്ടി നേരിടുന്ന മറ്റൊരു വെല്ലുവിളി.

നിരത്തിലും റേസ് ട്രാക്കിലും ഒരേ പോലെ മികവുകാട്ടാൻ കഴിവുള്ള കാറുകൾ നിർമിക്കുന്നതിലാണു പോർഷെയുടെ മികവ്. വിശ്വാസ്യതയിലും ദീർഘായുസ്സിലും ബഹുദൂരം മുന്നിലുള്ള മോഡലുകളുടെ നിർമാണത്തിലൂടെ ആഡംബര സ്പോർട്സ് കാർ വിപണിയിൽ സവിശേഷമായ ഇരിപ്പിടവും കമ്പനിക്കു സ്വന്തമാണ്. ആറര പതിറ്റാണ്ട് നീണ്ട പ്രവർത്തനത്തിനിടെ പോർഷെ നിർമിച്ചുവിറ്റ കാറുകളിൽ മൂന്നിൽ രണ്ടും ഇപ്പോഴും നിരത്തിലുണ്ടെന്നതാണു മറ്റൊരു സവിശേഷത. ഇന്ത്യയിൽ പോർഷെ വിൽപ്പനയ്ക്കായി 2012ലാണു കമ്പനി ഓഫിസ് തുറന്നത്; തുടർന്നുള്ള നാലു വർഷത്തിനിടെ നികുതി നിരക്കുകൾ രണ്ടു തവണ വർധിച്ചു. അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി തന്നെ 60 ശതമാനത്തിൽ നിന്ന് 100% ആയി ഉയർന്നു. ശരാശരി 1.2 കോടി രൂപ മുടക്കേണ്ടി വരുന്നതിനാൽ പോർഷെ കാറുകൾക്കു വിലയേറെയാണെന്ന് ഷെട്ടിയും അംഗീകരിക്കുന്നു. ഇതിനു പുറമെയാണു ഡ്യൂട്ടി നിരക്കിലെ വർധന സൃഷ്ടിക്കുന്ന വെല്ലുവിളി. സാഹചര്യം പ്രതികൂലമായിട്ടും ഇന്ത്യയിൽ പോർഷെ മികച്ച പ്രകടനമാണു കാഴ്ചവയ്ക്കുന്നതെന്നു ഷെട്ടി വ്യക്തമാക്കുന്നു.
 

Your Rating: