Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രോ കബഡി: യു മുംബയ്ക്കു കൂട്ടായി ടാറ്റ ‘സീനോൺ’

tata-xenon-u-mumba

പ്രഫഷനൽ കബഡി ചാംപ്യൻഷിപ്പായ പ്രോ കബഡിയിൽ മത്സരിക്കുന്ന യു — മുംബ ടീമിന്റെ ഗതാഗത പങ്കാളിയായി ടാറ്റ മോട്ടോഴ്സ് രംഗത്ത്. ചാംപ്യൻഷിപ്പിന്റെ നാലാം സീസണിൽ കമ്പനിയുടെ സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘ടാറ്റ സീനോൺ’ ആവും യു മുംബ ടീമിന്റെ ഔദ്യോഗിക വാഹനം. പ്രഫഷനൽ കബഡി ലീഗുമായുള്ള ബന്ധത്തിലൂടെ ഗ്രാമീണ മേഖലകളിലെ പ്രകടനം മെച്ചപ്പെടുത്താനാവുമെന്ന പ്രതീക്ഷയിലാണു ടാറ്റ മോട്ടോഴ്സ്.

പ്രോ കബഡി ലീഗിൽ യു മുംബ ടീമിന്റെ പങ്കാളിയാവുന്നതിൽ ആഹ്ലാദമുണ്ടെന്നു ടാറ്റ മോട്ടോഴ്സ് കൊമേഴ്സ്യൽ വെഹിക്കിൾ ബിസിനസിന്റെ ബിസിനസ് മേധാവി(എസ് സി വി, എൽ സി വി, പിക് അപ്ക്സ്) അനുരാഗ് ദൂബെ അഭിപ്രായപ്പെട്ടു. ‘ടാറ്റ സീനോണി’നെ പോലെ കരുത്തിനും ക്ഷമതയ്ക്കും പ്രാധാന്യമുള്ള കായിക വിനോദമാണു കബഡി. രാജ്യത്തിന്റെ ഗ്രാമീണ മേഖലയിൽ ഏറെ ജനപ്രീതിയുള്ള കബഡിയുമായുള്ള സഹകരണം ‘സീനോണി’ന് ഏറെ ഗുണകരമാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ദൃഢതയ്ക്കും സ്ഥിരതയാർന്ന പ്രകടനത്തിനുമൊപ്പം പ്രതിബന്ധങ്ങളെ അതിജീവിച്ചു വിജയത്തിലേക്കു മുന്നേറാനുള്ള കഴിവും യു മുംബയ്ക്കും ‘സീനോണി’നുമുള്ള സമാനതകളാണെന്നും ദൂബെ അഭിപ്രായപ്പെട്ടു.

ഗ്രാമങ്ങൾക്കൊപ്പം നഗര, അർധ നഗരമേഖലകളിലും കബഡിക്കുള്ള ജനപ്രീതിയാണു പ്രോ കബഡിക്കു വഴി തുറന്നത്. ടെലിവിഷൻ പ്രേക്ഷകരുടെ എണ്ണം അടിസ്ഥാനമാക്കിയാലും ഇന്ത്യയിൽ രണ്ടാം സ്ഥാനത്താണു പ്രോ കബഡി. പോരെങ്കിൽ ഓരോ സീസണിലും പ്രോ കബഡിക്കുള്ള പ്രേക്ഷകരുടെ എണ്ണവും വർധിക്കുന്നുണ്ട്. കഴിഞ്ഞ സീസണുകളിൽ പ്രകടനം മെച്ചപ്പെടുത്തി മുന്നേറിയ ചരിത്രമാണു യു മുംബ ടീമിന്റേത്. പുണെയിലെ ശ്രീ ശിവ് ഛത്രപതി സ്പോർട്സ് കോംപ്ലക്സിൽ ഈ 25ന് ജയ്പൂർ പിങ്ക് പാന്തേഴ്സിനെതിരെയാണു ടീമിന്റെ ആദ്യ മത്സരം.