Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലേഷ്യൻ പ്രോട്ടോണിനെ നോട്ടമിട്ട് പി എസ് എ

psa-group

പ്രതിസന്ധി നേരിടുന്ന മലേഷ്യൻ കമ്പനിയായ ഗ്രൂപ് പ്രോട്ടോണിനെ സഹായിക്കാൻ ഫ്രഞ്ച് കാർ നിർമാതാക്കളായ പി എസ് എ പ്യുഷൊ സിട്രോൺ രംഗത്ത്. ഗ്രൂപ് പ്രോട്ടോണിൽ സാങ്കേതിക പങ്കാളിയാവാൻ തയാറായണെന്നാണു പ്യുഷൊയുടെ നിലപാട്. പ്രതിസന്ധിയിൽ നിന്നു കരകയറാൻ വിദേശത്തുനിന്നുള്ള കമ്പനിയുമായി തന്ത്രപരമായ സഖ്യമാണു പ്രോട്ടോൺ ലക്ഷ്യമിടുന്നത്. പ്രോട്ടോണിന്റെ ഈ നിർദേശത്തോടു യോജിച്ച വാഗ്ദാനമാണു കമ്പനി മുന്നോട്ടു വച്ചിരിക്കുന്നതെന്നു പി എസ് എ പ്യുഷൊ സിട്രോൻ ഗ്രുപ് വ്യക്തമാക്കുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ഈ നിർദേശത്തോടുള്ള നിലപാട് പ്രോട്ടോൺ വ്യക്തമാക്കുമെന്നാണു പി എസ് എ പ്യുഷൊയുടെ പ്രതീക്ഷ.

അതേസമയം പ്രോട്ടോണിൽ നടത്താൻ ഉദ്ദേശിക്കുന്ന നിക്ഷേപം സംബന്ധിച്ചു പി എസ് എ പ്യുഷൊ സിട്രോൻ സൂചനയൊന്നും നൽകിയിട്ടില്ല. സ്വീഡിഷ് ആഡംബര കാർ ബ്രാൻഡായ വോൾവോയുടെ ചൈനീസ് ഉടമസ്ഥരായ ഗീലിയും ഗ്രൂപ് പ്രോട്ടോണിൽ തന്ത്രപ്രധാന പങ്കാളിത്തം സ്വന്തമാക്കാൻ മോഹിച്ച് രംഗത്തുണ്ട്. അതേസമയം പ്രോട്ടോണിലെ പങ്കാളിത്തത്തോടു പ്രതികരിക്കാൻ ഗീലി തയാറായിട്ടില്ല.

ദേശീയ വ്യവസായവൽക്കരണ പദ്ധതിയുടെ ഭാഗമായി 1983ൽ അന്നത്തെ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദാണ് പ്രോട്ടോൺ സ്ഥാപിച്ചത്. എന്നാൽ ഗുണനിലവാരം കുറഞ്ഞതും കാഴ്ചപ്പകിട്ടില്ലാത്തതുമായ കാറുകൾ പുറത്തിറക്കി കമ്പനി പ്രതിസന്ധിയിലേക്കു നീങ്ങുകയായിരുന്നു. ബ്രിട്ടീഷ് കാർ നിർമാതാക്കളായ ലോട്ടസ് അടക്കമുള്ള ബ്രാൻഡുകളുടെ ഉടമകളായ ഡി ആർ ബി — ഹിറ്റകോമിന്റെ പക്കലാണു പ്രോട്ടോൺ ഇപ്പോൾ. ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണു പി എസ് എ പ്യുഷൊ പ്രോട്ടോണിനെയും നോട്ടമിട്ടിരിക്കുന്നത്. യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സിന്റെ യൂറോപ്യൻ ബ്രാൻഡുകളായ ഒപെലിനെയും വോക്സോളിനെയും ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചും പി എസ് എ പ്യുഷൊ രംഗത്തുണ്ട്.

Your Rating: