Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്രത്തിലും ഗതാഗതത്തിനു പ്രത്യേക വകുപ്പ് വരുന്നു

Nitin Gadkari

വാഹനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സുഗമമായ കൈകാര്യം ചെയ്യാൻ പ്രത്യേക ഗതാഗത വകുപ്പ് രൂപീകരിക്കാൻ ആലോചിക്കുന്നതായി കേന്ദ്ര റോഡ് ഗതാഗത, ദേശീയ പാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. സാങ്കേതികവിദ്യ, ഇന്ധനം, പരിസ്ഥിതി മലിനീകരണം തുടങ്ങിയ വിഷയങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാനാണു റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വിഭജിച്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക ഗതാഗത വകുപ്പിനു രൂപം നൽകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഇതു സംബന്ധിച്ച ശുപാർശ വൈകാതെ കേന്ദ്ര മന്ത്രിസഭയുടെയും പ്രധാന മന്ത്രിയുടെയും അംഗീകാരത്തിനു സമർപ്പിക്കുമെന്നും ഗഡ്കരി വ്യക്തമാക്കി.

ഇന്ധന സാങ്കേതികവിദ്യ മുതൽ ബോഡി നിർമാണ മാനദണ്ഡങ്ങൾ വരെ മോട്ടോർ വാഹനങ്ങളുമായി ബന്ധപ്പെട്ടു നിലവിലുള്ള വിഷയങ്ങളും പ്രശ്നങ്ങളും ധാരാളമാണ്. ഈ മേഖലയുടെ വികസനം ത്വരിതപ്പെടുത്താൻ വ്യക്തമായ പദ്ധതി ആവിഷ്കരിക്കേണ്ടത് അത്യാവശ്യമാണ്. അഴിമതി തടയാനും മന്ത്രാലയത്തിന്റെ പ്രവർത്തനം സുതാര്യമാക്കാനും ലക്ഷ്യങ്ങൾ സമയ ബന്ധിതമായി കൈവരിക്കാനുമെല്ലാം പുതിയ വകുപ്പ് രൂപീകരണം സഹായിക്കുമെന്നു ഗഡ്കരി പ്രതീക്ഷ പ്രകടിപ്പിച്ചു. ഇരുചക്ര, ത്രി ചക്ര, വാണിജ്യ, യാത്രാ വാഹന വിഭാഗങ്ങളിലായി മൊത്തം 23,366,246 യൂണിറ്റായിരുന്നു 2014 — 2015 കാലത്തെ മൊത്തം ഉൽപ്പാദനമെന്നാണു രാജ്യത്തെ വാഹന നിർമാതാക്കളുടെ സൊസൈറ്റി ആയ ‘സയാ’മിന്റെ കണക്ക്. 2013 — 14 കാലത്ത് നിർമിച്ച 21,500,165 യൂണിറ്റിനെ അപേക്ഷിച്ച് 8.68% അധികമാണിത്.

പുതിയ വകുപ്പ് സ്ഥാപിതമാവുന്നതോടെ ഈ മേഖലയുടെ വളർച്ച വേഗത്തിലാവുമെന്ന് ഗഡ്കരി അവകാശപ്പെട്ടു. ഒപ്പം വാഹന മലിനീകരണ നിയന്ത്രണം സംബന്ധിച്ച മാർഗരേഖകൾ പാലിക്കപ്പെടുന്നെന്ന് ഉറപ്പാക്കാനുമാവും. വാഹന ഇന്ധന നയത്തിലെ ആദ്യ ശുപാർശ പ്രകാരം 2017ൽ രാജ്യവ്യാപകമായി ഭാരത് സ്റ്റേജ് നാല്(ബി എസ് നാല്) നിലവാരം കൈവരിക്കേണ്ടതുണ്ട്. 2020ൽ ഭാരത് സ്റ്റേജ് അഞ്ചും 2024ൽ ഭാരത് സ്റ്റേജ് ആറും കൈവരിക്കണമെന്നാണു നയരേഖ.

മലിനീകരണം നിയന്ത്രിക്കാനും ഗതാഗതം സുഗമമാക്കാനും ലക്ഷ്യമിട്ട് പഴയ വാഹനങ്ങൾ പിൻവലിക്കുന്നവർക്ക് ഒന്നര ലക്ഷം രൂപ വരെ ആനുകൂല്യം നൽകാൻ സർക്കാർ ആലോചിക്കുന്ന വേളയിലാണു ഗതാഗതത്തിനു പ്രത്യേക വകുപ്പെന്ന ആശയം ഉയരുന്നത് എന്നതും ശ്രദ്ധേയമാണ്. പഴയ വാഹനങ്ങൾക്കുള്ള ആനുകൂല്യ വിതരണത്തിനുള്ള പദ്ധതി കേന്ദ്ര ധന മന്ത്രാലയത്തിന്റെ പരിഗണനയ്ക്കു വിടാനിരിക്കുകയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.