Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

20,000 യൂണിറ്റ് വിൽപ്പന തേടി പോർഷെയുടെ ‘മിഷൻ ഇ’

porsche-mission_e_concept Porsche Mission E Concept

വൈദ്യുത കാർ വിഭാഗത്തിൽ ഭാഗ്യപരീക്ഷണത്തിനു ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ജർമൻ ആഡംബര സ്പോർട്സ് കാർ നിർമാതാക്കളായ പോർഷെയും എത്തുന്നു. പൂർണമായും വൈദ്യുതിയിൽ ഓടുന്ന കാറായ ‘മിഷൻ ഇ’യിലൂടെ പ്രതിവർഷം 20,000 യൂണിറ്റ് വിൽപ്പനയാണു കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. ഫോക്സ്വാഗന് ഏറ്റവുമധികം അറ്റാദായം നേടിക്കൊടുക്കുന്ന ഗ്രൂപ് കമ്പനികളിൽ രണ്ടാം സ്ഥാനത്താണു പോർഷെ.

കമ്പനിയുടെ വൈദ്യുത കാർ മേഖലയിലേക്കുള്ള അരങ്ങേറ്റം കൂടിയാണു ‘മിഷൻ ഇ’. നിലവിൽ യു എസ് നിർമാതാക്കളായ ടെസ്ല മോട്ടോഴ്സ് അരങ്ങുവാഴുന്ന വൈദ്യുത കാർ വിപണിയിലേക്കു പ്രവേശിക്കുമ്പോൾ ‘മിഷൻ ഇ’ വികസന, നിർമാണ, വിപണന മേഖലകളിലായി 1,400 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണു പോർഷെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഒലിവർ ബ്ലൂമിന്റെ പ്രതീക്ഷ. ‘മിഷൻ ഇ’യെ 2019ൽ വിപണിയിലെത്തിക്കാനാണു പോർഷെയുടെ പദ്ധതി.

വൈദ്യുത കാർ വിഭാഗത്തിൽ നിലവിലുള്ള വിപണന സാധ്യത പരിഗണിക്കുമ്പോൾ ‘മിഷൻ ഇ’യിലൂടെ പ്രതിവർഷം 20,000 യൂണിറ്റ് വിൽപ്പന നേടുക പ്രയാസമാവില്ലെന്നാണു ബ്ലൂമിന്റെ പ്രതീക്ഷ. പ്രതിവർഷം 10,000 യൂണിറ്റിന്റെയെങ്കിലും വിൽപ്പന കൈവരിക്കാതെ വൈദ്യുത കാർ വികസനം ആദായകരമാവില്ലെന്നു പോർഷെ നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. എന്നാൽ ‘മിഷൻ ഇ’ക്ക് വ്യക്തമായ വിൽപ്പന ലക്ഷ്യമൊന്നും കമ്പനി ഇതുവരെ നിശ്ചയിച്ചിരുന്നില്ല. അതേസമയം വൈദ്യുത കാർ നിർമാണ മേഖലയിൽ വൈദഗ്ധ്യമുള്ള ടെസ്ല മോട്ടോഴ്സ് 2015ൽ നേടിയത് 50,580 യൂണിറ്റുകളുടെ വിൽപ്പനയാണ്.